2015-ൽ പുറത്തിറങ്ങിയ റോയ് എന്ന ചിത്രത്തിലെ ‘സൂരജ് ദൂബാ ഹേ…’ എന്ന ഹിറ്റ് ഗാനം ഏകദേശം 100 കോടി രൂപയോളം ലാഭം മ്യൂസിക് ലേബലുകൾക്ക് നേടിക്കൊടുത്തു. എന്നാൽ ഈ ഗാനം സൃഷ്ടിച്ചതിന് തനിക്ക് ആകെ കിട്ടിയത് 75,000 രൂപ മാത്രമാണെന്ന് അമാൽ മാലിക്.
ഈ ഗാനത്തിന്റെ നിർമാണത്തിനായി ലേബലിൽ നിന്ന് എനിക്ക് ലഭിച്ചത് എട്ടു ലക്ഷം രൂപയായിരുന്നു. എന്നാൽ ഒരു പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്ന ടീമിനുള്ള പ്രതിഫലം, സ്റ്റുഡിയോ ചിലവുകൾ, മറ്റ് സാങ്കേതിക ചെലവുകൾ എന്നിവയെല്ലാം ഈ തുകയിൽ നിന്നാണ് കണ്ടെത്തേണ്ടത്. പാട്ട് പൂർത്തിയായി എല്ലാ ചെലവുകളും കഴിഞ്ഞ് എന്റെ കൈയിൽ ബാക്കിയായത് 75,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ മാത്രമാണ്. ഒ
രു വശത്ത് പാട്ട് വലിയ സാമ്പത്തിക വിജയം നേടുമ്പോഴും അത് സൃഷ്ടിച്ചവർക്ക് ലഭിക്കുന്ന വിഹിതം പരിതാപകരമാണ്. ഇത്തരം വിവേചനങ്ങൾ കാരണമാണ് ഞാൻ സിനിമകളിൽ നിന്നു വിട്ടുനിൽക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമകളിൽ സംഗീത സംവിധായകർക്ക് പത്തു മുതൽ 15 കോടി രൂപ വരെ പ്രതിഫലം ലഭിക്കുമ്പോൾ ഹിന്ദിയിൽ അത് വെറും 2-3 കോടിയിൽ ഒതുങ്ങുകയാണ്.
കൂടാതെ പാട്ടിന്റെ അവകാശങ്ങൾ പൂർണമായും മ്യൂസിക് ലേബലുകൾ കൈക്കലാക്കുന്ന രീതിയാണ് അവിടെയുള്ളത്. ഈ അനീതിക്കെതിരെ ശബ്ദമുയർത്തിയതിന്റെ പേരിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നാൽപതോളം സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കി എന്ന് അമാൽ മാലിക് പറഞ്ഞു.
