കഴുത്തിറക്കി വെട്ടിയ ബ്ലൗസിട്ടു കുളിക്കടവില്‍ തുണിയലക്കുന്ന പെണ്ണിനെ നോക്കി, ഇത്ര പച്ചക്ക് അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ ഇന്നത്തെ സിനിമകളില്‍ കണ്ടിരിക്കാനാവില്ല; എഴുത്തുകാരി ശാരദക്കുട്ടി പറയുന്നു

പഴയ കാലത്ത് സിനിമകളില്‍ കാണിക്കുന്നതുപോലെ കഴുത്തിറക്കി വെട്ടിയ ബ്ലൗസിട്ടു കുളക്കടവില്‍ തുണിയലക്കുന്ന പെണ്ണിനെ നോക്കി, ഇത്ര പച്ചക്ക് അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ ഇന്നത്തെ സിനിമകളില്‍ കണ്ടിരിക്കാന്‍ സാധിക്കുന്നില്ലെന്ന് എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ശാരദക്കുട്ടി. കാറ്റ് എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്കില്‍ പ്രതികരിക്കുകയായിരുന്നു ശാരദക്കുട്ടി. തകര, കള്ളന്‍ പവിത്രന്‍, ചെല്ലപ്പനാശാരി, എണ്‍പതുകളിലെ ഗ്രാമജീവിതം, എന്നിവയൊക്കെ കാറ്റ് എന്ന ചലച്ചിത്രം ഓര്‍മ്മിപ്പിക്കുന്നു എന്നും കുറിച്ച ശാരദക്കുട്ടി മുരളി ഗോപിയുടെ ദ്വയാര്‍ഥപ്രയോഗമുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എണ്‍പതുകളിലെ കഥയെ 2017 ന്റെ അവസ്ഥകളിലേക്ക് റീ ക്രിയേറ്റ് ചെയ്തിരുന്നു എങ്കില്‍ എന്ന് ആശിക്കുന്നു എന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം….

തകര, കള്ളന്‍ പവിത്രന്‍, ചെല്ലപ്പനാശാരി, എണ്‍പതുകളിലെ ഗ്രാമജീവിതം, ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നു കാറ്റ് എന്ന ചലച്ചിത്രം. ആ കാലഘട്ടത്തിലെ സിനിമാസ്വാദകരെ നൊസ്റ്റാള്‍ജിക് ആക്കാതിരിക്കില്ല. എണ്‍പതുകളിലല്ല ഈ സിനിമ കാണുന്നത് എന്നതുകൊണ്ടു തന്നെ വ്യക്തികളില്‍ വലുതായി സംഭവിച്ച ചിന്തയുടെയും കാഴ്ചയുടെയും വ്യതിയാനങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തുന്നുമുണ്ട്. കഴുത്തിറക്കി വെട്ടിയ ബ്ലൗസിട്ടു കുളക്കടവില്‍ തുണിയലക്കുന്ന പെണ്ണിനെ നോക്കി, ഇത്ര പച്ചക്ക് അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ പറങ്കിമലയുടെ കാലത്തു കണ്ടിരുന്നതു പോലെ ഇന്ന് കണ്ടിരിക്കാനാവുന്നില്ല. അന്ന്, കാഴ്ചയില്‍ പ്രകടമായിരുന്ന ആ ആഭാസത്തരം ഇന്ന് അതിനേക്കാള്‍ അപകടകരമായ ആക്രമണ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു.

കട്ടബൊമ്മനായി വരുന്ന മുരളി ഗോപിയുടെ ദ്വയാര്‍ഥപ്രയോഗമുള്ള സംഭാഷണങ്ങള്‍ കേള്‍ക്കുമ്പോള്‍ എണ്‍പതുകളിലെ കഥയെ 2017 ന്റെ അവസ്ഥകളിലേക്ക് റീ ക്രിയേറ്റ് ചെയ്തിരുന്നു എങ്കില്‍ എന്ന് ആശിച്ചു. മുരളി ഗോപിയുടെ ചലനങ്ങളിലും ശരീരഭാഷയിലും ചിലപ്പോഴൊക്കെ ഭരത് ഗോപിയെ കണ്ടും, മുരളി ഗോപി ആയിത്തന്നെ മറ്റു ചിലയിടങ്ങളില്‍ കണ്ടും വല്ലാതെ ഇഷ്ടപ്പെട്ടു. ദൃശ്യഭംഗി ഭരതന്റെ ചലച്ചിത്ര കാലങ്ങളിലേക്ക് കൊണ്ടു പോയി. സംവിധായകന്‍ തന്റെ മുന്‍ സിനിമകളില്‍ എന്നതുപോലെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധാലുവാണ്. വയലന്‍സ് ഉണ്ടെങ്കിലും അത്രയ്ക്കു ശബ്ദകോലാഹലങ്ങളില്ല. ആശ്വാസം.

വരലക്ഷ്മി ശരത് കുമാര്‍, ജോളി ചിറയത്ത്, ചെറിയ റോളുകളെങ്കിലും ഭംഗിയാക്കി. പെണ്ണിനെ വെറുംപെണ്ണ്, ഇപ്പോ വളച്ചൊടിച്ചു കയ്യിത്തരാം, പശു കുത്തുകേം തൊഴിക്കുകേം ചെയ്യുമെങ്കിലും പെണ്ണല്ലേ ഒതുക്കാം എന്നാവര്‍ത്തിക്കുന്ന ഡയലോഗുകള്‍, എന്തായാലും ഈയുള്ള കാലത്ത് കേട്ടിരിക്കാനുള്ള സഹനശക്തിയില്ല. കാലത്തിനനുസരിച്ചുള്ള മാറ്റിവായന ഇല്ലാതെ, ഭരതന്‍ പത്മരാജന്‍ കാലത്തെ റീ ക്രിയേറ്റ് ചെയ്യുന്നതിലെ വലിയ അപകടവും അതു തന്നെയാണ്. കുറച്ചു കൂടി നല്ല കെട്ടുറപ്പോടും സൂക്ഷ്മതയോടും കൂടി അഛന്റെ കാലത്തിന്റെ ബാധ തീണ്ടാതെ അടുത്ത സിനിമാ രചന നിര്‍വ്വഹിക്കുവാന്‍ അനന്തപത്മനാഭനു കഴിയട്ടെ.

 

 

Related posts