ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ നൽകിയ പരാതിയിൽ ഹേഗിലെ സ്ഥിരം മാധ്യസ്ഥ കോടതി നടത്തുന്ന നടപടികൾ ഇന്ത്യ ഔദ്യോഗികമായി തള്ളി. കോടതിയുടെ നിയമസാധുത അംഗീകരിക്കുന്നില്ലെന്നും അതിനാൽ നടപടികളിൽ പങ്കാളികളാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ ഈ നിലപാട് നിലനിൽക്കെത്തന്നെ കോടതി വാദം കേൾക്കലുമായി മുന്നോട്ടുപോകുകയാണ്.
ഇന്ത്യയുടെ കിഷൻഗംഗ, ബഗ്ലിഹാർ ജലവൈദ്യുത പദ്ധതികളിലെ പ്രവർത്തന രേഖകൾ ഹാജരാക്കാൻ കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഇന്ത്യ ജലസംഭരണ കണക്കുകളിൽ മാറ്റം വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാനായി പാക്കിസ്ഥൻ ഉന്നയിച്ച ആവശ്യപ്രകാരമാണിത്. എന്നാൽ, കോടതിയുടെ ആവശ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ലെന്നാണ് ഇന്ത്യയുടെ തീരുമാനം.
2025 ഏപ്രിലിൽ പഹൽഗാമിൽ പാക് ഭീകരർ നടത്തിയ ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു പിന്നാലെ സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. ഭീകരവാദവും ചർച്ചകളും ഒരുമിച്ചു പോകില്ലെന്ന കർശന നിലപാടിന്റെ ഭാഗമായാണ് 1960ന് ശേഷം ആദ്യമായി ഇന്ത്യ കരാർ നിർത്തിവച്ചത്.
ഇന്ത്യയുടെ പ്രധാന വാദങ്ങൾ
കരാറിലെ വ്യവസ്ഥകൾ പ്രകാരം സാങ്കേതിക തർക്കങ്ങൾ പരിഹരിക്കേണ്ടത് ന്യൂട്രൽ എക്സ്പെർട്ട് ആണ്. ഇതു നിലനിൽക്കെ കോടതി സമാന്തരമായി കേസ് കേൾക്കുന്നത് നിയമവിരുദ്ധമാണ്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ പാക്കിസ്ഥാൻ നടത്തുന്ന തന്ത്രമാണിത്. പാക്കിസ്ഥാൻ ഭീകരവാദം നിർത്താതെ കരാറിലെ വ്യവസ്ഥകൾ പാലിക്കാൻ ഇന്ത്യ ബാധ്യസ്ഥരല്ല തുടങ്ങിയവയാണ് ഇന്ത്യയുടെ പ്രധാന വാദങ്ങൾ.
പ്രതിസന്ധിയിലായി പാകിസ്ഥാൻ
പാകിസ്ഥാനിലെ കൃഷിയുടെ 80-90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണു നടക്കുന്നത്. നിലവിൽ പാകിസ്ഥാനിലെ പ്രധാന ഡാമുകളായ മംഗ്ല, തർബേല എന്നിവയിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ താഴ്ന്നിരിക്കുകയാണ്. ഇന്ത്യ കരാർ മരവിപ്പിച്ചതോടെ തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്ന് ഭയന്നാണ് പാകിസ്ഥാൻ അന്താരാഷ്ട്ര കോടതികളെയും ഐക്യരാഷ്ട്രസഭയെയും സമീപിച്ചിരിക്കുന്നത്.
ഇന്ത്യ വിട്ടുനിൽക്കുന്നുണ്ടെങ്കിലും നടപടികളുമായി മുന്നോട്ട് പോകാനാണ് ഹേഗിലെ കോടതിയുടെ തീരുമാനം. ഇന്ത്യയുടെ അഭാവത്തിൽ പാക്കിസ്ഥാന്റെ വാദങ്ങൾ മാത്രം കേട്ട് കോടതി വിധി പുറപ്പെടുവിച്ചേക്കാം. എന്നാൽ ഇന്ത്യ ഇതിനെ അംഗീകരിക്കാതെ തള്ളിക്കളയും.
