ക്ലൈമാക്‌സ് തീരെ പോരാ എന്ന് പറഞ്ഞപ്പോള്‍ എനിക്കിങ്ങനെയേ എഴുതാന്‍ പറ്റൂ എന്ന് ശ്രീനിവാസന്‍ തീര്‍ത്ത് പറഞ്ഞു! സത്യന്‍ -ശീനി കൂട്ടുകെട്ടിലെ വലിയ പിണക്കത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നതിങ്ങനെ

മലയാള സിനിമാസ്വാദകര്‍ക്ക് ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള കൂട്ടുകെട്ടാണ്, സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍, കൂട്ടുകെട്ട്. ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ഇരുവരുമെന്ന് അവര്‍ തമ്മിലുള്ള കെമിസ്ട്രിയില്‍ നിന്നു തന്നെ വ്യക്തവുമാണ്. എന്നാല്‍ ഈ കൂട്ടുകെട്ടില്‍ പോലും പിണക്കം കയറിക്കൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്.

നാടോടിക്കാറ്റ് എന്ന ചിത്രത്തിനിടയ്ക്ക് ശ്രീനിവാസന്‍ തന്നോട് പിണങ്ങിയതിനെ കുറിച്ചാണ് സത്യന്‍ അന്തിക്കാട് മനസ് തുറന്നത്. ‘വഴക്കുകള്‍ ഒരിക്കലും വ്യക്തിപരമായിരുന്നില്ല. അതൊക്കെ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളുമായി ബന്ധപ്പെട്ടുണ്ടായവ ആയിരുന്നു. ഒരു പ്രാവശ്യം നാടോടിക്കാറ്റിന്റെ സിനിമയുടെ ചിത്രീകരണ സമയത്താണ് അതുപോലൊന്ന് ഉണ്ടായത്.

തിരക്കഥ പൂര്‍ത്തിയാകുന്നതിന് മുന്‍പ് അന്ന് ഷൂട്ടിങ് തുടങ്ങേണ്ടി വന്നിരുന്നു. ക്ലൈമാക്സ് കിട്ടുന്നില്ല. ശ്രീനി എന്നോട് പറഞ്ഞു നിങ്ങളൊന്നു പുറത്തു പോയിട്ട് വാ ഞങ്ങളൊന്നും ആലോചിക്കട്ടെ എന്ന്. അന്ന് ഞാന്‍ ലേറ്റായാണ് രാത്രി വന്നത്. ഞാനും ശ്രീനിയും ഒരു മുറിയിലാണ്. ഞാന്‍ വന്നപ്പോള്‍ ശ്രീനി ഭയങ്കര ഹാപ്പി ആയിട്ട് ഇരിക്കുന്നു. മമ്മൂട്ടിക്ക് ഒരു ഗസ്‌റ് റോള്‍ ഉണ്ട് ചിത്രത്തില്‍. ഒരു ഇന്‍സ്പെക്ടര്‍ ആയി മമ്മൂട്ടി വരും. അങ്ങനെ കുറെ മാറ്റങ്ങള്‍ ഉണ്ട്.

ശ്രീനി എന്റെ അടുത്ത് കഥ പറഞ്ഞതും ഞാന്‍ പറഞ്ഞു ഇത് തീരെ പോരാ എന്ന്. ശ്രീനി അന്ന് എന്റെ അടുത്ത് പറഞ്ഞത് ഇങ്ങനെയാണ്-‘ഞാന്‍ നാളെ തന്നെ ഇവിടുന്നു പോകും. നിങ്ങളുടെ അടുത്ത് തിരക്കഥ എഴുതാനായി ഒരു ഭിക്ഷാംദേഹിയായി ഞാന്‍ വന്നിട്ടില്ല. എന്നെ കൊണ്ട് തിരക്കഥ എഴുതിക്കൂ എന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലല്ലോ? എനിക്കിങ്ങനെയേ പറ്റുള്ളൂ’.. എന്ന് പറഞ്ഞു വഴക്കായി ശ്രീനി പിണങ്ങി. അവിടെ എനിക്കൊരു ഫ്‌ളാറ്റ് ഉണ്ട്.

അന്ന് രാത്രി ഞാന്‍ അവിടെ കിടക്കാന്‍ പോയി. ശ്രീനി പിണങ്ങി കരിമ്പടവും പുതച്ചു കിടന്നു. പുള്ളി നാളെ പോകുമെന്നാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞാല്‍ പോകും, പോയ ചരിത്രമുണ്ട്. പിറ്റേന്ന് വീണ്ടും ചര്‍ച്ചയ്ക്ക് വന്നു. സംസാരിച്ചു, ചായയൊക്കെ കുടിച്ചു. പിണക്കത്തിന്റെ ആ കനം മുഴുവന്‍ മാറിയിട്ടില്ല. അന്ന് സംസാരിച്ചു സംസാരിച്ചാണ് കോവൈ വെങ്കടേഷ് എന്ന കഥാപാത്രം വരുന്നത്. അതില്‍കൂടി കുറേക്കൂടി ഞങ്ങള്‍ക്ക് തെളിച്ചം കിട്ടി. അപ്പോള്‍ ശ്രീനി തന്നെ ചോദിച്ചു മറ്റേത് ഭയങ്കര ബോര്‍ ആയിരുന്നല്ലേ. ഹൃദയംഗമമായ മാപ്പ് എന്ന് പറഞ്ഞു.

Related posts