ആധാറിനെ വാനോളം പുകഴ്ത്തി സത്യ നാദെല്ല; ആധാര്‍ വിന്‍ഡോസിനും ഫേസ്ബുക്കിനും വെല്ലുവിളിയാകുമെന്നും മൈക്രോസോഫ്റ്റ് മേധാവി

ഒര്‍ലന്‍ഡോ: ആധാര്‍ പദ്ധതിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല.. ഫെയ്‌സ്ബുക്, വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ് മുതലായ ഡിജിറ്റല്‍ സംരംഭങ്ങളെ വെല്ലുന്ന രീതിയിലാണ് ആധാറിന്റെ വളര്‍ച്ചയെന്നു സത്യ നാദെല്ല പറഞ്ഞു. ‘ഹിറ്റ് റിഫ്രെഷ്’ എന്ന തന്റെ പുസ്തകത്തിലാണ് ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ അഭിപ്രായ പ്രകടനം.ആധാര്‍ പദ്ധതിയില്‍ ഇപ്പോള്‍ 100 കോടിയിലധികം ജനങ്ങള്‍ അംഗങ്ങളാണ്. വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഫെയ്‌സ്ബുക് തുടങ്ങിയ ഡിജിറ്റല്‍ സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതൊരു വെല്ലുവിളി ആയേക്കുമെന്നും സത്യ പറഞ്ഞു. വിമര്‍ശനങ്ങള്‍ കുമിഞ്ഞുകൂടുന്നതിനിടെ ആധാറിനെ പ്രശംസിച്ച് ടെക് ലോകത്തെ മുന്‍നിര കമ്പനി മേധാവി രംഗത്തെത്തിയത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമായി.

പുതിയ ഡിജിറ്റല്‍ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അദ്ദേഹം അഭിനന്ദിച്ചു. സര്‍ക്കാരുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയവര്‍ക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് ഇന്ത്യസ്റ്റാക്ക്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറന്‍സി രഹിതവുമായി ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റ!ര്‍ഫേസ് (എപിഐ) കൂട്ടായ്മയാണിത്.വ്യവസായ നയം, പൊതുമേഖലയിലെ നിക്ഷേപം, നിക്ഷേപ സൗഹൃദാന്തരീക്ഷം തുടങ്ങിയവ ഏകോപിപ്പിച്ചതാണ് ചൈനയുടെ വിജയം. ചൈനയുടെ വിജയമാതൃക മറ്റുള്ള രാജ്യങ്ങളും അനുകരിക്കുന്നുണ്ട്. ഇതിന്റെ മികച്ച പതിപ്പാണ് ഇന്ത്യസ്റ്റാക്ക്’– സത്യ നാദെല്ല പറഞ്ഞു.

ബംഗളുരുവില്‍ വന്നപ്പോള്‍ നന്ദന്‍ നിലേക്കനിയുമായി കൂടിക്കാഴ്ച നടത്തിയതും ഇന്ത്യസ്റ്റാക്ക്, ആധാര്‍ എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്തതും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നാക്കമായിരുന്ന ഇന്ത്യ ഇപ്പോള്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തുന്നത്. ഇതിന് ആധാറും ഇന്ത്യസ്റ്റാക്കും വലിയ സംഭാവനയാണ് നല്‍കുന്നത്. ഇ–ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പ് കമ്പനി ‘എന്‍ലൈറ്റിക്‌സിനെയും നാദെല്ല പ്രശംസിച്ചു. ഇന്ത്യയെക്കൂടാതെ ചൈന, ചിലെ, ഇന്തൊനീഷ്യ, പോളണ്ട്, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, ഈജിപ്ത് എന്നിവിടങ്ങളിലും സാങ്കേതികരംഗം അതിവേഗം മുന്നേറുകയാണെന്നും സത്യ നാദെല്ല പറഞ്ഞു. ലോകത്തെ നിയന്ത്രിക്കുന്ന ടെക് സംരംഭങ്ങളില്‍ വലിയ സ്ഥാനമുണ്ട് മൈക്രോസോഫ്റ്റിന്. കമ്പനിയുടെ വലിയ സംസ്കാരത്തെക്കുറിച്ചും കമ്പനിയുടെ ആത്മാവിനെ കണ്ടെത്തുന്നതിനെക്കുറിച്ചുമാണ് ഹിറ്റ് റിഫ്രെഷ് എന്നും സത്യ പറയുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് പുസ്തകത്തിന് ആമുഖം എഴുതിയിരിക്കുന്നത്. എന്തായാലും സത്യ നാദെല്ലയുടെ ഈ വിലയിരുത്തല്‍ കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാവും എന്നു തീര്‍ച്ച.

Related posts