ബേഗൽ വിൽക്കുന്ന കടയ്ക്കുള്ളിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന മുതലയെ കണ്ട് പരിഭ്രാന്തരായി ജീവനക്കാരും ഉപഭോക്താക്കളും. അമേരിക്കയിലെ നോർത്ത് കരോലിനയിലെ സൗത്ത്പോർട്ടിലുള്ള ‘ബേഗൽ ഡോക്ക് എക്സ്പ്രസ്’ എന്ന കടയിലാണ് ഈ വിചിത്ര സംഭവം നടന്നത്.
കടയുടെ പിൻവാതിലിലൂടെ അകത്തുകടന്ന ഏകദേശം മൂന്ന് അടി നീളമുള്ള മുതല, സാധനങ്ങൾ സൂക്ഷിക്കുന്ന മുറിയിലൂടെ നടന്ന് മുൻവശത്തെ കൗണ്ടറിന് സമീപത്തേക്ക് എത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മുതല കടയ്ക്കുള്ളിലൂടെ നീങ്ങുന്നത് കണ്ട് പരിഭ്രാന്തനായ ഒരു ഉപഭോക്താവ് സ്വയം രക്ഷയ്ക്കായി കസേരയെടുത്ത് അതിനെ നേരിടാൻ തയ്യാറെടുക്കുന്നത് കാണാം.
കട ഉടമയായ ജെസ്സി ഡ്രിസ്കോൾ പുതിയ ഓവൻ സ്ഥാപിക്കുന്നതിനിടയിലാണ് മുതല അകത്തുകയറിയത്. താൻ ഒരിക്കലും ഒരു ബേഗൽ ഷോപ്പിൽ മുതലയെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു.
അമേരിക്കൻ ആലിഗേറ്റർ വിഭാഗത്തിൽപ്പെട്ട ഈ മുതലയെ സൗത്ത്പോർട്ട് പോലീസും മൃഗസംരക്ഷണ ഓഫീസറും ചേർന്ന് സുരക്ഷിതമായി പിടികൂടി സ്വാഭാവികവാസസ്ഥലത്തേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ, “ഞങ്ങളുടെ ഫ്രഷ് ബേഗലുകളുടെ രുചിയെക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ കാടുകളിലും എത്തിയെന്ന് തോന്നുന്നു” എന്ന് തമാശരൂപേണ കടയുടമകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നോർത്ത് കരോലിനയുടെ തീരദേശ മേഖലകളിൽ മനുഷ്യരും മുതലകളും തമ്മിൽ നേരിട്ടുകാണുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണെന്ന് വന്യജീവി വിഭവ കമ്മീഷൻ വ്യക്തമാക്കുന്നു.
