മുംബൈയിൽ ട്രാഫിക് പോലീസുകാരൻ വാഹനം തടയാൻ ശ്രമിച്ചിട്ടും വകവെയ്ക്കാതെ ബിഎംഡബ്ല്യു കാർ മുന്നോട്ട് കൊണ്ടുപോയ യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പോലീസുകാരൻ കാറിന്റെ ബോണറ്റിൽ നിൽക്കുമ്പോഴും വണ്ടി നിർത്താൻ തയ്യാറാകാത്ത യുവതി, ചുറ്റുമുള്ളവർ തന്നെ ഉപദ്രവിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ജുഹുവിൽ വെച്ച് ഒരു സ്കൂട്ടറിലും മോട്ടോർസൈക്കിളിലും ഒരു കാറിലും ഇടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ട്രാഫിക് പോലീസുകാരൻ തടയാൻ ശ്രമിക്കുകയായിരുന്നു. പോലീസുകാരൻ കാറിന് മുന്നിൽ നിന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും യുവതി വണ്ടി പതുക്കെ മുന്നോട്ട് എടുക്കുകയും, പോലീസുകാരനെ കാറിന്റെ ബോണറ്റിൽ തള്ളിക്കൊണ്ട് പോകുകയും ചെയ്തു.
ചുറ്റുമുള്ള ആളുകളും പോലീസും വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്ത യുവതി, തനിക്ക് നേരെ പീഡനശ്രമമാണെന്ന് കാണിച്ച് സ്വന്തം ഫോണിൽ ദൃശ്യങ്ങൾ പകർത്താനും തുടങ്ങി. നാട്ടുകാർ വണ്ടി തുറക്കാൻ ശ്രമിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല.
പോലീസുകാരന്റെ ജീവന് അപകടം വരുത്തും വിധം പെരുമാറിയ യുവതിയുടെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളായിരുന്നെങ്കിൽ പോലീസ് ഇവരെ കാറിൽ നിന്ന് വലിച്ച് പുറത്തിറക്കിയേനെ എന്ന് ചിലർ അഭിപ്രായപ്പെട്ടു. നിയമങ്ങൾ ലംഘിച്ച ശേഷം സ്വയം ഇരയായി ചമയുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും ആളുകൾ ആവശ്യപ്പെടുന്നു.

