തിരുവനന്തപുരം: ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ച സംഭവത്തിലും എസ്ഐടിയുടെ അന്വേഷണം തുടങ്ങി. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് അന്വേഷണം നടക്കുന്നത്. ദേവസ്വം വിജിലന്‍സും ഇതേക്കുറിച്ച് സമാനമായ രീതിയില്‍ അന്വേഷിക്കുന്നുണ്ട്.2017 കാലഘട്ടത്തിലാണ് ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചത്. പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് കടകംപള്ളി സുരേന്ദ്രനായിരുന്നു അന്നത്തെ ദേവസ്വം മന്ത്രി.
കൊടിമരം ജീര്ണാവസ്ഥയിലായതു കാരണമാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. കൊടിമര നിര്‍മ്മാണത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ. ? തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത വാജി വാഹനം പഴയ കൊടിമരത്തില്‍ നിന്ന് ഇളക്കി മാറ്റിയതാണോ , അതോ പഴയ വാജി വാഹനം പുറത്തേക്കു കടത്തി വില്‍പ്പന നടത്തിയൊ, കൊടിമര നിര്‍മാണത്തിലെ സ്പോണ്സര് ആരൊക്കെയാണ് എത്ര തുക വിനിയോഗിച്ചു എന്നീ കാര്യങ്ങളാണ് എസ്ഐടി അന്വേഷിക്കുന്നത്.
പുതിയ കൊടിമരം സ്ഥാപിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് നല്‍കിയിരുന്നു. ഇങ്ങനെ വാജിവാഹനം തന്ത്രിക്ക് നല്കാന് ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടൊയെന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. പതിനൊന്ന് കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ നിര്‍മിതമാണ് വാജി വാഹനം. സ്വര്‍ണം ഉള്‍പ്പെടെ ഇതില്‍ പൊതിഞ്ഞിട്ടുണ്ട്.
നൂറ്റാണ്ടുകള്ക്കുമുന്പ് രാജഭരണകാലത്ത് ശബരിമലയിലേക്ക് രാജാവ് സമര്‍പ്പിച്ചതാണ് വാജിവാഹനമെന്ന വിവരവും പുറത്തുവരികയാണ്. പുതിയ കൊടിമരം സ്ഥാപിച്ച കാലയളവിലും ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സാന്നിധ്യം ശബരിമലയിലുണ്ടായിരുന്നെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൊടിമര നിര്‍മാണത്തെക്കുറിച്ചും അന്വേഷണം നടത്താന്‍ ഇടയാക്കിയത്.
ശബരിമലയിലെ സ്വര്‍ണപ്പാളി കേസിലും കട്ടിളപ്പാളി കേസിലും തന്ത്രി കണ്ഠര് രാജിവരെ എസ്ഐടി അറസ്റ്റ് ചെയ്തതിന്റെ പിന്നാലെയാണ് അദ്ദേഹത്തിന്റെവീട്ടില്‍ എസ്ഐടി പരിശോധന നടത്തി വാജി വാഹനം കണ്ടെടുത്തത്. ഇത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചത്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് പുറത്തുവന്ന സാഹചര്യത്തില്‍ വാജിവാഹനത്തെക്കുറിച്ച് നേരത്തെ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ തന്നെ ഏല്‍പ്പിച്ച വാജിവാഹനം മടക്കിവാങ്ങണമെന്ന് തന്ത്രി ദേവസ്വം ബോര്‍ഡ് അധികൃതരെ നേരത്തെ അറിയിച്ചിരുന്നെങ്കിലും അവര്‍ ഏറ്റുവാങ്ങിയിരുന്നില്ല.എന്നാല്‍ കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരെക്കുറിച്ച് വിവരമില്ല. ദേവസ്വത്തിന്റെ രേഖകളിലും ഇതേക്കുറിച്ച് പരാമര്‍ശമില്ലെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം കട്ടിളപ്പാളി വിവാദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച് ജസ്റ്റിസ് ശങ്കരന് ശബരിമലയിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുത്തിരുന്നു. പല വസ്തുക്കളും അലംഭാവത്തോടെയാണ് സൂക്ഷിച്ചിരുന്നതെന്ന് അദ്ദേഹം കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം റിപ്പോര്‍ട്ടായി അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
2017 ല്‍ പുതിയ കൊടിമരം സ്ഥാപിച്ച സമയം ശബരിമലയില്‍ സന്നിഹിതരായിരുന്ന പ്രധാനപ്പെട്ട വ്യക്തികളില്‍ നിന്നും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്നും എസ്ഐടി ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ കൊടിമര നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിവരം ലഭിച്ച തൊഴിലാളികളില്‍ നിന്നും മൊഴിയെടുത്തു. ചെങ്ങന്നൂര്‍, മാന്നാര്‍ ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ തൊഴിലാളികളാണ് കൊടിമര നിര്മാണത്തിലേര്പ്പെട്ടിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തൊഴിലാളികളില്‍ നിന്ന് എസ്ഐടി മൊഴി രേഖപ്പെടുത്തിയത്.
ഹൈദരാബാദിലുള്ള വ്യക്തികളാണ് കൊടിമര നിര്‍മാണത്തിന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തു നടത്തിയതെന്നാണ് മുന്‍ ദേവസ്വം ജീവനക്കാര്‍ എസ്ഐടിക്ക് മുന്‍പാകെ മൊഴി നല്‍കിയത്.
- എം.സുരേഷ്ബാബു
