സൗന്ദര്യ വർധക വസ്തുക്കളെന്ന പേരിൽ വിറ്റഴിക്കപ്പെടുന്ന വിഷക്രീമുകൾ നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ
തിരുവനന്തപുരം: മുഖം വെളുപ്പിക്കാമെന്ന മോഹം മനുഷ്യരെ ഗുരുതര രോഗങ്ങളിലേക്ക് തള്ളിവിടുകയാണ്. വിപണിയിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീമുകൾ വൃക്കകളുടെ പ്രവർത്തനത്തെപ്പോലും തകരാറിലാക്കുന്നുവെന്നമുന്നറിയിപ്പിൽ ഏവരും ജാഗ്രത പാലിക്കേണ്ടതാണ്. മുഖം വെളുപ്പിക്കാനെന്ന പേരിൽ കേരളത്തിലെത്തുന്ന ക്രീമുകളിൽ പലതും നിർമിക്കുന്നത് പാക്കിസ്ഥാനിലെന്ന് ലേബൽ രേഖകൾ. എന്നാൽ ഉപയോഗിക്കുന്നവരെ രോഗികളാക്കുന്ന ഇത്തരം ക്രീമുകൾ പലതും ഇന്ത്യയിലെ പലഭാഗത്തുമാണ് നിർമിച്ചു വിൽപന നടത്തുന്നതെന്നാണു വിവരം.
ഓപ്പറേഷൻ സൗന്ദര്യ എന്ന പേരിൽ കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി പരിശോധന നടത്തിയിട്ടും ഇത്തരം ക്രീമുകളുടെ വിൽപന പൂർണമായി തടയാൻ കഴിയുന്നില്ലെന്ന ദുരവസ്ഥ ഇവയുടെ ഉപയോഗം സംസ്ഥാനത്താകെ വർധിച്ചതിനു തെളിവായാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കരുതുന്നത്.
ഓണ്‍ലൈനിൽ എത്തുന്ന ഇത്തരം ക്രീമുകൾ പിടിച്ചെടുക്കാനും ഏറെ ബുദ്ധിമുട്ടാണ്. സൗന്ദര്യ വർധക വസ്തുക്കൾ വിൽപന നടത്താൻ ലൈസൻസ് ആവശ്യമില്ല.
ഇതു നിർമിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമാണ് ലൈസൻസ് വേണ്ടത്. എന്നാൽ ബ്യൂട്ടി ഷോപ്പുകളിലും ബ്യൂട്ടി പാർലറുകളിലും വിൽപന നടത്തുന്ന ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചെടുക്കുന്പോഴാണ് ലേബലിലെ വിലാസം പോലും വ്യാജമാണെന്നു തെളിയുന്നത്.
വെളുക്കാൻ വിഷം തേക്കൽ!
തിരുവനന്തപുരം: മുഖകാന്തി വർധിപ്പിക്കുമെന്ന അവകാശവാദവുമായി വില്പനയ്ക്കെത്തുന്ന പല ഫെയർനെസ് ക്രീമുകളും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണെന്ന് വ്യക്തമാകുന്നു. മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സർക്കാർ പരിശോധനയും നടപടികളും ശക്തമാക്കുകയാണ്. വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാൻ ചട്ടത്തിൽ ഭേദഗതി കൊണ്ടു വരാൻ സർക്കാർ നീക്കം തുടങ്ങി.
നിരന്തരം പരിശോധന നടത്തി കേസെടുക്കുകയും പിഴ ഉൾപ്പെടെ ഈടാക്കുകയും ചെയ്തിട്ടും നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കർക്കശ നടപടി സ്വീകരിക്കാനാണ് സർക്കാർ നിർദേശം. വ്യാജ ഉത്പന്നങ്ങൾ ഓണ്‍ലൈൻ വഴി പ്രചരിപ്പിക്കുന്നവർക്കെതിരേയും ക്രിമിനൽ നടപടിയുണ്ടാകും. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരിശോധന നടത്തുന്നവർക്കെതിരേയും നടപടി സ്വീകരിക്കും. ആരോഗ്യത്തിനു ഹാനികരമാകുന്ന പ്രോട്ടീൻ പൗഡറിന്റെ വിൽപന നടത്തുന്നവർക്കെതിരേയും സംസ്ഥാന വ്യാപക പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു
മലപ്പുറം: ഫെയർനെസ് ക്രീം ഉപയോഗിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ കേസെടുത്ത് പൊലിസ്. പെൺകുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്ന് അരീക്കോട് സിഐ ഹരിദാസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടി ഈ ക്രീം ഉപയോഗിക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് ക്രീം വാങ്ങിയത്. പെൺകുട്ടിയിൽനിന്നു ശേഖരിച്ച ക്രീമിന്റെ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കുമെന്നും പൊലിസ് അറിയിച്ചു.
വൃക്കരോഗം ബാധിച്ചെന്നു ഗായകൻ സലീം കോടത്തൂർ
മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് താൻ ഗുരുതരമായ വൃക്കരോഗത്തിന് (മെംബ്രനസ് നെഫ്രോപ്പതി) ഇരയായതായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ. കാസർഗോഡുള്ള ഒരു സുഹൃത്ത് നിർദേശിച്ചതിനെ തുടർന്നാണ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്. ഉപയോഗിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ നിറം വച്ചെങ്കിലും, പിന്നീട് മുഖം മുന്പത്തേക്കാൾ കരിവാളിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുകയുമായിരുന്നുവെന്ന് സലീം കോടത്തൂർ പറഞ്ഞു.
ശരീരത്തിൽ നടത്താത്ത പരിശോധനകളൊന്നും ബാക്കിയുണ്ടായിരുന്നില്ലെന്നും, മാസങ്ങളോളം ചികിത്സ നടത്തിയിട്ടും തുടക്കത്തിൽ രോഗകാരണം പോലും കണ്ടെത്താനായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി.
ഗുരുതര ത്വക്ക് രോഗങ്ങൾക്കും ഇടയാക്കും
ഫേസ് ക്രീമുകളിൽ ഒരു ശതമാനം പിപിഎം (പാർട്സ് പെർ മില്ല്യണ്‍) മാത്രമാണ് മെർക്കുറി അനുവദനീയമായിട്ടുള്ളത്. എന്നാൽ കേരളത്തിലെ വിപണിയിൽ നിന്ന് പിടികൂടിയ ഫൈസ, ഗോറി തുടങ്ങിയ ഫേസ്ക്രീമുകളിൽ 20,000 വരെ പിപിഎം മൂല്യം കണ്ടെത്തി. ഇത് ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. പാക്കിസ്ഥാൻ നിർമിതമായ ഈ ക്രീമുകൾ പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കരുത്. ഇവ ബ്യൂട്ടി ഷോപ്പുകളിലും പാർലറുകളിലും ഉപയോഗിക്കുന്നതായും കണ്ടെത്തി. ഇവയുടെ ഉപയോഗം തടയാൻ ഇന്നു മുതൽ റെയ്ഡ് അടക്കമുള്ള കർശന നടപടികൾക്കാണ് സർക്കാർ നിർദേശം.
“ലിപ്സ്റ്റിക് മാത്രമല്ലേ ഇടുന്നുള്ളൂ” എന്ന് കരുതാൻ വരട്ടെ, നിങ്ങൾ പുരട്ടുന്നത് വിഷമാകാം
കോട്ടയം: വേറെ മേക്കപ്പ് സാധനങ്ങളൊന്നും ഉപയോഗിക്കാറില്ല, പുറത്തുപോകുമ്പോൾ ഒരല്പം ലിപ്സ്റ്റിക് മാത്രമേ ഇടാറുള്ളൂ…” നമ്മളിൽ പലരും സാധാരണയായി പറയുന്നതും ചിന്തിക്കുന്നതുമായ കാര്യമാണിത്. മുഖത്തിന് പെട്ടെന്നൊരു പ്രസരിപ്പ് നൽകാൻ സഹായിക്കുന്നതിനാൽ പലരുടെയും ബാഗിലെ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി ലിപ്സ്റ്റിക് മാറിക്കഴിഞ്ഞു. എന്നാൽ, കുറഞ്ഞ വിലയിലും ആകർഷകമായ പരസ്യങ്ങളിലും വഴിയോരങ്ങളിലും ഓൺലൈൻ വിപണികളിലും ലഭ്യമാകുന്ന ബ്രാൻഡഡ് അല്ലാത്തതും വ്യാജവുമായ ലിപ്സ്റ്റിക്കുകൾ വലിയ ആരോഗ്യഭീഷണിയാണ് ഉയർത്തുന്നത്
സൗന്ദര്യക്കൂട്ടിലെ വിഷം: പരിശോധനകളിൽ കണ്ടെത്തിയത്
2026 ഓഗസ്റ്റിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് ‘ഓപ്പറേഷൻ സൗന്ദര്യ’ എന്ന പേരിൽ കേരളത്തിലുടനീളം നടത്തിയ പരിശോധനകളിൽ ലക്ഷക്കണക്കിന് രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ, പിടിച്ചെടുത്ത ചില ലിപ്സ്റ്റിക് സാമ്പിളുകളിലും ഫെയ്സ് ക്രീമുകളിലും അനുവദനീയമായതിലും ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
കൂടാതെ, ന്യൂഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) നടത്തിയ പഠനങ്ങളിലും വിപണിയിലെ വിവിധ ലിപ്സ്റ്റിക്കുകളിൽ ക്രോമിയം, നിക്കൽ തുടങ്ങിയ ഘനലോഹങ്ങളുടെ (Heavy Metals) സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ മലപ്പുറത്ത് സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവത്തിന് പിന്നാലെ, 1 പിപിഎം (ppm) മാത്രം അനുവദനീയമായ മെർക്കുറി 20,000 പിപിഎം വരെ വ്യാജ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നതിന്റെ തെളിവാണിത്.
എന്തുകൊണ്ട് ലിപ്സ്റ്റിക്കുകൾ കൂടുതൽ അപകടകാരികളാകുന്നു?
മറ്റ് സൗന്ദര്യവർധക വസ്തുക്കളെ അപേക്ഷിച്ച് ലിപ്സ്റ്റിക്കുകൾ നേരിട്ട് ചുണ്ടുകളിലാണ് പുരട്ടുന്നത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും ചുണ്ടിലെ ലിപ്സ്റ്റിക്കിന്റെ അംശം നേരിട്ട് ഉള്ളിലേക്ക് ചെല്ലാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഘനലോഹങ്ങളുടെ സാന്നിധ്യം (Heavy Metals): ഉൽപ്പന്നങ്ങൾക്ക് കടുത്ത നിറം നൽകുന്നതിനും കൂടുതൽ നേരം ചുണ്ടിൽ തങ്ങിനിൽക്കുന്നതിനുമായി വ്യാജ നിർമാതാക്കൾ ശുദ്ധീകരിക്കാത്ത ധാതുക്കളും രാസവസ്തുക്കളും ഉപയോഗിക്കുന്നു. ഇതിലൂടെ മെർക്കുറി, ലെഡ്,കാഡ്മിയം, ആഴ്സെനിക്, ക്രോമിയം തുടങ്ങിയ വിഷലോഹങ്ങൾ ശരീരത്തിലെത്തുന്നു.
ആന്തരിക അവയവങ്ങളുടെ തകരാർ: മെർക്കുറി, ലെഡ് തുടങ്ങിയ ലോഹങ്ങൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നത് (Bioaccumulation) വൃക്കകളുടെ പ്രവർത്തനത്തെയും തലച്ചോറിനെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കും.
ചർമ്മരോഗങ്ങളും അലർജിയും: നിലവാരമില്ലാത്ത കൃത്രിമ നിറങ്ങളും സുഗന്ധങ്ങളും ചുണ്ടുകളിൽ കടുത്ത വരൾച്ച, വിണ്ടുകീറൽ, വീക്കം (Contact Dermatitis), ചുണ്ടുകൾ കറുത്തുപോകൽ എന്നിവയ്ക്ക് കാരണമാകുന്നു.
ഹോർമോൺ വ്യതിയാനങ്ങൾ: ഉൽപ്പന്നങ്ങൾ കേടുകൂടാതിരിക്കാൻ ചേർക്കുന്ന പാരബെൻസ് (Parabens), താലേറ്റുകൾ (Phthalates) തുടങ്ങിയ രാസവസ്തുക്കൾ ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തകരാറിലാക്കാൻ സാധ്യതയുണ്ട്.
ഗർഭിണികൾക്കും കുട്ടികൾക്കും ഭീഷണി: ഗർഭിണികൾ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും നാഡീവ്യവസ്ഥയെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നിയമം എന്ത് പറയുന്നു?
കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) നടപ്പിലാക്കുന്ന ‘കോസ്മെറ്റിക്സ് റൂൾസ് 2020’ (Cosmetics Rules, 2020) റൂൾ 39(5) പ്രകാരം, ലിപ്സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സാധാരണ സൗന്ദര്യവർധക വസ്തുക്കളിൽ ബോധപൂർവം മെർക്കുറി ചേർക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
അസംസ്കൃത ധാതുക്കളിൽ നിന്ന് സ്വാഭാവികമായി വന്നുചേരാവുന്ന നേരിയ അംശം പരമാവധി 1 പിപിഎം (1 ppm) വരെയാണ് അനുവധിച്ചിട്ടുള്ളത്. കണ്ണിൽ ഉപയോഗിക്കുന്ന മസ്കാര, ഐലൈനർ എന്നിവയിൽ പ്രിസർവേറ്റീവ് എന്ന നിലയിൽ മാത്രം 70 ppm വരെ ഇളവുണ്ടെങ്കിലും, അതും പൂർണ്ണമായി നിരോധിക്കാനുള്ള നടപടികളിലാണ് സർക്കാർ.
പ്രതിരോധം ജാഗ്രത മാത്രം
കോസ്മറ്റിക് പ്രോഡക്റ്റുകൾ വാങ്ങുമ്പോൾ വിലക്കുറവിനേക്കാൾ ഉപരി സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടത്.
വിശ്വാസയോഗ്യമായ ബ്രാൻഡുകളിൽനിന്നും അംഗീകൃത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നോ മാത്രം ഉൽപ്പന്നങ്ങൾ വാങ്ങുക.
പാക്കറ്റിന് പുറത്തെ ലേബലിൽ നിർമാണ ലൈസൻസ് നമ്പറും ചേരുവകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
എന്തെങ്കിലും അസ്വസ്ഥതയോ നിറവ്യത്യാസമോ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഉൽപ്പന്നത്തിന്റെ ഉപയോഗം നിർത്തി ചർമ്മരോഗ വിദഗ്ധന്റെ സഹായം തേടുക.
ചുണ്ടുകളിൽ വിരിയുന്ന നിറങ്ങൾ നമ്മുടെ ജീവിതത്തിന്റെ നിറം കെടുത്തുന്നതാകരുത്. കുറഞ്ഞ വിലയുടെ ആകർഷണത്തിൽ വീണുപോകാതെ, സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ മാത്രം തെരഞ്ഞെടുക്കാൻ നാം ശ്രദ്ധിക്കണം.
ചര്‍മം വെളുക്കാന്‍ വിഷം പുരട്ടണോ?
കൊച്ചി: നിറം അല്പംകൂടി വെളുക്കണം. മുഖത്തെ കറുത്ത പാടുകള്‍ മാറണം. ചര്‍മത്തിനു തിളക്കം വേണം. ഈ ആഗ്രഹങ്ങളുമായി ഫെയര്‍നെസ് ക്രീമുകളെ ആശ്രയിക്കുന്നവര്‍ അറിയുന്നുണ്ടോ സൗന്ദര്യം വാഗ്ദാനം ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ ആരോഗ്യത്തിനു ഭീഷണിയാകാമെന്ന്? മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഫെയര്‍നെസ് ക്രീം ഓണ്‍ലൈനില്‍ വാങ്ങി ഉപയോഗിച്ച മലപ്പുറത്തെ 17കാരിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ചര്‍മത്തിന്റെ നിറം മാറ്റാമെന്ന പരസ്യവാഗ്ദാനങ്ങള്ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്ന രാസഘടകങ്ങളാകാം. മെര്‍ക്കുറി, ഹൈഡ്രോക്വിനോണ്‍, ശക്തിയേറിയ കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ എന്നിവയടങ്ങിയ ക്രീമുകളുടെ അനിയന്ത്രിത ഉപയോഗം ചര്‍മത്തെ മാത്രമല്ല ശരീരത്തിന്റെ ആന്തരികാവയവങ്ങളെയും ബാധിക്കാം.
വെളുത്ത നിറമാണു സൗന്ദര്യത്തിന്റെ മാനദണ്ഡമെന്ന സാമൂഹിക കാഴ്ചപ്പാടും പരസ്യങ്ങളുടെ സ്വാധീനവും ഇത്തരം ഉത്പന്നങ്ങളുടെ വിപണി വളരാന്‍ കാരണമാകുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നിറം മാറ്റാമെന്നും മുഖത്തെ പാടുകള്‍ പൂര്‍ണമായി ഇല്ലാതാക്കാമെന്നും അവകാശപ്പെടുന്ന ക്രീമുകള്‍ക്ക് ആവശ്യക്കാരേറെയാണ്. എന്നാല്‍ ഇത്തരം ഉത്പന്നങ്ങളുടെ ചേരുവകളും സുരക്ഷയും പരിശോധിക്കാതെയുള്ള ഉപയോഗം വലിയ അപകടത്തിലേക്കാണു നയിക്കുന്നത്.
വിഷാംശം ശരീരത്തിലെത്തുമ്പോള്‍
ചര്‍മം വെളുപ്പിക്കുന്ന ചില ക്രീമുകളില്‍ ഉപയോഗിക്കുന്ന മെര്‍ക്കുറി ആരോഗ്യത്തിന് ഏറെ അപകടകരമായ ഘടകമാണെന്ന് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഡെര്‍മറ്റോളജി ആന്‍ഡ് വെനീരിയോളജി സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. അനുരാധ കാക്കനാട്ട് ബാബു പറയുന്നു. ചര്‍മത്തിലൂടെ ശരീരത്തിലെത്തുന്ന മെര്‍ക്കുറി വൃക്കകളെയും നാഡീവ്യൂഹത്തെയും ബാധിക്കാം. ദീര്‍ഘകാല സമ്പര്‍ക്കം വിറയല്‍, മരവിപ്പ്, ഓര്‍മക്കുറവ് തുടങ്ങിയ നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം.
ചര്‍മത്തിലെ മെലാനിന്‍ ഉത്പാദനം കുറയ്ക്കുന്നതിലൂടെ നിറം മാറ്റാന്‍ ഉപയോഗിക്കുന്ന ഘടകമാണു ഹൈഡ്രോക്വിനോണ്‍. ചില പ്രത്യേക ചര്‍മപ്രശ്നങ്ങള്‍ക്കു ഡോക്ടറുടെ നിര്‍ദേശപ്രകാരം നിയന്ത്രിതമായി ഉപയോഗിക്കാമെങ്കിലും അനിയന്ത്രിതവും ദീര്‍ഘകാലവുമായ ഉപയോഗം ചര്‍മത്തില്‍ നീലകലര്‍ന്ന കറുത്ത പാടുകള്‍ രൂപപ്പെടാന്‍ ഇടയാക്കും. അലര്‍ജി, ചര്‍മവീക്കം, അസ്വസ്ഥത എന്നിവയും ഉണ്ടാകാം.
സ്റ്റിറോയിഡുകള്‍ അടങ്ങിയ ക്രീമുകളാണു മറ്റൊരു ഭീഷണി. പെട്ടെന്നു നിറവ്യത്യാസം അനുഭവപ്പെടാമെങ്കിലും തുടര്‍ച്ചയായ ഉപയോഗം ചര്‍മം നേര്ത്തുപോകുന്നതിനും മുഖക്കുരു, ചുവപ്പുനിറം, രക്തക്കുഴലുകള്‍ തെളിഞ്ഞുകാണല് തുടങ്ങിയ പ്രശ്നങ്ങള്‍ക്കും കാരണമാകും. ചര്‍മത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതോടെ അണുബാധയ്ക്കുള്ള സാധ്യതയും വര്‍ധിക്കും. ശക്തിയേറിയ സ്റ്റിറോയിഡുകള്‍ മുഖത്ത് ദീര്‍ഘകാലം ഉപയോഗിക്കുന്നത് കൂടുതല്‍ അപകടകരമാണ്. ഇത്തരം ക്രീമുകളുടെ സ്ഥിരമായ ഉപയോഗം ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണകവചത്തെ ബാധിക്കും. ദീര്‍ഘകാലം ഉപയോഗിച്ചാല്ചര്മത്തിനു കറുപ്പ് നിറമുണ്ടാകും.
കോര്‍ട്ടിക്കോ സ്റ്റിറോയിഡുകള്‍ ദീര്‍ഘകാലം ഉപയോഗിച്ചാല്‍ മുഖത്തെ ചര്‍മം നേര്‍ക്കാനും പെട്ടെന്നു മുറിവുകളുണ്ടാകാനും സാധ്യതയുണ്ട്. തുടയിടുക്കുകള്‍, കക്ഷം എന്നിവിടങ്ങളില്‍ സ്ട്രെച്ച് മാര്‍ക്കുകളും ഉണ്ടാകാമെന്ന് ഡോ. അനുരാധാ കാക്കനാട്ട് ബാബു പറഞ്ഞു.
ലേബലില്‍ ഇല്ലാത്ത ചേരുവകള്‍; അപകടം അറിയാതെ
വിപണിയില്‍ ലഭിക്കുന്ന എല്ലാ ഫെയര്‍നെസ് ക്രീമുകളിലും ഇത്തം അപകടകരമായ ഘടകങ്ങളുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ചേരുവകള്‍ കൃത്യമായി രേഖപ്പെടുത്താത്തതും ഗുണനിലവാരം ഉറപ്പില്ലാത്തതുമായ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളെ അപകടത്തിലാക്കുന്നു. ഓണ്‍ലൈന്‍ വിപണികളിലൂടെയും സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയും ലഭിക്കുന്നവ വാങ്ങുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണം.
പാക്കറ്റിലെ ലേബല്‍, നിര്‍മാതാവിന്റെ വിവരങ്ങള്‍, ഘടകങ്ങളുടെ പട്ടിക, അംഗീകാരവിവരങ്ങള് എന്നിവ പരിശോധിക്കാതെ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ചര്‍മത്തിന്റെ നിറം വെളുപ്പിക്കാമെന്ന വാഗ്ദാനങ്ങള്‍ ശാസ്ത്രീയമായ ഉറപ്പുകളല്ല. ഒരാളുടെ സ്വാഭാവിക ചര്‍മനിറം നിര്‍ണയിക്കുന്നതില്‍ ജനിതകഘടകങ്ങള്‍ക്കും മെലാനിനുമാണ് പ്രധാന പങ്ക്. നിറം മാറ്റാനുള്ള ശ്രമത്തില്‍ ചര്‍മത്തിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനത്തെ തകരാറിലാക്കുന്നത് സൗന്ദര്യസംരക്ഷണമല്ല, ആരോഗ്യത്തിന് വരുത്തുന്ന ദോഷമാണ്.
സൗന്ദര്യത്തിന് നിറമല്ല മാനദണ്ഡം
കറുത്ത പാടുകള്‍, മുഖക്കുരുവിനു ശേഷമുള്ള നിറവ്യത്യാസം, മെലാസ്മ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു ഫെയര്‍നെസ് ക്രീമുകളെ സ്വയം ചികിത്സയായി ആശ്രയിക്കരുത്. ഓരോ ചര്മപ്രശ്നത്തിനും അതിന്റേതായ ചികിത്സാരീതികളുണ്ട്. ഡെര്മറ്റോളിസ്റ്റിന്റെ നിര്‍ദേശപ്രകാരം ചികിത്സ തേടുന്നതാണ് സുരക്ഷിതം.
ഇത്തരം ക്രീമുകള്‍ ഉപയോഗിച്ചതിനെത്തുടര്‍ന്ന് ചര്‍മത്തില്‍ അസ്വാഭാവിക മാറ്റങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടണം. സ്റ്റിറോയിഡ് ക്രീമുകള്‍ ദീര്‍ഘകാലമായി ഉപയോഗിക്കുന്നവര്‍ അവയുടെ ഉപയോഗം എങ്ങനെ അവസാനിപ്പിക്കണമെന്ന് ഡോക്ടറോടു ചോദിക്കണം. കുട്ടികളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആയതിനാല്‍ ഇത്തരത്തിലുള്ള ക്രീമുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
ലിപ്സ്റ്റിക്കിലും ഫേസ്ക്രീമിലും മെർക്കുറിയുടെ അളവ് കൂടുതൽ
തിരുവനന്തപുരം: രണ്ടു മാസം മുമ്പ് ഓപറേഷൻ സൗന്ദര്യ എന്ന പേരിൽ ഡ്രഗ്സ് കണ്ട്രോൾവകുപ്പു നടത്തിയ റെയ്ഡിൽ 10 ലക്ഷത്തോളം രൂപയുടെ വ്യാജസൗന്ദര്യ വസ്തുക്കൾ പിടിച്ചെടുത്തിരുന്നു. ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാന്പിളുകളിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ മെർക്കുറിയുടെ അംശവും കണ്ടെത്തി. ഇതു വൃക്കകളിൽ അടക്കം ഗുരുതര രോഗങ്ങൾക്ക് ഇടയാക്കുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു.
കോസ്മെറ്റിക്സ് റൂൾസ് 2020 പ്രകാരം മാനദണ്ഡം പാലിക്കാത്തതും മതിയായ കോസ്മെറ്റിക്സ് നിർമാണ ലൈസൻസുകളില്ലാതെ നിർമിച്ചു വിതരണം ചെയ്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യവർധക വസ്തുക്കളാണ് പിടിച്ചെടുത്തത്. കൗമാര പ്രായക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ വ്യാപകമാണെന്നു കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന. സാന്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധനയ്ക്കായി വകുപ്പിന്റെ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിലേക്ക് അയച്ചു.
ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന സാഹചര്യം നിലവിലുള്ളതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. മുഖചർമം വെളുപ്പിക്കാനുള്ള ക്രീമുകളുടെ അമിതവും ദീർഘകാലവുമായ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും കണ്ടെത്തി. നിർമാതാവിന്റെ പേരും പൂർണ വിലാസവും ഇവയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളുടെ വിവരവും ലേബലിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കി വേണം സൗന്ദര്യവർധക വസ്തുക്കൾ വാങ്ങാനെന്നാണ് അധികൃതർ പറയുന്നത്. പരാതികൾ ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ ടോൾ-ഫ്രീ ഹെല്പ്ലൈന്:1800-425-3182 മുഖേന നൽകാം.
ഓണ്‍ലൈനിൽ വിൽക്കുന്ന ക്രീമുകൾക്കു നിയന്ത്രണം കൊണ്ടുവരും: മന്ത്രി
മുഖകാന്തി വർധിപ്പിക്കാനായി ഓണ്‍ലൈനിൽ വിൽക്കുന്ന ക്രീമുകൾക്കു നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഇത്തരം ക്രീമുകൾക്കെതിരേ പരാതി കിട്ടുന്നതനുസരിച്ച് സർക്കാരിന്റെ ഭാഗത്തുനിന്നു നടപടിയുണ്ടാകും. ഇതു വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം.
പരാതി കിട്ടിയാൽ നടപടിയിലേക്കു പോകും. സർക്കാർ അംഗീകരിച്ച ക്രീമുകൾ മാത്രമേ വാങ്ങാവൂ എന്നും മന്ത്രി പറഞ്ഞു.
ഫെയർനസ് ക്രീം: നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പതിനേഴുകാരി
മലപ്പുറം: മെർക്കുറി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് വൃക്കരോഗം ബാധിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു പതിനേഴുകാരി. ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും ഉപയോഗിച്ച ക്രീമിന്റെ സാമ്പിൾ പൊലിസിനു കൈമാറിയിട്ടുണ്ടെന്നും പെൺകുട്ടി മാധ്യമങ്ങളോടു പറഞ്ഞു. എഫ് ട്യൂൺ എന്ന ക്രീം ഉപയോഗിച്ചതിനെത്തുടർന്നാണ് തനിക്ക് രോഗബാധയുണ്ടായതെന്ന് പെൺകുട്ടി വ്യക്തമാക്കി.
മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടാൻ തുടങ്ങിയതോടെയാണു രോഗാവസ്ഥ ഗൗരവമായി കണ്ട് ചികിത്സ തേടിയത്. ആദ്യഘട്ടത്തിൽത്തന്നെ കണ്ടെത്താനായതുകൊണ്ടാണ് വലിയ അപകടത്തിൽനിന്ന് രക്ഷപ്പെടാനായത്. എങ്കിലും ത്വക്കിന് ഇതിനോടകം ഗുരുതരമായ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും അത് പഴയപടിയാക്കാൻ ഇനിയും മികച്ച ചികിത്സ ആവശ്യമാണെന്നും പെൺകുട്ടി പറഞ്ഞു.
തന്റെ ക്ലാസിലെ ഒട്ടേറെ കുട്ടികൾ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നുണ്ട്. ക്രീം ഉപയോഗിക്കുന്ന പലർക്കും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതായി പറയുന്നുണ്ട്. താൻ എന്തായാലും ഇതിൽ അകപ്പെട്ടുപോയെന്നും മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്നു കരുതിയാണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്നും പെൺകുട്ടി പറഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ മോശം കമന്റുകളിട്ട് വേദനിപ്പിക്കുന്നവരുണ്ട്. നിലവിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നവർ ഉടൻ അത് നിർത്തണമെന്നും ആരോഗ്യപ്രശ്നമുള്ളവർ മടിക്കാതെ വീട്ടുകാരെ അറിയിക്കണമെന്നും പെൺകുട്ടി അഭ്യർഥിച്ചു.
