സൈനിക ബലവും പ്രതിരോധത്തിലെ മികവും ആവേശം കൊള്ളിക്കുന്നില്ല, ഞങ്ങള്‍ക്ക് വേണ്ടത് തൊഴിലാണ്! തൊഴില്‍ ലഭ്യമാക്കുന്നതില്‍ മോദി സര്‍ക്കാരിന് രാജ്യത്തെ യുവജനങ്ങള്‍ നല്‍കിയത് ശരാശരിയിലും താഴ്ന്ന മാര്‍ക്ക്; സര്‍വേഫലം

തെരഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. വാഗ്ദാനങ്ങളുടെ പെരുമഴയുമായി പാര്‍ട്ടികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. എന്നാല്‍ എല്ലാതവണയും ആവര്‍ത്തിക്കുന്ന വാഗ്ദാനങ്ങളില്‍ പ്രത്യേകിച്ച് കഴിഞ്ഞ തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി നല്‍കിയ വാഗ്ദാനങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു തൃപ്തിയുമില്ലെന്നാണ് രാജ്യത്തെ യുവജനങ്ങള്‍ പറയുന്നത്.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ യുവജനങ്ങളുടെ മനസ് വെളിപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വോട്ടര്‍മാരില്‍ 2.7 ലക്ഷം വരുന്ന 18 വയസിനു മുകളിലുള്ളവര്‍ തൊഴിലവസരത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. 2018 ഒക്ടോബറിനും ഡിസംബറിനും ഇടയിലാണ് രാജ്യത്തെ 534 ലോക്സഭാ മണ്ഡലങ്ങളില്‍ സര്‍വ്വേ നടത്തിയത്.

യുവജനങ്ങള്‍ക്ക് വന്‍ തൊഴിലവസരം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ ശരാശരിക്കും താഴെയായാണ് ഈ യുവ വോട്ടര്‍മാര്‍ വിലയിരുത്തിയത്. 31 സുപ്രധാന വിഷയങ്ങളില്‍ എല്ലാറ്റിലും മോദി സര്‍ക്കാരിന് അഞ്ചില്‍ മൂന്നിലും താഴെയാണ് യുവത മാര്‍ക്കിട്ടത്. തൊഴിലവസരം, അഴിമതിയില്ലാതാക്കല്‍, പൊതുയിടങ്ങളിലെ ഭൂമി കയ്യേറ്റം തുടങ്ങിയ വിഷയങ്ങളിലാണ് മോദി സര്‍ക്കാകിന്യുവവോട്ടര്‍മാര്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കു നല്‍കിയത്.

തൊഴിലവസരത്തിനു പുറമേ ആരോഗ്യ മേഖല, കുടിവെള്ളം തുടങ്ങിയ വിഷയങ്ങളിലും മോദി സര്‍ക്കാരിന്റെ പ്രകടനം ശരാശരിയിലും താഴെയാണെന്നാണ് യുവവോട്ടര്‍മാര്‍ വിലയിരുത്തുന്നത്. പ്രതിരോധ മേഖലയിലെ ശക്തിയൊന്നും ഗ്രാമീണ യുവവോട്ടര്‍മാരെ സംബന്ധിച്ച് വലിയ വിഷയമല്ലെന്നാണ് സര്‍വ്വേയില്‍ കണ്ടെത്തിയത്.

Related posts