ദുരന്ത മേഖലയില്‍ താരമായി റോക്കി! ഒരു കുടുംബത്തെ മുഴുവന്‍ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷിച്ചത് വളര്‍ത്തു നായ; ഇടുക്കി കഞ്ഞിക്കുഴിയില്‍ നായയുടെ ഇടപെടല്‍ കുടുംബത്തിന് സഹായമായതിങ്ങനെ

അടുത്ത കാലത്തൊന്നും കേട്ടു കേള്‍വി ഇല്ലാത്ത രീതിയിലുള്ള, സമാനതകളില്ലാത്ത വെള്ളപ്പൊക്കത്തെയും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളെയുമാണ് സംസ്ഥാനം ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കനത്ത മഴ കാരണം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. 37 പേര്‍ക്ക് ജീവന്‍ നഷ്ടമായ പ്രളയത്തില്‍ നിന്നും ഒരു കുടുംബത്തിന് മുഴുവന്‍ രക്ഷകനായി മാറി താരമായിരിക്കുകയാണ് ആ വീട്ടിലെ വളര്‍ത്തു നായ.

ഇടുക്കി കഞ്ഞിക്കുഴി പി മോഹനനും കുടുംബത്തിനുമാണ് അവരുടെ വളര്‍ത്തുനായ, റോക്കി രക്ഷകനായി മാറിയത്. മോഹനന്റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ശക്തമായ മണ്ണിടിച്ചിലാണ് അനുഭവപ്പെട്ടത്. എന്നാല്‍ റോക്കിയുടെ ജാഗ്രതയിലൂടെ മോഹനനും കുടുംബവും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അതിരാവിലെ മൂന്നിന് റോക്കി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് മോഹന്‍ ഉണര്‍ന്നത്. പക്ഷേ പലപ്പോഴും അതിരാവിലെ നായ കുരയ്ക്കുന്നതിനാല്‍ മോഹനന്‍ ഇത് ആദ്യം അവഗണിച്ചു. പക്ഷേ നായ നിര്‍ത്താതെ കുരയ്ക്കുകയും ഓരിയിടാന്‍ തുടങ്ങുകയും ചെയ്തതോടെ എന്തോ പ്രശ്നമുണ്ടെന്ന് മോഹനന് തോന്നി.

ഇതോടെ മോഹനനും കുടുംബവും പുറത്തിറങ്ങി റോക്കിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കി. വീടിന് മുകളിലേക്ക് ഈ സമയത്ത് മണ്ണിടിഞ്ഞ് വീണത് കണ്ടപ്പോഴാണ് തങ്ങളെ രക്ഷിക്കാനാണ് റോക്കി ഇത്രയും നേരം കുരച്ചതെന്ന് മോഹനനും കുടുംബവും തിരിച്ചറിഞ്ഞത്. ദുരിതാശ്വാസ ക്യാമ്പിലാണ് മോഹനനും കുടുംബവും നിലവില്‍. യജമാന സ്നേഹത്തിലൂടെ ഒരു കുടുംബത്തെ മുഴുവന്‍ അപകടത്തില്‍ നിന്ന് രക്ഷിച്ച റോക്കി ഇപ്പോള്‍ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.

Related posts