പടികൾ കയറാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചിട്ടും താഴേക്ക് വരാൻ വിസമ്മതിച്ച ഉപഭോക്താവിന് ഭക്ഷണം എത്തിച്ചു നൽകാൻ പടികൾ കയറിയെത്തിയ ഭിന്നശേഷിക്കാരനായ ഡെലിവറി ഏജന്റിന് നേരിടേണ്ടി വന്നത് കടുത്ത അവഗണന. താൻ വാതിൽപ്പടിയിൽ എത്തിയപ്പോഴേക്കും ഉപഭോക്താവ് ഓർഡർ റദ്ദാക്കിയതായി സൊമാറ്റോ ഡെലിവറി ഏജന്റായ നിഹിർ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
50 രൂപയുടെ മാഗി ഓർഡർ ചെയ്ത ഉപഭോക്താവിനോട് തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ താഴെ വന്നു പാർസൽ വാങ്ങാൻ നിഹിർ അഭ്യർഥിക്കുകയായിരുന്നു. എന്നാൽ ഡെലിവറി ചാർജ് നൽകിയതിനാൽ താഴേക്ക് വരില്ലെന്ന് ഉപഭോക്താവ് നിലപാടെടുത്തു. തുടർന്ന് തന്റെ ക്രച്ചസ് മാറ്റിവെച്ച് ഏറെ പ്രയാസപ്പെട്ട് പടികൾ ഓരോന്നായി കയറിയാണ് നിഹിർ ഉപഭോക്താവിന്റെ ഫ്ലാറ്റിന് മുന്നിലെത്തിയത്. എന്നാൽ അപ്പോഴേക്കും ഓർഡർ ക്യാൻസൽ ചെയ്തിരുന്നു.
ഇൻസ്റ്റാഗ്രാമിൽ നിഹിർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. പണം നൽകി സേവനം വാങ്ങുന്നു എന്നത് ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ലൈസൻസല്ലെന്ന് നിരവധി പേർ വിമർശിച്ചു. ഡെലിവറി ജീവനക്കാരോട് കുറച്ചുകൂടി സഹാനുഭൂതി കാണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകളാണ് നിഹിറിന് പിന്തുണയുമായി രംഗത്തെത്തിയത്.
