ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്! അഡാര്‍ ലവ് താരങ്ങള്‍ തമ്മിലുള്ള പിണക്കം സംഭവിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് നടി റോഷ്‌ന

അടുത്തിടെ നീണ്ട കാലത്തേയ്ക്ക് വിവാദങ്ങളുടെ പിടിയില്‍ പെട്ട സിനിമയാണ് അഡാര്‍ ലവ്. പുതുമുഖങ്ങളാണ് സിനിമയില്‍ അണിനിരന്നതെങ്കിലും അഭിനേതാക്കളില്‍ പലരും വാര്‍ത്തകളില്‍ ഇടംപിടിച്ചു. ധാരാളം ട്രോളുകളും ചിത്രത്തിനും താരങ്ങള്‍ക്കും സംവിധായകനും എതിരെ ട്രോളുകളും ഉയര്‍ന്നു.

അവസാനം ചര്‍ച്ചയായത്, ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നൂറിന്‍ ഷെരീഫും പ്രിയ വാര്യരും റോഷനും തമ്മിലുള്ള പിണക്കമാണ്. അതേക്കുറിച്ച് ഓരോരുത്തരും അവരവരുടെ ഭാഗങ്ങള്‍ വിശദമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രസ്തുത വിഷയത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തിയ റോഷ്‌ന രംഗത്തെത്തിയിരിക്കുന്നു. റോഷ്‌നയുടെ വാക്കുകളിങ്ങനെ…

ചിത്രത്തിലെ വിവാദങ്ങള്‍ തുടങ്ങുന്നത് മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതോടെയാണ്. ആ ഒരൊറ്റ ഗാനത്തിലൂടെ പ്രിയാ വാര്യര്‍ എന്ന നടി വലിയ പ്രശസ്തിയിലെത്തി. അതോടെ സ്വാഭാവികമായും നിര്‍മാതാവിന്റെ മനസ്സു മാറുകയായിരുന്നു. ആരാണോ സിനിമ ഹിറ്റ് ആക്കുന്നത് അവരിലേക്ക് ആകുമല്ലോ പ്രൊഡ്യൂസറിന്റെ ചായ്വ്. പക്ഷേ ഇവിടെ നായികയെ അടക്കം മാറ്റുകയും കഥ തിരുത്തുകയും ചെയ്യേണ്ടി വന്നു. അത് ചിലരുടെ നിര്‍ബന്ധം കാരണം സംഭവിച്ചതാണ്.

ചിത്രത്തിലെ നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയാണ്. പക്ഷേ പാട്ട് ഹിറ്റ് ആയതോടെ നിര്‍മാതാവ് പ്രിയ മതി നായിക എന്നു തീരുമാനിക്കുകയും കഥ മാറ്റാന്‍ സംവിധായകനെ നിര്‍ബന്ധിക്കുകയും ചെയ്തു. അത് സംവിധായകനായ ഒമര്‍ ലുലുവിന് വിഷമമുണ്ടാക്കി. നിര്‍മാതാവ് പ്രിയയുടെ പക്ഷത്തായിരുന്നു. പ്രിയ തിരിച്ചും.

ഞാന്‍ കൊണ്ടു വന്ന നായികയാണ് നൂറിന്‍ എന്ന് ഒമറിക്ക പറഞ്ഞു. അങ്ങനെയൊക്കെയാണ് പ്രശ്നങ്ങളുടെ തുടക്കം. കഥയെ ചൊല്ലിയും തര്‍ക്കങ്ങള്‍ ഉണ്ടായി. അതൊക്കെ സംവിധായകന് സ്വാഭാവികമായും മാനസിക വിഷമം ഉണ്ടാക്കുമല്ലോ. നിര്‍മാതാവിന് പ്രിയയും റോഷനും തമ്മിലുള്ള പ്രണയത്തിന് പ്രാധാന്യം കൊടുത്താല്‍ മതിയെന്നായിരുന്നു. നൂറിനുമായുള്ളത് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

ആ രീതിയില്‍ കഥ മാറ്റാന്‍ സംവിധായകനോട് അദ്ദേഹം പറഞ്ഞു. പക്ഷേ അവസാനം ത്രികോണ പ്രണയകഥ ആണെന്ന പബ്ലിസിറ്റി കൊടുത്തു പോയതു കൊണ്ട്, ഇന്ന് കാണുന്ന രീതിയിലേക്ക് കഥ തീരുമാനിച്ച് പ്രശ്നങ്ങളൊക്കെ പരിഹരിച്ച് മുന്നോട്ട് പോകുകയായിരുന്നു.

ഒന്ന് ചിന്തിച്ചു നോക്കൂ നായികയായി ഒരാളെ നിര്‍ത്തുന്നു. എന്നിട്ട് സിനിമയുടെ പാതി വച്ച് അയാളെ മാറ്റി മറ്റൊരാളെ നായികയാക്കുമ്പോള്‍ എന്തായിരിക്കും ആദ്യമെത്തിയ ആളിന് തോന്നുക. പക്ഷേ നൂറിന്‍ ഒരിക്കല്‍ പോലും ഷൂട്ടിങിനിടയില്‍ ഇതേപ്പറ്റി ഒരു സംസാരം ഉണ്ടാക്കുകയോ പരാതി പറയുകയോ ചെയ്തിരുന്നില്ല.

വളരെ സൗഹാര്‍ദപരമായാണ് എല്ലാവരോടും ഇടപെട്ടത്. പക്ഷേ സിനിമയുടെ തുടക്കത്തില്‍ ഉണ്ടായിരുന്ന മാനസിക അടുപ്പം പിന്നീട് എല്ലാവര്‍ക്കിടയിലും ഇല്ലാതെയായി. കഥ മാറ്റുന്നതിനും മറ്റുമായി സിനിമയ്ക്കിടയില്‍ വന്ന ഇടവേള പോലെ എല്ലാവരുടെ മനസ്സിലും അകലമായി. ആ അകലത്തെ കുറിച്ചായിരിക്കണം ഒമറിക്ക വിവാദമായ അഭിമുഖത്തില്‍ പറഞ്ഞത്.

Related posts