ചെങ്ങന്നൂർ: കാരയ്ക്കാട്ട് ആളില്ലാത്ത വീട് തകർത്ത് വൻ കവർച്ച. കാരയ്ക്കാട് മലയുടെ വടക്കേതിൽ മഞ്ചേഷ് മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. 30 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ മോഷ്ടാക്കൾ വരുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
ശനിയാഴ്ച വൈകിട്ട് ആറിനും ഇന്നലെ രാവിലെ പത്തിനും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നത്. മഞ്ചേഷ് മോഹനന്റെ അമ്മ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ വീട്ടുകാർ എല്ലാവരും ആശുപത്രിയിലായിരുന്നു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് ഉള്ളിൽ പ്രവേശിച്ചത്.
പൂജാമുറിയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാര കുത്തിപ്പൊളിച്ചാണ് സ്വർണാഭരണങ്ങൾ കൈക്കലാക്കിയത്. കിടപ്പുമുറികളിലെയും മറ്റ് മുറികളിലെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്.
തെളിവു നശിപ്പിക്കുന്നതിനായി സിസിടിവി കാമറകളുടെ കണക്ഷൻ വിച്ഛേദിക്കുകയും ഡിവിആർ തകർത്ത് അതിനുള്ളിലെ ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോവുകയും ചെയ്തു. ഇന്നലെ രാവിലെ 10.30നു വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്തുകയറി പരിശോധിച്ചപ്പോഴാണ് കവർച്ചാവിവരം പുറത്തറിയുന്നത്.
ഉടൻതന്നെ ചെങ്ങന്നൂർ പോലീസിൽ വിവരമറിയിച്ചു.സംഭവസ്ഥലത്തെത്തിയ പോലീസ് വിശദമായ പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ മറ്റ് സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
