നിലപാടില്‍ യാതൊരു അയവുമില്ലാതെ എംടി ! മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍; രണ്ടാമൂഴം സിനിമയാക്കാന്‍ സംവിധായകന്‍ വിയര്‍ക്കേണ്ടി വരുമെന്ന് സൂചന…

രണ്ടാമൂഴം സിനിമയാക്കുന്നതിന് ശ്രീകുമാര്‍ മേനോന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് സൂചന. കേസുമായി മുമ്പോട്ടു പോകാന്‍ എംടി വാസുദേവന്‍ നായര്‍ തീരുമാനിച്ചതോടെയാണ് സംവിധായകന്‍ വെട്ടിലായത്. കേസുമായി മുമ്പോട്ടു പോകുമെന്നും ഇതു സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്നും എം.ടി അറിയിച്ചിട്ടുണ്ട്. തിരക്കഥ തിരികെ ചോദിച്ച് എം.ടി നല്‍കിയ ഹര്‍ജി ഇന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതി പരിഗണിച്ചത്. എന്നാല്‍ തനിക്ക് മധ്യസ്ഥന്‍ വേണമെന്ന് ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ ഏഴിലേക്ക് മാറ്റി.

സിനിമയുടെ പ്രാരംഭ പ്രവൃത്തികള്‍ നടക്കുകയാണെന്നും കേസ് വേഗത്തില്‍ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിര്‍മ്മാണ കമ്പനി കോടതിയെ അറിയിച്ചു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. അതേസമയം ഇരുകക്ഷികളും ആവശ്യപ്പെട്ടാല്‍ കേസ് നേരത്തെ പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ തിരക്കഥ തിരികെ ആവശ്യപ്പെട്ട് കഴിഞ്ഞ പത്തിനാണ് എം.ടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചത്.

തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും നിര്‍മ്മാണ കമ്പനിയായ എയര്‍ ആന്‍ഡ് എര്‍ത്ത് ഫിലിംസിനെയും താത്കാലികമായി കോടതി വിലക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംവിധായകന്‍ കോഴിക്കോട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും എം.ടിയുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. എന്തായാലും രണ്ടാമൂഴം സിനിമയാക്കാന്‍ സംവിധായകന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് തീര്‍ച്ചയാണ്.

Related posts