ലൈസന്‍സ് എടുക്കാന്‍ മറന്നോ ? പേടിക്കേണ്ട പോലീസ് ഫൈനടിക്കില്ല ! വാഹന പരിശോധനാ സമയം രേഖകള്‍ ആധികാരിക ഡിജിറ്റല്‍ രൂപത്തില്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ്

തിരുവനന്തപുരം: ലൈസന്‍സ് എടുക്കാതെ വാഹനങ്ങള്‍ ഓടിക്കുന്ന ശീലം മലയാളികള്‍ക്ക് പണ്ടു മുതലേയുണ്ട്. പോലീസിന്റെ മുമ്പില്‍ പെടുമ്പോള്‍ നല്ല സുന്ദരന്‍ പണികിട്ടുകയും ചെയ്യും. പലപ്പോഴും മറവി തന്നെയാണ് മലയാളികള്‍ക്ക് പ്രശ്നമാകുന്നത്. എന്നാല്‍, ഇനി മുതല്‍ ലൈസന്‍സ് എടുത്തില്ലെങ്കിലും പൊലീസിനെ പേടിക്കാതെ യാത്ര ചെയ്യാം. വാഹന പരിശോധനാവേളയില്‍ ഒറിജിനല്‍ രേഖകള്‍ ഹാജരാക്കുന്നതിന് പകരം ഡിജിറ്റല്‍ രൂപത്തില്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാതിയാകും. ഇതിനുള്ള ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

വാഹന പരിശോധനാ സമയം രേഖകള്‍ ആധികാരിക ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കിയാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സര്‍ക്കാരിനു രേഖാമൂലം നിര്‍ദ്ദേശം നല്‍കി. ഡ്രൈവിങ് ലൈസന്‍സ്, റജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കാം.

ഇലക്രോണിക് പകര്‍പ്പുകള്‍ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. രാജ്യത്തെല്ലായിടത്തും ഇതു ബാധകമാണ്. എന്നാല്‍ പലസംസ്ഥാനങ്ങളിലും ഇതു പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് പകര്‍പ്പുകളാണ് ആധികാരിക രേഖയായി കണക്കാക്കുക. സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അംഗീകരിക്കില്ല.

കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേരള സര്‍ക്കാരും അടുത്തിടെ ആപ്പ് സംവിധാനങ്ങളിലേക്ക് നീങ്ങിയിരുന്നു. വാഹന യാത്രകളില്‍ ഇനി യഥാര്‍ഥ രേഖകള്‍ കൈയിലുണ്ടാവണമെന്ന നിര്‍ബന്ധമില്ലെന്ന് വ്യക്തമാക്കിയ പൊലീസ് ഡിജിലോക്കര്‍, എം പരിവാഹന്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകല്‍ കാണിച്ചാല്‍ മതിയെന്നാണ് വ്യക്തമാക്കിയത്. പേപ്പര്‍ലെസ് ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിജിലോക്കര്‍ അംഗീകൃത രേഖയായി കണക്കാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി നേരത്തെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.

മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പ്രകാരം ബന്ധപ്പെട്ട നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്കായി നല്‍കേണ്ടതുണ്ട്. എന്നാല്‍ ഐടി ആക്റ്റ് പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഡിജിലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പു പരിശോധനയ്ക്കായി കാണിച്ചാല്‍ മതി.മൊബൈല്‍ ഫോണ്‍, ടാബ് ലെറ്റുകള്‍ തുടങ്ങിയവയില്‍ ഡിജിലോക്കറിന്റെ ആപ്ലിക്കേഷന്‍ സജ്ജമാക്കിയിട്ടുള്ളവര്‍ക്കു രേഖകള്‍ ആവശ്യമുള്ളപ്പോള്‍ പ്രദര്‍ശിപ്പിക്കാം.

ഡ്രൈവിങ് ലൈസന്‍സിന്റേയും വാഹന രജിസ്ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കിക്കൊണ്ട് കഴിഞ്ഞമാസം കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഡിജി ലോക്കര്‍, എം പരിവാഹന്‍ എന്നീ സര്‍ക്കാരിന്റെ തന്നെ അംഗീകൃത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിക്കുന്ന രേഖകള്‍ക്കാണ് സര്‍ക്കാര്‍ നിയമ സാധുത നല്‍കുന്നത്. ആപ്പുകള്‍ വളരെമുമ്പുതന്നെ നിലവിലുണ്ടെങ്കിലും അതില്‍ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ സാധുവായി പരിഗണിച്ചിരുന്നില്ല. രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കുന്നതിന്റെ പ്രയാസം അകറ്റുന്ന ഈ ആപ്പുകള്‍ക്ക് നിയമസാധുതയില്ലാത്തത് പരാതികള്‍ക്കിടയാക്കുകയും ചെയ്തു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവ് തന്നെ ഉണ്ടായിരിക്കുന്നത്.

Related posts