സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നവരാണോ നിങ്ങള്‍ ! എങ്കില്‍ ഉടന്‍ തന്നെ ഒരു കണ്ണു ഡോക്ടറെ കണ്ടുകൊള്ളൂ;ജങ്ക് ഫുഡ് കഴിക്കുന്നവരുടെ കാഴ്ച തകരാറിലാകുമെന്ന് പുതിയ പഠനം…

ഇന്നത്തെ തലമുറ ജങ്ക്ഫുഡിന്റെ അടിമകളാണെന്ന് പറയാറുണ്ട്. ജങ്ക്ഫുഡ് സ്ഥിരമായി കഴിച്ചാല്‍ പൊണ്ണത്തടിയുണ്ടാവുമെന്ന് ഏവര്‍ക്കുമറിയാമെങ്കിലും കാഴ്ചശക്തിയെ ബാധിക്കുമെന്ന് എത്ര പേര്‍ക്കറിയാം. ജങ്ക്ഫുഡ് നിങ്ങളുടെ കാഴ്ചശക്തി തകരാറിലാക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
അനാരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവര്‍ക്ക് വാര്‍ധക്യത്തില്‍ കാഴ്ചത്തകരാറുകള്‍ മറ്റുള്ളവരേക്കാള്‍ കൂടുതലായിരിക്കുമത്രേ. ബ്രിട്ടിഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയിലാണ് കാഴ്ചശക്തിയും ആഹാരവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏയ്ജ് റിലേറ്റഡ് മസ്‌കുലാര്‍ ഡിജനറേഷന്‍ (എഎംഡി) എന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിളിക്കുന്നത്. കാഴ്ചയ്ക്കു മങ്ങലുണ്ടാകുംവിധം റെറ്റിനയെ ആണ് ഈ അവസ്ഥ ബാധിക്കുന്നത്. അമേരിക്കയില്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ള 1.8 ദശലക്ഷം പേര്‍ ഇത്തരത്തിലുള്ള കാഴ്ചത്തകരാറിന്റെ ഇരകളാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ഒരു വസ്തുവില്‍ കാഴ്ച കേന്ദ്രീകരിക്കാന്‍ കഴിയാതെ പോകുക, ഒരു വസ്തുവിനെ രണ്ടായി കണ്ണുക, വെളിച്ചത്തിലും വായിക്കാന്‍ പ്രയാസം അനുഭവിക്കുക തുടങ്ങി പലവിധത്തിലാകാം ഈ രോഗാവസ്ഥ നിങ്ങളെ വാര്‍ധക്യത്തില്‍ പിടികൂടുന്നത്. 65നു മുകളില്‍ പ്രായമെത്തുമ്പോള്‍ കാഴ്ചശക്തി പൂര്‍ണമായും നഷ്ടമായേക്കും.

ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൃത്രിമ പദാര്‍ഥങ്ങളും അവയുടെ അനാരോഗ്യകരമായ പാചകരീതിയുമാണ് പലപ്പോഴും പില്‍ക്കാലത്ത് വില്ലനായി മാറുന്നത്. പതിവായി ഇത്തരം ഭക്ഷണം കഴിക്കുന്ന ചെറുപ്പക്കാരോട് ജാഗ്രത വേണമെന്ന് നേത്രരോഗവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ചെറിയ പ്രായത്തില്‍ തന്നെ കണ്ണട ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്നത് ആശങ്കാജനകമാണെന്നും അമിതമായ ടിവി, കംപ്യൂട്ടര്‍ ഉപയോഗം മാത്രമല്ല കുട്ടികളുടെ ഭക്ഷണരീതിയും ഇതിനെ ത്വരിതപ്പെടുത്തുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

Related posts