21 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയുടെ സഹായത്തോടെ ഒരു യുവാവ് കുടുംബത്തിലേക്ക് തിരിച്ചെത്തി. ബീഹാറിലെ മധുബനി ജില്ലക്കാരനായ റാം ശങ്കർ കുഷ്വാഹ (36) എന്ന യുവാവാണ് ഒരു ഫേസ്ബുക്ക് വീഡിയോയുടെ സഹായത്തോടെ വീണ്ടും സ്വന്തം കുടുംബവുമായി ഒന്നിച്ചത്.
2005ൽ പതിനഞ്ചാം വയസിലാണ് ശങ്കറിനെ ഗ്രാമത്തിൽ നിന്ന് കാണാതാകുന്നത്. മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ശങ്കർ, ഗ്രാമത്തിലെ ഉത്സവത്തിന് ശേഷം മടങ്ങിയ സാധുക്കളുടെ കൂടെ ട്രെയിൻ കയറി പോകുകയായിരുന്നു. വഴിതെറ്റിപ്പോയ ശങ്കർ പിന്നീട് വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഒടുവിൽ മധ്യപ്രദേശിലെ ഗ്വാളിയോറിലെത്തി.
ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2018ൽ പോലീസാണ് ശങ്കറിനെ സർക്കാർ ഷെൽട്ടർ ഹോമിലെത്തിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം അവിടെയായിരുന്നു.
2026 സെപ്റ്റംബറിൽ ഗ്വാളിയോർ ഡിഎസ്പി സന്തോഷ് പട്ടേൽ ഷെൽട്ടർ ഹോം സന്ദർശിച്ചപ്പോൾ ശങ്കറുമായി സംസാരിച്ചു. കൃത്യമായ വിലാസം ഓർമയില്ലെങ്കിലും സ്വന്തം പേരും പിതാവിന്റെ പേരും കുടുംബത്തിന്റെ ഭൂമിയുടെ വിവരങ്ങളും ശങ്കർ പറഞ്ഞു.
ഡിഎസ്പി ഈ സംഭാഷണം വീഡിയോയായി ചിത്രീകരിച്ച് ഫേസ്ബുക്കിൽ പങ്കുവെക്കുകയായിരുന്നു. സെപ്റ്റംബർ 4ന് ശങ്കറിന്റെ സഹോദരൻ ലളിത് ശാസ്ത്രി ഈ പോസ്റ്റ് കണ്ടതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. 70 കാരിയായ അമ്മ ലക്ഷ്മി ദേവി വീഡിയോ കണ്ടയുടൻ കരഞ്ഞുകൊണ്ട് മകനെ തിരിച്ചറിഞ്ഞു.
രേഖകളോ വിദ്യാഭ്യാസമോ ഇല്ലാത്തതിനാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കുടുംബം ശങ്കറിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രതീക്ഷകൾ അസ്തമിച്ചിരുന്ന കുടുംബത്തിന് 21 വർഷങ്ങൾക്ക് ശേഷമുള്ള ശങ്കറിന്റെ തിരിച്ചുവരവ് വലിയൊരു സന്തോഷമാണ് സമ്മാനിച്ചിരിക്കുന്നത്.
