പരാധീനതകള്‍ കാരണം സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം! വിവാദമായതോടെ മന്ത്രി ഇടപെട്ട് ഉത്തരവ് റദ്ദാക്കി തലയൂരല്‍; സംഭവമിങ്ങനെ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസത്തിനായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇപ്പോള്‍ വിവാദത്തിലേയ്ക്കാണ് ചാഞ്ഞുകൊണ്ടിരിക്കുന്നത്. അതിന് സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

സര്‍ക്കാരിന്റെ സാലറി ചാലഞ്ചിന് ‘നോ’ പറഞ്ഞ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനും ഭരണപക്ഷ സംഘടനാ നേതാവുമായ സെക്ഷന്‍ ഓഫീസറെ സ്ഥലംമാറ്റയതാണ് സംഭവം. നടപടി വിവാദമായതോടെ ധനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉത്തരവ് റദ്ദാക്കുകയും ചെയ്തു.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഏരിയാ കമ്മിറ്റിയംഗവും ധനവകുപ്പില്‍ ഫണ്ട്സ് സെക്ഷന്‍ സെക്ഷന്‍ ഓഫീസറുമായ കെ.എസ്. അനില്‍രാജിനെയാണ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലെ പെന്‍ഷന്‍ സെക്ഷനിലേക്ക് മാറ്റിയതും പിന്നീട് അതേസ്ഥാനത്ത് തുടരാന്‍ അനുവദിച്ചതും.

വീട്ടിലെ പരാധീനതകള്‍കൊണ്ട്, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഭാര്യയ്ക്കും തനിക്കും ഒരുപോലെ സാലറി ചലഞ്ച് ഏറ്റെടുക്കാനാവില്ലെന്നും അതിനാല്‍ താന്‍ ‘നോ’ പറയുകയാണെന്നും അനില്‍രാജ് വാട്‌സാപ്പില്‍ പോസ്റ്റിട്ടിരുന്നു. ധനവകുപ്പ് ജീവനക്കാരുടെ ‘ഫിനാന്‍സ് ഫ്രണ്ട്സ്’ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം പ്രചരിച്ചതോടെ ബുധനാഴ്ച വൈകുന്നേരമാണ് സ്ഥലംമാറ്റിയത്.

എന്നാല്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റിയതെന്ന് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്ഥലംമാറ്റം റദ്ദാക്കാന്‍ മന്ത്രി തോമസ് ഐസക് നിര്‍ദേശിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതോടെ തനിക്ക് തെറ്റുപറ്റിയതാണെന്ന് അനില്‍രാജ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ‘സാഹിത്യപരമായിപ്പോയപ്പോള്‍ പറ്റിയ തെറ്റിന് മാപ്പ്. ക്ഷമ ചോദിച്ചുകൊണ്ട് പറയട്ടെ, എന്റെ സാലറി ദുരിതത്തിന് ആശ്വാസമേകാന്‍ നല്‍കുന്നു. സര്‍ക്കാരിനൊപ്പം എന്നും’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ഈ പോസ്റ്റിനു ശേഷം വൈകുന്നേരത്തോടെ സ്ഥലംമാറ്റം റദ്ദാക്കുകയുമായിരുന്നു.

അനില്‍രാജിന്റെ വാട്‌സാപ്പ് സന്ദേശം

32 ദിവസം ശമ്പളമില്ലാതെ സമരം ചെയ്തയാളാണ് ഞാന്‍. ഇക്കുറി എന്റെ പരമാവധി, ഞാന്‍, എന്റെ മക്കള്‍, വീട്ടുകാര്‍ ഒക്കെ ചെയ്തു. സാലറി ചലഞ്ചിന് ആദ്യത്തെ നോ ആകട്ടെ എന്റേത്. കഴിവില്ല അതുതന്നെ ഉത്തരം.

ഇതിനുപിന്നാലെ, മാസ ശമ്പള ചലഞ്ചിന് പിന്തുണയെന്നും നല്‍കാന്‍ കഴിവുള്ളവര്‍ തീര്‍ച്ചയായും നല്‍കണമെന്നും അഭ്യര്‍ഥിക്കുകയും താന്‍ എന്തുകൊണ്ട് നോ പറയുന്നെന്നതിന് വിശദീകരണവുമായി അനില്‍ രാജ് വീണ്ടും പോസ്റ്റിട്ടു. ഇതിന് ഒട്ടേറെ കമന്റുകളും ചര്‍ച്ചകളും വന്നതോടെ അനില്‍രാജ് കൂടുതല്‍ വിശദീകരണവുമായി വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തി.

തന്റെ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയാണെന്നും രണ്ടുപേര്‍ക്കും ഒരുപോലെ സാലറി ചലഞ്ച് ഏറ്റെടുക്കണമെന്നുണ്ടെന്നും പരാധീനതകള്‍ അതിന് വിലങ്ങിടുന്നെന്നും വ്യക്തമാക്കി. താന്‍ സാലറി ചലഞ്ചിന് എതിരാണെന്ന മട്ടില്‍ ചിലര്‍ പറഞ്ഞുനടക്കുന്നെന്നും അതു വേണ്ടെന്നും പറഞ്ഞു. ഇതിനിടെയാണ് അദ്ദേഹത്തെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയത്.

Related posts