മന്നാര്‍ഗുഡിയിലെ ദരിദ്ര കുടുംബത്തില്‍ ജനനം, ഭര്‍ത്താവിന്റെ കാസറ്റ് കടയിലെ വില്പനക്കാരി, ജയലളിതയെ കണ്ടുമുട്ടിയത് വഴിത്തിരിവ്, ശശികലയുടെ നാടകീയ ജീവിതം ഇങ്ങനെ

sasikalaകീര്‍ത്തി ജേക്കബ്

1957 ല്‍ മന്നാര്‍ഗുഡിയിലെ കര്‍ഷക ദമ്പതികളായ വിവേകാന്തന്‍, കൃഷ്ണവേണി ദമ്പതികളുടെ മകളായാണ് ശശികല ജനിച്ചത്. ഒരു സഹോദരിയടക്കം അഞ്ച് സഹോദരങ്ങളാണ് ശശികലയ്ക്കുള്ളത്. അധികം സാമ്പത്തികം ഉണ്ടായിരുന്നില്ലെങ്കിലും അധികാരവും സ്വാധീനവും ഉണ്ടായിരുന്ന കല്ലാര്‍ സമുദായത്തില്‍പ്പെടുന്ന കുടുംബമാണ് ഇവരുടേത്. ശശികലയെ ജയലളിതയുമായി പരിചയപ്പെടുത്തിയത് അവരുടെ ഭര്‍ത്താവ് നടരാജനാണ്. സര്‍ക്കാരില്‍ അസിസ്റ്റന്റ് പിആര്‍ഒ ആയിരുന്ന ഭര്‍ത്താവ് നടരാജന്റെ ജോലി അടിയന്തരാവസ്ഥക്കാലത്തു നഷ്ടമാവുകയുണ്ടായി. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു അത്.

ആ സമയത്ത്  ശശികല തന്നെ മുന്‍കൈയെടുത്ത് ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ‘വിനോദ് വിഡിയോ വിഷന്‍’ എന്ന പേരില്‍ കടലൂര്‍ ജില്ലയിലെ ഒരു ഒറ്റമുറിയിലായിരുന്നു കട. ഭര്‍ത്താവിന്റെ ജോലി തിരിച്ചുകിട്ടുന്നതിനായി നിരവധി കേസുകളും നടത്തി. അതിനിടയിലും ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും പഠിച്ചെടുത്തു. ആ സമയത്ത് ജയലളിത അണ്ണാ ഡിഎംകെ പ്രചാരണ സെക്രട്ടറിയായിരിന്നു. പൊതുപരിപാടികള്‍ റിക്കാര്‍ഡ് ചെയ്യാന്‍ അനുമതിയപേക്ഷിച്ചു ശശികല അവരെ സമീപിച്ചു. ജയ അവസരം കൊടുക്കുകയും ചെയ്തു. പിന്നീട് കല്യാണങ്ങള്‍ റിക്കോര്‍ഡ് ചെയ്തു തുടങ്ങി. ജയലളിത പങ്കെടുക്കുന്ന കല്ല്യാണങ്ങളുടെ വീഡിയോയാണ് ആദ്യകാലങ്ങളില്‍ റെക്കോര്‍ഡ് ചെയ്തിരുന്നത്. ആ സമയത്ത് അവരെ അറിയുന്നവരെല്ലാം സമ്മതിച്ചു. ജീവിക്കാനറിയാവുന്ന ആളാണെന്ന് പറഞ്ഞ്.

ശരിയാണ്, അല്ലെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത, തിരൂവാരൂരിലെ മന്നാര്‍ഗുഡിയില്‍ നിന്നുള്ള ആ ഇരുപത്തിയഞ്ചുകാരി ഇന്നു തമിഴ്‌നാടിന്റെ പ്രമുഖ വ്യക്തിത്വങ്ങളിലൊരാളായി മാറുമായിരുന്നില്ല. കഴിഞ്ഞ 33 വര്‍ഷവും ശശികല മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ എല്ലാമായിരുന്നു. ജയയുടെ വാക്കുകളില്‍, സഹോദരി, അമ്മ, കൂട്ടുകാരി കൂടാതെ ജയയുടെ ഗൃഹനാഥയും. പോയസ് ഗാര്‍ഡനിലെ ജയയുടെ വസതിയില്‍ ‘ശശി’യായിരുന്നു ഗൃഹനാഥ. മന്ത്രിമാരും എംഎല്‍എമാരും കാണാനെത്തുമ്പോഴും ജയ പറഞ്ഞിരുന്നത്രെ, ശശികല പറയും പോലെ ചെയ്യാന്‍.

ഇക്കാലമത്രയും ശശികലയുടെ ശബ്ദം പോലും അണികള്‍ കേട്ടില്ല, ഒരു പൊതുവേദിയിലും അവര്‍ സംസാരിച്ചില്ല, പാര്‍ട്ടിയിലെ ഒരു പദവിയും വഹിച്ചില്ല. 1989 മുതല്‍ ശശികലയും ഭര്‍ത്താവും പോയസ് ഗാര്‍ഡനിലായി താമസം. അന്നു ഭര്‍ത്താവ് ഉള്‍പ്പെടെ മന്നാര്‍ഗുഡിയില്‍ നിന്നു 40 ബന്ധുക്കളും ശശികലയ്‌ക്കൊപ്പം ജയയുടെ വീട്ടിലെത്തി. അടുക്കളയിലും പൂന്തോട്ടത്തിലും ഓഫിസിലും ജയ ടിവിയിലും എല്ലാം ഇവരായി ജോലിക്കാര്‍. 1991ല്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ ശശികലയും താരപ്പകിട്ടില്‍ തിളങ്ങി, ബന്ധുക്കളും. അവരെല്ലാം കണ്ണടച്ചു തുറക്കും മുന്‍പ് കോടീശ്വരര്‍!

ശശികലയുടെ സഹോദരി പുത്രന്‍ സുധാകരനെ ജയ ദത്തുപുത്രനാക്കിയതും കോടികള്‍ മുടക്കി വിവാഹം നടത്തിയതും താന്‍സി ഭൂമിയിടപാട്, അനധികൃത സ്വത്ത് സമ്പാദനം, പ്ലസറ്റ് സ്‌റ്റേ ഹോട്ടല്‍കേസ്, കളര്‍ ടിവി കേസ് തുടങ്ങി ഒട്ടേറെ വിവാദങ്ങളില്‍ കുടുങ്ങിയതും അക്കാലത്തായിരുന്നു. 1996ല്‍ ജയലളിത ശശികലയുമായുള്ള ബന്ധം പിരിഞ്ഞു. പക്ഷേ, സ്വത്ത് കേസില്‍ ജയില്‍വാസം കഴിഞ്ഞു ശശികല വീണ്ടും പോയസ്ഗാര്‍ഡനിലെത്തി, ബന്ധം കൂടുതല്‍ ശക്തമായി. 2011 ല്‍ ജയ വീണ്ടും കടുത്ത നടപടിയെടുത്തു. മുഖ്യമന്ത്രിയായി
അധികാരമേറ്റ ജയലളിത വീണ്ടും ശശികലയെയും നടരാജനടക്കമുള്ള ബന്ധുക്കളെയും വീട്ടില്‍ നിന്നു പുറത്താക്കി. പിന്നീട്  നടരാജനെയും ബന്ധുക്കളെയും ഗേറ്റിനു വെളിയിലാക്കി ശശികലയെ മാത്രം ജയ വീണ്ടും കൂടെക്കൂട്ടി. പിന്നീട് ജയലളിതയുടെ മരണക്കിടക്ക വരെ ഒപ്പമുായിരുന്നു ശശികല.

Related posts