മുണ്ടക്കയം: പൂഞ്ഞാർ – എരുമേലി സംസ്ഥാനപാതയിൽ അമരാവതിക്കു സമീപം കന്നുകാലിശല്യം രൂക്ഷം. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയാണ് മുണ്ടക്കയം -എരുമേലി റോഡ്. ഇതിൽ കരിനിലം മുതൽ അമരാവതി വരെയുള്ള റോഡിലാണ് കന്നുകാലിശല്യം രൂക്ഷമാകുന്നത്.
ഹാരിസൺ മലയാളം എസ്റ്റേറ്റിൽ മേയാനായി തുറന്നു വിടുന്ന കന്നുകാലികളാണ് കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങി മാർഗതടസം സൃഷ്ടിക്കുന്നത്. അമരാവതിക്കും പുലിക്കുന്നിനുമിടയിൽ റോഡിന്റെ പല ഭാഗത്തും കൊടും വളവും കുത്തിറക്കവുമാണ്.വളവു തിരിഞ്ഞുവരുമ്പോൾ മാത്രമാണ് റോഡിൽ കൂട്ടമായി നിൽക്കുന്ന കന്നുകാലികൾ വാഹന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇവയിൽ വാഹനമിടിക്കാതിരിക്കാൻ പെട്ടന്ന് ബ്രേക്ക് പിടിക്കുന്നതും വെട്ടിച്ചുമാറ്റുന്നതും അപകടങ്ങൾക്കു വഴിവയ്ക്കുന്നുണ്ട്.
വളവുകൾ കൂടുതലുള്ള മേഖലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണം തെറ്റിയും അപകടങ്ങൾ ഉണ്ടാകുന്നതും പതിവ സംഭവമാണ്. ഇതോടൊപ്പം കന്നുകാലികൾ റോഡിലേക്ക് നിൽക്കുന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിക്കും.മണ്ഡല മകരവിളക്ക് തീർഥാടനകാലത്തും എല്ലാ മലയാളം മാസം ഒന്നാം തീയതികളിലും ശബരിമലയിലേക്ക് തീർഥാടകർ സഞ്ചരിക്കുന്ന പ്രധാന പാത കൂടിയാണിത്. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് കൂടുതലും ഇതുവഴി കടന്നുപോകുന്നത്.
റോഡിൽ കൂട്ടമായി നിൽക്കുന്ന കന്നുകാലികൾ തീർഥാടകരുടെ വാഹനങ്ങളിൽ തട്ടി അപകടം ഉണ്ടാകുന്നതും പതിവു സംഭവമാണ്.മഴയും മൂടൽമഞ്ഞുമുള്ള രാത്രികാലങ്ങളിൽ കന്നുകാലികൾ കൂട്ടത്തോടെ റോഡിലേക്കു കയറിക്കിടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്. സംസ്ഥാനത്തെ പല പഞ്ചായത്തുകളും ഇത്തരത്തിൽ പൊതുനിരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആടുമാടുകളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
സമാനമായ രീതിയിൽ പൊതുജനങ്ങൾക്ക് ശല്യമാകും വിധം പൊതു നിരത്തിലൂടെ നടക്കുന്ന കന്നുകാലികളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ഉടമസ്ഥർ എത്തുമ്പോൾ മതിയായ നഷ്ടപരിഹാരം വാങ്ങിയതിനു ശേഷം ഇവയെ തിരിച്ചു നൽകുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു.
