ജിഎസ്ടി വന്നതുകൊണ്ട് രാജ്യത്ത് വലിയതോതില്‍ തൊഴില്‍ വര്‍ദ്ധിച്ചെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി! അപ്പോള്‍ ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അതിലും നല്ലതല്ലേയെന്ന് കമന്റ്; സോഷ്യല്‍മീഡിയയില്‍ കേന്ദ്രമന്ത്രിയ്‌ക്കെതിരെയുള്ള ട്രോളുകളുടെ ബഹളം

മണ്ടത്തരങ്ങള്‍ പറയുന്നതില്‍ ഒന്നിനൊന്ന് മിടുക്കരാണ് തങ്ങളെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ബിജെപി മന്ത്രിമാരും പരിവാരങ്ങളും. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഇപ്പോള്‍ പുതിയ പ്രസ്താവനയിലൂടെ വിവാദത്തില്‍ പെട്ടിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കിയത് രാജ്യത്തെ തൊഴില്‍ വര്‍ധനയ്ക്കു കാരണമായിത്തീര്‍ന്നെന്ന കേന്ദ്രമന്ത്രിയുടെ ട്വീറ്റിനെതിരെ ട്വിറ്ററില്‍ മുഴുവന്‍ പൊങ്കാലയാണ്. ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വന്‍ തൊഴിലവസരമാണ് സൃഷ്ടിച്ചതെന്നായിരുന്നു സ്മൃതി ഇറാനിയുടെ ട്വീറ്റ്. ഇതോടെ നിരവധിയാളുകളാണ് മന്ത്രിയെ പരിഹസിച്ചുകൊണ്ട് ട്വീറ്റുകളുമായി രംഗത്തെത്തിയത്.

വലിയൊരു ഭൂകമ്പം നിര്‍മ്മാണ മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും എന്ന് പറയുന്നതു പോലെയാണല്ലോ ഇതെന്നായിരുന്നു ഒരാളുടെ കമന്റ്. ഡെങ്കിപ്പനി വരുന്നത് ഹോസ്പിറ്റലുകള്‍ക്ക് നല്ല കാലമാണെന്ന് പറയുന്നതു പോലെയാണിതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. തീവ്രവാദികള്‍ ജനങ്ങളെ കൊല്ലുന്നത് സെമിത്തേരി ജോലിക്കാര്‍ക്ക് അവസരങ്ങള്‍ കൂടുമെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു. നിങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. ദയവായി നിങ്ങള്‍ മന്ത്രിസ്ഥാനം രാജിവെക്കൂ, ഇത് കേന്ദ്ര മന്ത്രി സഭയില്‍ ഒരു പോസ്റ്റ് വര്‍ധിപ്പിക്കുമെന്നും മറ്റൊരാള്‍ പറഞ്ഞു.

ജി.എസ്.ടി സാധാരണക്കാര്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിന്റെ തെളിവാണ് ചെറുകിട കച്ചവടക്കാര്‍ക്കു വരെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ സഹായം വേണമെന്നതെന്നും, എന്തെങ്കിലുമൊക്കെ ട്വീറ്റ് ചെയ്യുന്നതിന് മുമ്പ് ആരോടെങ്കിലും അഭിപ്രായം ചോദിച്ച് ചെയ്യണമെന്നും മറ്റൊരാള്‍ പറഞ്ഞു. ഇങ്ങനെ സ്മൃതി ഇറാനിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ജി.എസ്.ടിയടക്കം കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തൊഴില്‍ മേഖലയുടെ നട്ടെല്ലൊടിച്ചു എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് സര്‍ക്കാരിനെ ന്യായീകരിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയത്.

Related posts