വിവാഹം മുടങ്ങിയതിനെ തുടർന്ന് യുവതി വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കി. ഉത്തർപ്രദേശിലെ കൗശാമ്പി ജില്ലയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഫിയാൻസി വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടർന്ന് 23 കാരിയായ യുവതിയാണ് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസ് എത്തിയാണ് യുവതിയെ സുരക്ഷിതമായി താഴെയിറക്കിയത്.
അനുപമ എന്ന യുവതിയാണ് വിവാഹം മുടങ്ങിയ മനോവിഷമത്തിൽ കടുംകൈ ചെയ്യാൻ മുതിർന്നത്. സരായ് അക്കിൽ ടൗണിൽ താമസിക്കുന്ന അവധേഷ് കുമാർ എന്ന യുവാവുമായിട്ടായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവാഹത്തിന് തൊട്ടുമുമ്പ് ഇരുവർക്കുമിടയിൽ ഫോൺ കോൾ റിക്കാർഡിംഗുമായി ബന്ധപ്പെട്ട് തർക്കമുണ്ടാവുകയും, തുടർന്ന് യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയുമായിരുന്നു.
വിവാഹബന്ധം ഉപേക്ഷിച്ചുവെന്ന വിവരമറിഞ്ഞ് മാനസികമായി തകർന്ന അനുപമ വീട്ടിൽ നിന്നും ഏകദേശം നാല് കിലോമീറ്ററോളം അകലെയുള്ള മഖായ്പൂർ ഗ്രാമത്തിലെത്തുകയായിരുന്നു. തുടർന്ന് അവിടെയുള്ള ഒരു വാട്ടർ ടാങ്കിന് മുകളിലേക്ക് ഇവർ അതിവേഗം കയറുകയായിരുന്നു.
ടാങ്കിന് മുകളിൽ നിന്ന് താഴെയിറങ്ങാൻ നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസും മണിക്കൂറുകളോളം അനുനയശ്രമം നടത്തി. ഒടുവിൽ ഏറെ സമയത്തെ പരിശ്രമത്തിനൊടുവിൽ പൊലീസ് ഉദ്യോഗസ്ഥർ യുവതിയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
തുടർന്ന് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം യുവതിയെ ബന്ധുക്കൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
