സ്ത്രീ പ്രവേശനത്തിനൊപ്പം പുരുഷ ജഡ്ജിമാര്‍! എതിര്‍ത്തത് ഭരണഘടനാ ബെഞ്ചിലെ ഏക വനിതാ അംഗം ഇന്ദു മല്‍ഹോത്ര; അനുമതി നല്‍കിയാലും കയറില്ലെന്ന് മഹാഭൂരിപക്ഷം സ്ത്രീകളും; എതിര്‍പ്പ് സ്ത്രീകള്‍ക്ക് തന്നെയോ

കാലങ്ങളായി തര്‍ക്കത്തിലായിരുന്ന ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ രാജ്യത്തെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുന്നു. ശബരിമലയില്‍ മേലില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബഞ്ചൊണ് ചരിത്രപ്രധാനമായ വിധി പ്രസ്താവിച്ചത്.

അഞ്ചംഗ ബഞ്ചില്‍ നാലു പുരുഷ ജഡ്ജിമാരും സ്ത്രീ പ്രവേശത്തിന് അനുകൂലമായി സംസാരിച്ചപ്പോള്‍ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശനത്തോട് വിയോജിക്കുകയാണ് ചെയ്തത്.

ഓരോ ആചാരങ്ങള്‍ക്കും അതിന്റേതായ ബഹുമാനം കൊടുക്കണമെന്നും സമത്വത്തിന്റെ പേരില്‍ മതാചാരങ്ങള്‍ക്ക് മാറ്റം വരുത്തേണ്ടതില്ലെന്നുമാണ് അവര്‍ പറഞ്ഞത്. സ്ത്രീകളുടെ ശബരിമല പ്രവേശനത്തെ വനിതാ ജഡ്ജി തന്നെ എതിര്‍ത്തത് ശ്രദ്ധേയമാവുകയും ചെയ്തു.

ഇതിന് മുമ്പും ശബരിമലയിലെ സ്ത്രീ പ്രവേശനം ചര്‍ച്ചയിലും തര്‍ക്കത്തിലും വന്നപ്പോഴെല്ലാം അതിനെ എതിര്‍ത്തവരില്‍ മഹാഭൂരിപക്ഷവും സ്ത്രീകളായിരുന്നു എന്നതാണ് ശ്രദ്ധേയം. വിശ്വാസവും ആചാരവും തന്നെയാണ് അവിടെയും വിഷയം.

ഹിന്ദു വിശ്വാസപ്രകാരം സ്ത്രീകള്‍ക്ക് ക്ഷേത്രത്തിലുള്ള വിലക്ക് ശബരിമലയുടെ മാത്രം പ്രശ്‌നമല്ല. അതുകൊണ്ടാണ് കേരളത്തിലെ സ്ത്രീകള്‍ ശബരിമല പ്രവേശനത്തെ കുറിച്ച് പെട്ടെന്ന് ബോധവാന്മാരാകാത്തത്.

ഇന്നത്തെ വിശ്വാസപ്രകാരം ശബരിമല അയ്യപ്പന്‍ നിത്യ ബ്രഹ്മചാരി ആയതുകൊണ്ടും 41 ദിവസത്തെ വ്രതം ഉള്ളതുകൊണ്ടും ഒരു നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ കയറരുതെന്നാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളിലും ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പ്രവേശിക്കരുതെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. ക്ഷേത്രക്കുളങ്ങളിലും ഇത്തരം ബോര്‍ഡുകള്‍ ഉണ്ട്.

പുരാണപ്രകാരമുള്ള വിശ്വാസങ്ങളിലും ആചാരങ്ങളിലും ഇത്തരം രീതിയിലുള്ള വിവേചനം ഉണ്ടായതായി കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ മനുഷ്യന്‍ ഉണ്ടാക്കിയ വിശ്വാസങ്ങളിലും ആചാരങ്ങളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ട്. പല കാലത്തും പല മാറ്റങ്ങളും സമൂഹത്തില്‍ സംഭവിച്ചെങ്കിലും വിശ്വാസങ്ങളെ എതിര്‍ക്കാന്‍ പാടില്ലെന്ന ധാരണ എക്കാലവും നിലനിന്നിരുന്നു. കോടതി വിധിയിലൂടെ അതും മാറിയിരിക്കുന്നു.

കേരളത്തിലെ ഭൂരിപക്ഷം സ്ത്രീകളും ഇതില്‍ ശരിയായ അഭിപ്രായം പറയാന്‍ മുന്നോട്ട് വരുന്നില്ല എന്നതാണ് ശരി. ഇത്രയും കാലം ഉള്ളപോലൊക്കെ മതി എന്ന നിലപാടാണ് കേരളത്തിലെ സ്ത്രീകള്‍ സ്വീകരിക്കുന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ അയിത്തം കല്‍പ്പിക്കുന്നതൊന്നും അവരുടെ വിഷയങ്ങളായി വരുന്നില്ല. കാരണം, പലയിടങ്ങളിലും കുടുംബങ്ങളിലും ഇപ്പോഴും ആര്‍ത്തവ സ്ത്രീ അയിത്ത സ്ത്രീ തന്നെയാണ്.

മാറ്റങ്ങള്‍ അനിവാര്യമാണെന്ന് സ്ത്രീകളും ബോധ്യപ്പെട്ട് വരുന്നതേയുള്ളൂ. അതുകൊണ്ടാണല്ലോ വിധി വന്നതിന് പിന്നാലെ കേരളത്തില്‍ കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ശബരിമലയില്‍ പ്രവേശിക്കില്ല എന്ന് ആവര്‍ത്തിച്ച് ട്രോളുകളും പ്രസ്താവനകളും നവമാധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്നത്. ഏതായാലും മാറ്റത്തിന്റെ കാറ്റ് ആഞ്ഞടിക്കുക തന്നെയാണ്.

Related posts