വൈകല്യം ഉള്ള കുഞ്ഞിനെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതോ ? ടെക്‌സാസില്‍ കാണാതായ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യുവിനെ സംശയിക്കാന്‍ കാരണം ഇതൊക്കെ…

ടെക്‌സാസിലെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നു വയസുകാരി പെണ്‍കുട്ടിയെ വളര്‍ത്തച്ഛന്‍ കൊന്നു കളഞ്ഞതാകാമെന്ന നിഗമനത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സി എഫ്ബിഐ. കുട്ടിയെ കാണാതായെന്നു പറയുന്ന സമയത്ത് വീട്ടിലെ ഒരുവാഹനം പുറത്തുപോയി മടങ്ങിവന്നുവെന്ന നിര്‍ണായക തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അയല്‍വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. ഈ ദൃശ്യപരിശോധനയിലാണ് തെളിവ് കിട്ടിയത്. ഇതോടെ 1.6 കോടിയുടെ ജാമ്യത്തില്‍ വിട്ടയച്ച വളര്‍ത്തച്ഛന്‍ വെസ്ലി മാത്യു (37) കൊലക്കേസില്‍ പ്രതിയാകുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

അധികം വൈകാതെ ഇയാളെ അറസ്റ്റു ചെയ്‌തേക്കും. എന്നാല്‍ കുട്ടിയെ ദത്തെടുത്തത് കൊച്ചിയില്‍ നിന്നാണെന്ന വാര്‍ത്ത സാമൂഹികനീതി വകുപ്പ് അധികൃതര്‍ നിഷേധിച്ചു. മറ്റേതോ സംസ്ഥാനത്തു നിന്നാകാമെന്നാണ് ഇവരുടെ നിഗമനം. ഈ വിവരം അറിഞ്ഞ ടെകസാസിലെ മലയാളി സമൂഹം ആകെ ഞെട്ടലിലാണ്. മലയാളിയായ വെസ്ലി മാത്യു മറ്റുള്ളവരുമായി അടുക്കുന്ന പ്രകൃതക്കാരനല്ലായിരുന്നുവെന്നു പരിസരവാസികള്‍ പറയുന്നു. കുഞ്ഞിനു സംസാര, വളര്‍ച്ചാ വൈകല്യങ്ങളുണ്ടായിരുന്നതാകാം കൊലപാതകത്തിനു കാരണമെന്നു പൊലീസ് കരുതുന്നു. ഇയാള്‍ ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ റിച്ചാര്‍ഡ്‌സണില്‍ കാണാതായ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന് വേണ്ടിയുള്ള തിരച്ചിലിന് സംഭവം നടന്ന് അഞ്ച് പിന്നിട്ടിട്ടും ഫലമുണ്ടായില്ല.

മൂന്നു വയസുകാരിയെ പാല്‍ കുടിക്കാത്തതിന് വീടിനു പുറത്തു നിര്‍ത്തിയെന്നും പിന്നാലെ കുട്ടിയെ കാണാതെ പോവുകയായിരുന്നുവെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍ ഇതു കള്ളമാണെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പു ദത്തെടുത്ത കുട്ടിയെ ശനിയാഴ്ച മുതലാണ് കാണാതായത്.

കുട്ടിയെ കാണാതായി അഞ്ചുമണിക്കൂറിനു ശേഷമാണ് ഇവര്‍ പോലീസിനെ ഇക്കാര്യം അറിയിച്ചത്. ഇതില്‍ അസ്വഭാവികത തോന്നിയ പോലീസ് ഇവരുടെ സ്വന്തം മകളെ കസ്‌ററഡിയിലെടുത്ത് ചൈല്‍ഡ് കെയര്‍ വിഭാഗത്തിന്റെ സംരക്ഷണയിലാക്കുകയും ചെയ്തു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനും മൃഗങ്ങള്‍ ആക്രമിക്കാനും സാധ്യതയില്ലെന്നു കണ്ടതോടെ സംശയം വെസ് ലിയിലേക്ക് തിരിയുകയായിരുന്നു. പൊലീസ് ശനിയാഴ്ച പിതാവ് വെസ്ലി മാത്യുവിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് രണ്ടരലക്ഷം ഡോളര്‍ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. എഫ്ബിഐയും യുഎസ് മാര്‍ഷല്‍സ് ഓഫീസുമുള്‍പ്പെടെ വിവിധ ഏജന്‍സികളുടെ നേതൃത്വത്തിലാണ് കുഞ്ഞിനായുള്ള അന്വേഷണം പുരോഗമിക്കുന്നത്. വീടിന്റെ പരിസര പ്രദേശങ്ങളില്‍ നിന്ന് അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘങ്ങള്‍. കുഞ്ഞിന് മാനസിക വളര്‍ച്ച കുറവാണെന്നും രാത്രി എഴുന്നേറ്റ് ഭക്ഷണത്തിന് വാശിപിടിക്കാറുണ്ടെന്നും ആ ശീലം മൂലം കുഞ്ഞിന് തൂക്കംകൂടുന്നത് ഒഴിവാക്കാനും ദുശ്ശീലം മാറ്റാനുമാണ് രാത്രി ശകാരിച്ചതും പുറത്ത് നിര്‍ത്തിയതും എന്ന മൊഴിയാണ് പിതാവ് നല്‍കിയിട്ടുള്ളത്. ഇതും വിശ്വാസയോഗ്യമല്ല എന്ന നിലപാടിലാണ് പോലീസ്.

 

Related posts