സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട! ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് എന്നിവ വഴി ഫോട്ടോകളും വീഡിയോകളും ചോര്‍ത്തുന്നു; സ്‌പൈഡിലര്‍ എന്ന മാല്‍വെയറിനെക്കുറിച്ചറിഞ്ഞിരിക്കണം

മാല്‍വെയറും വൈറസുകളും ഏറ്റവും കൂടുതല്‍ പ്രചരിക്കുന്നതും ഉപഭോക്താക്കളുടെ ഉപകരണങ്ങളില്‍ കയറിക്കൂടുന്നതും ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വി ചാറ്റ് തുടങ്ങിയ ആപ്പുകളിലൂടെയാണ്. നാല്‍പ്പതിലധികം സോഷ്യല്‍മീഡിയ ആപ്ലിക്കേഷനുകളില്‍ മാല്‍വെയര്‍ ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവ ടെക്സ്റ്റ് മെസേജുകളും വോയ്സ് കോളുകളും ഫോണിലെ വിവരങ്ങളും മുഴുവന്‍ ചോര്‍ത്തുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ‘സ്പൈഡീലര്‍’ എന്നാണ് ഈ മാല്‍വെയര്‍ അറിയപ്പെടുന്നത്. ഫോണ്‍കോളുകള്‍ റെക്കോഡ് ചെയ്യുക, രഹസ്യമായത് ഉള്‍പ്പെടെ വിഡിയോകളും ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും ഫോണ്‍ ഉടമ അറിയാതെ തന്നെ ചോര്‍ത്തുകയുമാണ് സ്‌പൈഡീലര്‍ പ്രധാനമായും ചെയ്യുന്നതെന്ന് സൈബര്‍സുരക്ഷാഗവേഷകര്‍ പറയുന്നു.

കൊമേഴ്‌സ്യല്‍ റൂട്ടിംഗ് ആപ്പായ ‘ബെയ്ദു ഈസി റൂട്ട്’ ഉപയോഗിച്ചാണ് ഹാക്കര്‍മാര്‍ ഈ മാല്‍വെയര്‍ വച്ച് ഡേറ്റ മോഷ്ടിക്കുന്നത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ ഇവര്‍ക്ക് ധാരാളം വഴികളുണ്ട്. Android Accessibiltiy ദുരുപയോഗം ചെയ്താണ് ഇവര്‍ ആപ്പുകളില്‍ നേരിട്ട് കടന്നുകയറ്റം നടത്തുന്നത്. ഇവയില്‍ ഉപഭോക്താക്കള്‍ക്ക് വരുന്ന മെസേജുകള്‍ അതാതു സമയം തന്നെ ഹാക്കര്‍മാര്‍ക്ക് ലഭിക്കും. ഫേസ്ബുക്ക്, വിചാറ്റ്, വാട്‌സ്ആപ്പ്, സ്‌കൈപ്പ്, ലൈന്‍, വൈബര്‍, ക്യുക്യു, ടെലഗ്രാം, അലി വാങ്എക്‌സിന്‍, കിക് മുതലായവയാണ് മാല്‍വെയര്‍ ഉന്നംവെച്ച പത്തു പ്രധാന ആപ്ലിക്കേഷനുകള്‍. ഡേറ്റാബേസുകള്‍, വ്യക്തി വിവരങ്ങള്‍, ചാറ്റ് എന്നിവയാണ് ഇതിലൂടെ ചോര്‍ത്തുന്നത്. ലോകത്താകമാനം എത്ര ഡിവൈസുകളില്‍ ബാധ ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായ കണക്കുകള്‍ ഇല്ല.

ചൈനയില്‍ വയര്‍ലെസ്സ് നെറ്റ്വര്‍ക്കുകള്‍ വഴി നിരവധി ഡിവൈസുകളില്‍ ഇത് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. മാല്‍വെയര്‍ ബാധിച്ച ഫോണുകളില്‍ വരുന്ന കോളുകള്‍ മുഴുവന്‍ റെക്കോഡ് ചെയ്യപ്പെടും. കൂടാതെ പത്തു സെക്കന്‍ഡ് നേരത്തേയ്ക്ക് വിഡിയോയും റെക്കോഡ് ആവും. വൈഫൈ കണക്ഷന്‍ ലഭ്യമാണെങ്കില്‍ ഇവ ഹാക്കര്‍മാരുടെ സര്‍വറിലേയ്ക്ക് അപ്ലോഡ് ചെയ്യപ്പെടുകയും ചെയ്യും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുമാത്രം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ് ഇത്തരം അപകടങ്ങള്‍ ഡിവൈസിലേയ്ക്ക് കടക്കാതിരിക്കാനുള്ള പോംവഴി. എല്ലാ അപകടത്തിന്റെയും കാര്യത്തില്‍ പറയുന്നതുപോലെ സ്വയം സുരക്ഷ ഒരുക്കിയാല്‍ ഒന്നും പേടിക്കാനില്ല.

Related posts