ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ള 111 കാരിയായ വാങ് ഗൈയിംഗ് എന്ന വയോധികയാണ് തന്റെ ദീർഘായുസ്സിന്റെയും ആരോഗ്യത്തിന്റെയും ലളിതമായ രഹസ്യങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയാകുന്നത്. 100 വയസ്സ് തികഞ്ഞ ശേഷവും വയലുകളിൽ ജോലി ചെയ്തിരുന്ന ഇവർ, ഇപ്പോഴും വീട്ടുജോലികൾ സ്വന്തമായി ചെയ്താണ് ആരോഗ്യം നിലനിർത്തുന്നത്. ശരീരം എപ്പോഴും ചലനാത്മകമായി വെക്കുന്നതാണ് തന്റെ ഊർജ്ജസ്വലതയ്ക്ക് കാരണമെന്ന് ഇവർ പറയുന്നു.
ലളിതവും മിതമായതുമായ ഭക്ഷണരീതിയാണ് വാങ് പിന്തുടരുന്നത്. ദഹിക്കാൻ എളുപ്പമുള്ള മീൻ വിഭവങ്ങളാണ് ഇവരുടെ പ്രധാന ഭക്ഷണം. അമിതമായി ഭക്ഷണം കഴിക്കാതെ വ്യത്യസ്ത തരം ആഹാരങ്ങൾ ആവശ്യത്തിന് മാത്രം കഴിക്കുന്നതാണ് ഇവരുടെ ശീലം.
ശാരീരിക ആരോഗ്യത്തോടൊപ്പം മനസ്സിന്റെ സമാധാനവും വാങ് പ്രാധാന്യത്തോടെ കാണുന്നു. ദേഷ്യം പൂർണമായും ഒഴിവാക്കുകയും ദിവസം ഒരു നല്ല കാര്യമെങ്കിലും ചെയ്യുകയും ചെയ്യുക എന്നതാണ് ഇവരുടെ നയം. പ്രശ്നങ്ങളോ മനഃപ്രയാസങ്ങളോ ഉണ്ടായാൽ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കാതെ നല്ലൊരു ഉറക്കത്തിലൂടെ അത് മറക്കാൻ ഇവർ ശ്രമിക്കുന്നു.
രാത്രി 7 മണി മുതൽ രാവിലെ 7 മണി വരെ തുടർച്ചയായി 12 മണിക്കൂർ ഉറങ്ങുന്ന വാങ്, പകൽ സമയങ്ങളിലും ലഘുവായി ഉറങ്ങാറുണ്ട്. വാങ് ജീവിക്കുന്ന റുഗാവോ പ്രവിശ്യയിലെ ധാതുക്കളാൽ സമ്പന്നമായ മണ്ണും അവിടെ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ ഭക്ഷണപദാർത്ഥങ്ങളും ഇവിടുള്ള ആളുകളുടെ ദീർഘായുസ്സിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
