എരുമേലി : വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ആൾക്ക് മറുപടി നൽകാതിരുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. മുമ്പ് എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന, ഇപ്പോൾ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് പിഴ ചുമത്തി മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഉത്തരവിട്ടത്.
പി.പി. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി.എച്ച്. റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതെവന്നതോടെയാണ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
തുടർന്ന് വിവരാവകാശ കമ്മീഷൻ ഹിയറിംഗ് നടത്തിയ ശേഷമാണ് കുറ്റക്കാരനെന്നു കണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തിയത്. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നതെന്ന് പി.പി. മണിയപ്പൻ നൽകിയ വിശദീകരണം സ്ഥലം മാറ്റം ലഭിക്കുന്നതു വരെയുള്ള സമയത്ത് മറുപടി നൽകാൻ അവസരമുണ്ടായിരുന്നുവെന്ന് അറിയിച്ച് കമ്മീഷൻ തള്ളി.
ഹിയറിംഗിൽ നിലവിലുള്ള എരുമേലി പഞ്ചായത്ത് സെക്രട്ടറി ബി. മഞ്ജുവിനോട് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. മണിയപ്പനു ശേഷം ചുമതലയേറ്റപ്പോൾ അവധിയിൽ ആയിരുന്നതിനാലാണ് മറുപടി നൽകാൻ കഴിയാഞ്ഞതെന്ന സെക്രട്ടറി ബി. മഞ്ജുവിന്റെ വിശദീകരണം കമ്മീഷൻ സ്വീകരിച്ചു.
എരുമേലി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് ഷാഫി, പി.പി. മണിയപ്പൻ എന്നിവർ ഹിയറിംഗിൽ ഹാജരായിരുന്നു. അപേക്ഷകന് മറുപടി നൽകാനും 30 ദിവസങ്ങൾക്കകം പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽനിന്ന് ഈടാക്കണമെന്നും അല്ലാത്ത പക്ഷം സ്ഥാവരജംഗമ വസ്തുക്കളിൽനിന്ന് ജപ്തി നടത്തി തുക ഈടാക്കണമെന്നുമാണ് ഉത്തരവ്.
