പതിറ്റാണ്ടുകളായി ക്രിക്കറ്റ് കളിക്കളത്തിലെ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങൾ മാത്രമാണ് കായിക ലോകത്ത് വലിയ ചർച്ചയാകാറുള്ളതെങ്കിൽ, ഇപ്പോൾ ബോക്സിങ് റിംഗിന് പുറത്തെ ഒരു കയ്യാങ്കളിയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നവംബർ 6ന് ദുബായിൽ നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള ഫേസ്-ഓഫിനിടയിലാണ് ഇന്ത്യൻ ബോക്സറും യൂട്യൂബറുമായ മനീഷ് ശർമ പാകിസ്ഥാൻ താരം റഹീം പർദേസിയെ മുഖത്തടിച്ചത്.
ദുബായിലെ നിക്കി ബീച്ചിൽ നടന്ന പ്രൊമോഷണൽ ഇവന്റിനിടയിലാണ് സംഭവം. ഇരുതാരങ്ങളും തമ്മിൽ വാക്കുതർക്കം രൂക്ഷമായതോടെ മനീഷ് ശർമ പെട്ടെന്ന് റഹീം പർദേശിയെ അടിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇരുവരേയും പിടിച്ചുമാറ്റി.
മത്സരത്തിന് നാല് ദിവസം മുമ്പേ മത്സരം തുടങ്ങിയെന്ന തരത്തിൽ നിരവധി ഇന്ത്യൻ ആരാധകരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്. എന്നാൽ നവംബർ 6ന് റിംഗിൽ താൻ ഇതിനുള്ള മറുപടി നൽകുമെന്നും, നിങ്ങളുടെ അടിക്ക് ശക്തിയില്ലായിരുന്നുവെന്നും റഹീം പർദേശി തിരിച്ചടിച്ചു. എന്നാൽ അടിയേറ്റത് അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ അത് തന്നെ വേദനിപ്പിച്ചിട്ടില്ലെന്നുമാണ് മനീഷ് ശർമയുടെ പ്രതികരണം.
ഗുഡ്ഗാവ് ബാദ്ഷാപൂർ സ്വദേശിയായ മനീഷ് ശർമ ഒരു അമേച്വർ ബോക്സറും ഒപ്പം ‘ഹാഫ് എൻജിനീയർ’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രശസ്തനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ഡൽഹി ബിഎഫ്സി ഐടിഎം കോളേജിൽ നിന്ന് ബിടെക് പൂർത്തിമാക്കിയ വ്യക്തിയാണ് അദ്ദേഹം.
നവംബർ 6ന് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നേയുണ്ടായ ഈ നാടകീയ രംഗങ്ങൾ ഇരു രാജ്യങ്ങളിലെയും കായിക ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.
