ഗുരുവിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമ്മ തന്റെ പഴയ സ്കൂൾ അധ്യാപികയെ ദീപാവലി വേളയിൽ അപ്രതീക്ഷിതമായി സന്ദർശിച്ചതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയുടെ മനസ് കവരുന്നത്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്ര ചെയ്യുകയായിരുന്ന യുവതാരം അഭിഷേക് ശർമ്മ, തന്റെ അധ്യാപികയുടെ വീടിന് സമീപം എത്തിയപ്പോൾ അവരെ ഒന്നു കാണാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഈ ചെറിയൊരു ഇടപെടൽ ഇത്രയേറെ ഹൃദയസ്പർശിയായ ഒരു നിമിഷമായി മാറുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല.
അധ്യാപികയുടെ വീടിന്റെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് ഈ മനോഹര നിമിഷങ്ങൾ പതിഞ്ഞത്. കാറിൽ നിന്നിറങ്ങി റോഡ് മുറിച്ചുകടന്ന് ഗേറ്റിന് സമീപത്തേക്ക് എത്തുന്ന അഭിഷേക് മാസ്ക് ഊരി മാറ്റുന്നത് വീഡിയോയിൽ വ്യക്തമാണ്.
നീണ്ട ഇടവേളയ്ക്ക് ശേഷം തന്റെ മുൻ വിദ്യാർഥിയെ മുന്നിൽ കണ്ട അധ്യാപിക പൂർണമായും അമ്പരന്നുപോയി. അഭിഷേകിനെ പെട്ടെന്ന് തിരിച്ചറിഞ്ഞ അവർ “ഓ മൈ ഗോഡ്!” എന്ന് ആശ്ചര്യത്തോടെ വിളിച്ചുപറയുകയും വാരിപ്പുണരുകയുമാണുണ്ടായത്. “ഇത് വലിയൊരു സർപ്രൈസ് ആണ്!” എന്ന് പറഞ്ഞുകൊണ്ട് അവർ തന്റെ സന്തോഷം പ്രകടിപ്പിച്ചു.
അധ്യാപികയുടെ മുഖത്തെ ആശ്ചര്യവും വാത്സര്യം നിറഞ്ഞ സ്വാഗതവും ഈ നിമിഷത്തെ ഏറെ പ്രത്യേകതയുള്ളതാക്കി മാറ്റി. ക്ലാസ് മുറികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറമാണ് ഗുരു-ശിഷ്യ ബന്ധമെന്ന ഓർമപ്പെടുത്തലാണ് ഈ വീഡിയോ നൽകുന്നത്. അധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും കാലം കഴിഞ്ഞാലും മാഞ്ഞുപോകില്ലെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.
