മകളുടെ അടുപ്പക്കാരനായ ഭീകരന് എല്ലാവിധ ഒത്താശകളും ചെയ്തു കൊടുത്ത് പിതാവ് ! പുല്‍വാമ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റു ചെയ്ത 23കാരി ഇന്‍ഷ ജാനെയും പിതാവിനെയും കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

പുല്‍വാമ ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അച്ഛനെയും മകളെയും കുറിച്ച് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.എന്‍ഐയെയാണ് താരിഖ് അഹമ്മദ് ഷാ(50), മകള്‍ ഇന്‍ഷ ജാന്‍(23) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇന്‍ഷ ജാന് ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ വെളിപ്പെടുത്തുന്നത്. തിങ്കളാഴ്ച ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ശേഷം ചൊവ്വാഴ്ചയാണ് എന്‍ഐഎ സംഘം ഇവരെ അറസ്റ്റു ചെയ്തത്.

ആദില്‍ അഹമ്മദിന് ഇരുവരും ആക്രമണത്തിനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തെന്നും പറയുന്നു. ആക്രമണത്തിന് ശേഷം ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത് പുറത്ത് വിട്ട് വീഡിയോ താരിഖ് അഹമ്മദ് ഷായുടെ വീട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്.

ഇവര്‍ രണ്ടു പേരും കൂടി ആയതോടെ പുല്‍വാമ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറിന് അഭയം നല്‍കിയ മറ്റൊരാള്‍ നാലു ദിവസം മുമ്പ് അറസ്റ്റിലായിരുന്നു.

ഷക്കീര്‍ ബഷീര്‍ മാഗ്രെ എന്നയാളെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ്‌ഷെ മുഹമ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാദേശികമായ സഹായങ്ങള്‍ നല്‍കുന്നത് ഇയാളാണെന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന.

ഷക്കീറിനെ ജമ്മുവിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കി. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് 15 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന പാക്കിസ്ഥാനില്‍നിന്ന് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങള്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.

ചാവേറിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ആണ് കണ്ടെത്തിയത്. 2018-19 കാലയളവില്‍ നിരവധി തവണ ആദില്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ആക്രമണത്തിനുള്ള ഗൂഢാലോചന ഇവരുടെ വീട്ടിലാണ് നടത്തിയതെന്നും എന്‍ഐഎ പറയുന്നു.

ഭീകരന്‍ മുഹമ്മദ് ഫാറൂഖുമായി ഇന്‍ഷ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ഐഎ അധികൃതര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.

Related posts

Leave a Comment