തൊടുപുഴ: തെരഞ്ഞെടുപ്പ് ആവേശം ഒഴിഞ്ഞതോടെ നാട് ക്രിസ്മസ് ആരവത്തിലേക്ക്. ക്രിസ്മസിന്റെ വരവറിയിച്ചു വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം നക്ഷത്രവിളക്കുകള്‍ മിഴിതുറന്നു. വിദ്യാലയങ്ങളില്‍ ഇന്നു മുതല്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാകും. പരീക്ഷ തീരുന്ന 23 വരെ സ്കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കും. വ്യാപാര സ്ഥാപനങ്ങളിലും തിരക്കേറി. ക്രിസ്മസ് -പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് പ്രത്യേക ഇളവുകൾ പല വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വസ്ത്രശാലകളിലും ക്രിസ്മസ് ഉത്പന്നങ്ങളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങളിലുമാണ് തിരക്കു കൂടുതല്‍.
വ്യാപാരസ്ഥാപനങ്ങളില്‍ പ്രത്യേക ക്രിസ്മസ് കോര്‍ണറുകള്‍ ഒരുക്കി ആകര്ഷകമാക്കിയിട്ടുണ്ട്. വിപണിയില്‍ പല ഇനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവില്ല. നക്ഷത്രങ്ങള്‍, പുല്‍ക്കൂട് സെറ്റുകള്‍, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉള്‍പ്പെടുന്ന വിവിധ രൂപങ്ങള്‍, അലങ്കാരദീപങ്ങള്‍ എന്നിവയ്ക്കു തന്നെയാണ് വിപണികളില്‍ ഇപ്പോഴും മുന്‍തൂക്കം. വ്യത്യസ്തതകള്‍ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. ബേക്കറികളില്‍ വിവിധയിനം കേക്കുകളുടെ വില്പനയും സജീവമായി.
പേപ്പറില്‍ നിര്‍മിച്ച നക്ഷത്രങ്ങള്‍ക്കു 30 മുതല്‍ 800 രൂപ വരെയാണ് വില. നിറങ്ങളുടെ വൈവിധ്യം നല്കുന്ന എല്‍ഇഡി സ്റ്റാറിന്റെ വില 100 രൂപ മുതല്‍ 2800 രൂപ വരെയാണ്. ക്രിസ്മസ് രാവുകളെ വര്‍ണാഭമാക്കുന്ന എല്‍ഇഡി മാല ബള്‍ബുകള്‍ 50 രൂപ മുതല്‍ ലഭ്യമാണ്. ചൂരല്‍ ഉപയോഗിച്ചു നിര്‍മിച്ച പുല്‍ക്കൂടിനും ഇത്തവണയും ആവശ്യക്കാര്‍ കൂടുതലാണ്. ഒരു തവണ വാങ്ങിയാല്‍ ഏതാനും വര്‍ഷം ഇത് ഉപയോഗിക്കാം. 600 രൂപയാണ് കുറഞ്ഞ വില. 1000, 1500 രൂപയുടെ പുല്‍ക്കൂടുകളും വിപണിയില്‍ സുലഭം.
രണ്ടടി മുതല്‍ 12 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകള്‍ വില്പനയ്ക്കുണ്ട്.കടുംപച്ച, വെള്ള തുടങ്ങി വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ക്രിസ്മസ് ട്രീകള്‍ വിപണിയില്‍ ലഭ്യമാണ്. മേശപ്പുറത്തു വയ്ക്കാവുന്ന ചെറുതു മുതല്‍ 12 അടിയുള്ള കൂറ്റന്‍ ട്രീ വരെ വിപണിയിലുണ്ട്. വൈദ്യുത ദീപാലങ്കാരത്തോടെയും അല്ലാതെയും ട്രീകള്‍ ലഭിക്കും. ഒരടിയുള്ള ചെറിയ ക്രിസ്മസ് ട്രീയ്ക്ക് 120 രൂപയാണ് വില. അടുത്ത ക്രിസ്മസ് കാലത്തേക്ക് മടക്കി സൂക്ഷിക്കാന്‍ കഴിയുന്നവയുമുണ്ട്. വില കൂടുമെങ്കിലും വര്‍ഷങ്ങളോളം സൂക്ഷിച്ചു വയ്ക്കാവുന്ന ക്രിസ്മസ് ട്രീകള്‍ക്ക് ആവശ്യക്കാരേറെയാണ്. മഞ്ഞുപെയ്യുന്ന രീതിയിലുള്ള പൈന്‍ സ്നോ ക്രിസ്മസ് ട്രീകളാണ് വിപണിയിലെ പ്രധാന ആകര്‍ഷണം.
സാന്താക്ലോസിന്റെ വേഷവിധാനങ്ങളുടെ വില്പനയും സജീവമാണ്. മൂന്നു വയസ് പ്രായമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്കു സാന്തായുടെ വേഷം ലഭ്യമാണ്. വില 350 മുതല്‍ 2500 രൂപ വരെ. വൈവിധ്യമാര്‍ന്ന സമ്മാനങ്ങള്‍, ആശംസാകാര്‍ഡുകള്‍ എന്നിവയും വിപണിയിലുണ്ട്.
ക്രിസ്മസ് അടുക്കുന്നതോടെ കരോള്സംഘങ്ങളും ഗ്രാമ, നഗരങ്ങളില്‍ സജീവമാകും. മുന്‍കാലങ്ങളില്‍ ക്ലബ്ബുകളുടെയും മറ്റും നേതൃത്വത്തില്‍ കരോള്‍ സംഘങ്ങള്‍ നാടുനീളെ ചുറ്റുമായിരുന്നു. ഇപ്പോള്‍ പേരിനുമാത്രമാണ് കരോള്‍സംഘങ്ങള്‍ ഇറങ്ങുന്നത്. യുവാക്കളുടെ കൂട്ടായ്മകള്‍ കുറഞ്ഞതാണ് കരോള്‍ സംഘങ്ങള്‍ക്ക് കുറവുവരാന്‍ കാരണം.
വരും ദിവസങ്ങളില്‍ പടക്കവിപണിയും സജീവമാകും. പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഉണ്ടെങ്കിലും ക്രിസ്മസിനും പുതുവത്സരത്തിനും അല്പം ശബ്ദം ഇല്ലെങ്കില്‍ ആഘോഷം പൂര്‍ണമാകില്ലെന്നാണ് ജനങ്ങളുടെ പക്ഷം.ഇതിനു പുറമേ ജില്ലയിലെ ടൂറിസം മേഖലയും ഏറെ പ്രതീക്ഷയിലാണ്.
വിന്റര്‍ സീസണില്‍ ഒട്ടറെ പേരാണ് ഇടുക്കിയുടെ വൈബ് ആസ്വദിക്കാനെത്തുന്നത്. മൂന്നാറില്‍ തണുപ്പ് മൈനസ് ഡിഗ്രിയായി കഴിഞ്ഞു. മഞ്ഞും തണുപ്പും ആസ്വദിക്കാന്‍ അടുത്ത ദിവസങ്ങളില്‍ ജില്ലയിലേക്ക് സന്ദര്‍ശകരുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
