തൊട്ടടുത്തുള്ളവര്‍ പോലും ഒന്നും അറിഞ്ഞിരുന്നില്ല ! തിരുനെല്‍വേലി സ്വാമിയുടെ ആരാധകരായ അവരുടെ ജീവനെടുത്തത് ആര് ! ശാസ്തമംഗലത്തെ പ്രേതഭവനത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ അവിശ്വസനീയം

തിരുവനന്തപുരം: നാടിനെ നടുക്കിയ നന്ദന്‍കോട് കൂട്ടക്കൊലയ്ക്കു കാരണമായി ഭവിച്ച കാര്യങ്ങളിലുള്ള സമാനതയാണ് ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേര്‍ തൂങ്ങി മരിച്ച സംഭവത്തെയും ദുരൂഹമാക്കുന്നത്.

ആറുമാസം പിന്നിട്ടിട്ടും സംഭവത്തില്‍ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. 2018 ഫെബ്രുവരി ഒന്ന്. തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഒരു കത്ത് കിട്ടി. രാത്രി ഏഴു മണിയോടെ സി.ഐ കത്ത് തുറന്നു നോക്കി.

”ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കാന്‍ പോവുകയാണ്. ഞങ്ങളുടെ മൃതദേഹങ്ങള്‍ ചീഞ്ഞുപോകുന്നതിന് മുമ്പ് സംസ്‌കരിക്കണം” ഇതായിരുന്നു കത്തിലെ വാചകങ്ങള്‍. കത്തിലെ വിലാസമായ ശാസ്തമംഗലം പണിക്കേഴ്‌സ് നഗര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ വനമാലി എന്ന 43ാം നമ്പര്‍ വീട് തേടി പൊലീസ് പുറപ്പെട്ടു.

ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു പുരാതന ഗൃഹമായിരുന്നു പോലീസ് അവിടെ കണ്ടത്. പണ്ടെങ്ങോ വാഹനം ഇടിച്ച് പൊളിഞ്ഞ്, മുറ്റത്തെ തെങ്ങില്‍ നിന്നു വീണ തേങ്ങകള്‍, മുട്ടറ്റം വളര്‍ന്നു നില്‍ക്കുന്ന കാട് ദ്രവിച്ചു തീരാറായ ഗേറ്റ്, ഇടിഞ്ഞു പൊളിഞ്ഞ മതിലിനു പകരമായി അടുക്കി വച്ച ഓലക്കെട്ടുകള്‍.

നിറം മങ്ങിയ വീടിന്റെ ചുവരുകള്‍. കരിനിഴല്‍ പരന്നപോലെ ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം. ഭിത്തികളും മേല്‍ക്കൂരയും പൊളിഞ്ഞിളകിയിരിക്കുന്നു. മുറ്റമെന്ന് പേരിന് പറയാവുന്ന ഇടത്തില്‍ പാഴ്പ്പുല്ലുകളും മാലിന്യങ്ങളും. പിന്‍വശത്തെ കിണര്‍ കുപ്പത്തൊട്ടിയേക്കാള്‍ കഷ്ടം.

അടുക്കള ഭാഗത്ത് പാഴ്‌ത്തൊണ്ടുകളും ചപ്പുചവറുകളും. ഭിത്തികളും ടെറസിന്റെ മൂലകളും മാറാലകെട്ടി, കട്ടപിടിച്ച പൊടി. ഒറ്റനോട്ടത്തില്‍ ആള്‍താമസമുണ്ടെന്ന് പറയില്ല. മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ പണിക്കേഴ്സ് ലെയിനിലെ വീടിന്റെ വിചിത്രമായ കിടപ്പ് ആരെയും അമ്പരപ്പിക്കും.

സ്ഥിതിയെന്തെന്നു പശ്ചാത്തലം നോക്കിയാല്‍ മനസ്സിലാകും എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സംഭവത്തെ വിവരിച്ചത്. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത പഴയ ആന്റിന വീടിനു മുകളിലുണ്ട്.

സമീപവാസികളോടുള്ള അന്വേഷണത്തില്‍ അച്ഛനും അമ്മയും ഒരു മകനും അവിടെ താമസമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയ പൊലീസ് കണ്ടത് മൂന്നു മുറികളിലെ ഫാനുകളിലായി തൂങ്ങി ആടുന്ന മൃതദേഹങ്ങള്‍. രണ്ടുദിവസത്തെ പഴക്കം.

മരിച്ചത് സുകുമാരന്‍ നായര്‍ (65), ആനന്ദവല്ലി (55), ഏകമകന്‍ സനാതന്‍ (30).പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയറായിരുന്നു സുകുമാരന്‍ നായര്‍. മകന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്. 41 വര്‍ഷം മുമ്പാണ് കിളിമാനൂര്‍ സ്വദേശിയായ ആനന്ദവല്ലിയും വിതുര സ്വദേശിയായ സുകുമാരന്‍ നായരും വിവാഹിതരാകുന്നത്. വിവാഹശേഷം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മകന്‍ ജനിച്ചു. സനാതന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അടുത്ത ബന്ധുക്കള്‍ പോലും കണ്ടിട്ടുള്ളത്.

സി.എ പരീക്ഷ പാസായ വിവരം പോലും മരണ ശേഷമാണ് ബന്ധുക്കളറിയുന്നത്. കുറച്ചു കാലം സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വീട്ടില്‍ ഒതുങ്ങി.ബന്ധുക്കളുടെ കല്യാണത്തിനോ മരണത്തിനോ കുടുംബം സഹകരിച്ചിരുന്നില്ല.

സ്വന്തം അമ്മ മരിച്ച വിവരം അറിഞ്ഞിട്ടും ആനന്ദവല്ലി വീട്ടിലെത്തിയില്ല. ഇവര്‍ അയല്‍വാസികളോടു പോലും സംസാരിക്കാറില്ലായിരുന്നു. ആരെയും വീട്ടില്‍ കയറ്റില്ല. ആഴ്ചയില്‍ ഒരിക്കല്‍ സുകുമാരന്‍ നായര്‍ ഓട്ടോറിക്ഷയില്‍ പുറത്തുപോയി സാധനങ്ങള്‍ വാങ്ങുന്നതായിരുന്നു പുറംലോകവുമായുള്ള ബന്ധം.

എല്ലാ ദിവസവും രാത്രി 12 നു വീട്ടിനുള്ളില്‍ പൂജയോ പ്രാര്‍ത്ഥനയോ നടക്കാറുണ്ടത്രേ.ശംഖുനാദവും മണിയടി ശബ്ദങ്ങളും പതിവാണ്. തമിഴ്‌നാട്ടിലും തിരുവനന്തപുരത്തെയും ചില സ്വാമിമാരുടെ ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകര്‍. അവിടെ നടക്കുന്ന പൂജകളും മറ്റും വീട്ടില്‍ ചെയ്യുക പതിവ്.

രാത്രി 12ന് ശേഷം പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും. അങ്ങനെ കഴിഞ്ഞിരുന്ന കുടുംബമാണ് ഒരുനാള്‍ നിഗൂഢത ശേഷിപ്പിച്ച് യാത്രയായത്. മകന്‍ സന്യാസിയാകുമെന്ന് ഒരു സ്വാമി പ്രവചിച്ചതായി ദമ്പതികള്‍ മുമ്പ് ചില ബന്ധുക്കളോട് പറഞ്ഞിരുന്നുവത്രേ.

ചെറുപ്പത്തില്‍ പഠന വൈകല്യമുണ്ടായിരുന്ന മകനുമായി നിത്യവും തലസ്ഥാന നഗരത്തിലെ ഒരു ആശ്രമം സന്ദര്‍ശിക്കുമായിരുന്നു. മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ ഈ പതിവ് തുടര്‍ന്നു. ഒരു കോടിയോളം വിലവരുന്ന നാലു സെന്റ് വസ്തുവും വീടും 2015ല്‍ തമിഴ്‌നാട്ടിലെ ഒരു ആശ്രമത്തിന്റെ പേര്‍ക്ക് കുടുംബം എഴുതി വച്ചിരുന്നു. ആശ്രമത്തിലെ ജ്യോത്സ്യന്‍ സ്വാമി ഇടയ്ക്കിടെ ശാസ്തമംഗലത്തെ വീട് സന്ദര്‍ശിച്ചിരുന്നു.

മരണശേഷം വീട്ടിലെ മുറികളില്‍ നിന്ന് രണ്ട് കത്തുകളും കവറില്‍ കുറേ നാണയങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. സുകുമാരന്‍ നായര്‍ മരണാനന്തര കര്‍മ്മങ്ങള്‍ക്കാവശ്യമായ മുണ്ട്, ഷീറ്റ് തുടങ്ങിയ സാധനങ്ങളും പണവും മാറ്റിവച്ചിരുന്നു.

കന്യാകുമാരി സന്ദശിച്ചപ്പോഴെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയും കുറിപ്പുകള്‍ക്കൊപ്പം പൊലീസ് കണ്ടെത്തി. നഗരത്തിലെ ആശ്രമവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോയില്‍ മാലചാര്‍ത്തി പൂക്കളര്‍പ്പിച്ച ശേഷമാണ് കുടുംബം ജീവനൊടുക്കിയത്.

ഇവരുമായി ബന്ധമുണ്ടായിരുന്ന തമിഴ്‌നാട്ടിലുള്ള സ്വാമിയെ മ്യൂസിയം പോലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും സുകുമാരന്‍ തന്റെ ഒരു ഭക്തന്‍ മാത്രമായിരുന്നുവെന്ന് സ്വാമി വെളിപ്പെടുത്തിയതോടെ ആ വഴിയും അടഞ്ഞു. ആറുമാസത്തിനിപ്പുറവും തുമ്പൊന്നുമില്ലാതെ സംഭവം ദുരൂഹമായി തുടരുകയാണ്.

Related posts