തലയ്ക്ക് മുകളിൽ പടക്കപ്പെട്ടി പിടിച്ചുകൊണ്ട് അപകടകരമായ രീതിയിൽ പടക്കം പൊട്ടിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു.
എക്സിൽ പ്രചരിക്കുന്ന വീഡിയോയിൽ, ഒരു കെട്ടിടത്തിന്റെ ടെറസിൽ നിൽക്കുന്ന യുവതി കയ്യിൽ ഒരു പടക്കപ്പെട്ടി പിടിച്ചിരിക്കുന്നത് കാണാം. തുടർന്ന് ഒരു ആൺകുട്ടി വന്ന് പെട്ടിക്കുള്ളിലെ ഒരു പടക്കത്തിന് തീ കൊളുത്തുന്നു. ഇതിന് പിന്നാലെ, പടക്കങ്ങൾ ഒന്നൊന്നായി വായുവിൽ പൊട്ടുമ്പോഴും യുവതി ഭയമില്ലാതെ പെട്ടി തലയ്ക്ക് മുകളിൽ തന്നെ ഉയർത്തിപ്പിടിക്കുകയായിരുന്നു.
തുടർച്ചയായി പടക്കങ്ങൾ പൊട്ടിയതോടെ പെട്ടിക്ക് തീപിടിക്കുകയും, കുറച്ചു നിമിഷങ്ങൾക്കുശേഷം യുവതി പെട്ടി നിലത്തേക്ക് വലിച്ചെറിഞ്ഞ് ഓടി മാറുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.
കടുത്ത ജാഗ്രതക്കുറവും ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റവും ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം അറിയിച്ചത്. “ഇത്തരം ആളുകൾക്ക് വേണ്ടി പരിസ്ഥിതി സംരക്ഷിച്ചിട്ട് ഒരു കാര്യവുമില്ല” എന്ന് ഒരു ഉപയോക്താവ് കുറിച്ചപ്പോൾ, “വിദ്യാഭ്യാസമുള്ള വിഡ്ഢികൾ” എന്നാണ് മറ്റൊരാൾ പ്രതികരിച്ചത്.
ദീപാവലി ആഘോഷങ്ങളെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വായുമലിനീകരണം ഗുരുതരമായ അളവിൽ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത്. ഇതോടെ പടക്കം പൊട്ടിക്കുന്നതിലെ അശ്രദ്ധയും അത് ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.
