കൊച്ചി: ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഏഴിന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ജയസൂര്യക്ക് ഇഡി സമന്‍സ് നല്കി. കേസില്‍ നേരത്തെ രണ്ട് തവണ ഇഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. ഭാര്യ സരിതയുടെ മൊഴിയും ഇഡി രേഖപ്പെടുത്തിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് ജയസൂര്യയോട് വീണ്ടും ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്.
സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍. ഈ വകയില്‍ ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ് നിലവില്‍ ഇഡി അന്വേഷിക്കുന്നത്. ആപ്പിന്റെ സ്ഥാപകന്‍ അറസ്റ്റിലായ വിയ്യൂര്‍ സ്വദേശി സ്വാതിഖ് റഹീമുമായുള്ള ബന്ധം, പണമിടപാട് എന്നിവ സംബന്ധിച്ച് ഇഡി കഴിഞ്ഞദിവസം ജയസൂര്യയില്‍ നിന്ന് വിവരങ്ങള്‍ തേടിയിരുന്നു.
ആപ്പില്‍ നിക്ഷേപമായും ഫ്രാഞ്ചൈസിക്കായും നിരവധിപേരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്ന പരാതികളില്‍ 2023ല്‍ സ്വാതിഖിനെ തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കിഴക്കേകോട്ട സ്വദേശി ജോണ്‍ നല്കിയ പരാതിയിലാണ് ഈസ്റ്റ് സിഐ ലാല്‍കുമാറും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് തട്ടിപ്പും കള്ളപ്പണയിടപാടുകളും ഇഡി അന്വേഷിക്കുന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് എന്ന പേരിലാണ് സേവ് ബോക്സ് ആരംഭിച്ചത്.
ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ലേലത്തിലൂടെ വാങ്ങാമെന്നായിരുന്നു വാഗ്ദാനം. നിക്ഷേപകര്‍ക്ക് വലിയ വരുമാനവും വാഗ്ദാനം ചെയ്തിരുന്നു. നിക്ഷേപകരെ കമ്പനി ഓഹരി ഉടമകളാക്കിയായിരുന്നു തട്ടിപ്പ്. പണം തിരികെ ആവശ്യപ്പെട്ടവരോട് അവധി പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. വൈകാതെ സ്ഥാപനംപൂട്ടി മുങ്ങി. ആപ്പില്‍ ഒരു ലക്ഷം മുതല്‍ ഒരു കോടി രൂപവരെ നിക്ഷേപിച്ചവരുണ്ട്.
