മുംബൈ: റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി (എംപിസി) ഇന്നലെ യോഗം തുടങ്ങി. നാളെ ഉച്ചകഴിഞ്ഞ് 2.30നു മൂന്നാമത്തെ ദ്വൈമാസ പണനയ അവലോകനം പുറത്തിറക്കും. അടിസ്ഥാന പലിശനിരക്ക് (റീപോ നിരക്ക്) 0.25 ശതമാനം വർധിപ്പിക്കുന്നതാകും പ്രഖ്യാപനം എന്നാണു പൊതുധാരണ.
ജൂണിൽ റീപോ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചിരുന്നു. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യത്തെ നിരക്കുവർധനയായിരുന്നു അത്. നാളെയും കാൽ ശതമാനം വർധിപ്പിച്ചാൽ 6.5 ശതമാനമാകും റീപോ നിരക്ക് (വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നല്കുന്ന ഏകദിന വായ്പയുടെ പലിശനിരക്കാണിത്).
നിരക്കുവർധന ഉണ്ടാകുമെന്നു കണക്കാക്കുന്നവരുടെ യുക്തി ഇതാണ്. ഇപ്പോൾ കൂട്ടിയില്ലെങ്കിൽ പിന്നെ ഈ വർഷം വർധന പ്രയാസമാകും. ഇപ്പോൾ ജിഡിപി വളർച്ചയും മറ്റും ആശ്വാസകരമായ നിലയിലാണ്. വളർച്ചാത്തോതു കുറയുന്നതായ സൂചന ലഭിച്ചാൽ പിന്നെ നിരക്കുവർധന പ്രയാസമാകും.
നിരക്കുവർധന അടുത്ത യോഗത്തിലേ ഉണ്ടാകൂ എന്നു കരുതുന്നവരുണ്ട്. അവർ പറയുന്നതു വളർച്ചയുടെ വേഗം കുറയ്ക്കുന്ന നടപടി ഇപ്പോൾ ഉണ്ടാകില്ലെന്നാണ്.പണനയ കമ്മിറ്റിക്കു വിലക്കയറ്റവും പണപ്പെരുപ്പവും സംബന്ധിച്ചുള്ള വിലയിരുത്തൽപോലെ ഇരിക്കും നിരക്കുസംബന്ധിച്ച തീരുമാനം.
ജൂണിൽ മൊത്തവില സൂചിക 5.77 ശതമാനം വർധിച്ചു. ചില്ലറവിലസൂചിക (സിപിഐ) അഞ്ചു ശതമാനമാണു വർധിച്ചത്. ഭക്ഷ്യ-ഇന്ധന വിലക്കയറ്റം ഒഴിവാക്കിയുള്ള അടിസ്ഥാന വിലക്കയറ്റം 6.5 ശതമാനത്തിനു മുകളിലായിട്ടുണ്ട്. ധനകാര്യവിദഗ്ധർ പറയുന്നത് ജൂലൈയിൽ ചില്ലറവിലക്കയറ്റം അല്പം താണാലും തുടർന്നുള്ള മാസങ്ങളിൽ വർധിച്ച് ആറുശതമാനത്തിലേക്ക് എത്തുമെന്നാണ്. അടുത്ത വർഷവും രണ്ടു തവണ കാൽ ശതമാനം വീതം റീപോ നിരക്കു വർധിപ്പിക്കും എന്നാണു ഗോൾഡ്മാൻ സാക്സിലെ നൂപുർ ഗുപ്ത പ്രവചിക്കുന്നത്.
സർക്കാർ കടപ്പത്രങ്ങളുടെ ആദായനിരക്ക് ഈയിടെ എട്ടു ശതമാനത്തിനു മുകളിൽ കയറിയിരുന്നു. നിരക്കുവർധനയുടെ വേഗം കൂട്ടുമെന്ന സൂചന ലഭിച്ചാൽ കടപ്പത്രങ്ങളുടെ ആദായം വീണ്ടും കൂടും.റീപോ നിരക്കു വർധിപ്പിക്കുന്നതു രൂപയ്ക്കു സഹായകമാണ്. രൂപയുടെ വിനിമയനിരക്ക് ജനുവരിക്കു ശേഷം ഏഴു ശതമാനം താഴോട്ടുപോയിരുന്നു. പലിശ കൂടുന്പോൾ രൂപയ്ക്കു നേട്ടമുണ്ടാകും.