ഇന്ത്യൻ സൗന്ദര്യ സങ്കൽപങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചുകൊണ്ട് സുസ്മിതാ സെൻ മിസ് യൂണിവേഴ്സ് കിരീടം ചൂടിയിട്ട് 32 വർഷം തികയുന്നു. 1994ൽ ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരിപ്പട്ടം എത്തിച്ച ആ ചരിത്ര മുഹൂർത്തത്തിന്റെ ഓർമകൾ പങ്കുവച്ച് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വിമാനത്തിലേക്കു കയറാനായി ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ പകർത്തിയ തന്റെ ആ പ്രശസ്തമായ പുഞ്ചിരിയോടെയുള്ള ചിത്രവും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. തനിക്കു കിരീടം സമ്മാനിച്ച വേദിയായ ഫിലിപ്പീൻസിനോട് അതീവ നന്ദി പ്രകടിപ്പിച്ചാണ് സുസ്മിതയുടെ കുറിപ്പ്.
32 വർഷമായി എന്നെ വിട്ടുപോകാത്ത ആ പുഞ്ചിരിക്ക് ഞാൻ നന്ദിയുള്ളവളാണ്. ഇത് ഇനിയും തുടരും. ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു; നിങ്ങളാണ് ഇതിനു കാരണം. ഫിലിപ്പീൻസ്, നിങ്ങളെ ഞാൻ എന്നും ഹൃദയത്തോടു ചേർത്തുപിടിക്കും. അതിരുകളില്ലാതെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു- സുസ്മിത കുറിച്ചു.
1994ൽ വെറും 18 വയസുള്ളപ്പോഴാണ് സുസ്മിത മിസ് ഇന്ത്യയാകുന്നത്. ആ വിജയമാണ് അതേവർഷം ഫിലിപ്പീൻസിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി സുസ്മിതയ്ക്ക് വഴിതുറന്നത്. വർഷങ്ങൾക്കുശേഷം, 2016ൽ ഇതേ ആഗോള സൗന്ദര്യ മത്സരത്തിന്റെ വിധികർത്താവായി സുസ്മിത വീണ്ടുമെത്തി എന്നതും ശ്രദ്ധേയമാണ്.
മിസ് യൂണിവേഴ്സ് ആയതിനു പിന്നാലെ 1996ൽ പുറത്തിറങ്ങിയ ദസ്തക് എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സോർ, ബിവി നമ്പർ 1, മേം ഹൂം നാ, മേനെ പ്യാർ ക്യൂൻ കിയാ പോലുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ സുസ്മിതയ്ക്കു സാധിച്ചു.
വെള്ളിത്തിരയിലെ പ്രകടനങ്ങൾക്കപ്പുറം സ്വന്തം ജീവിതത്തിലെ ശക്തമായ നിലപാടുകൾ കൊണ്ടാണ് സുസ്മിത പലപ്പോഴും ആരാധകരെ കൈയിലെടുത്തത്. കരിയറിന്റെ തുടക്കത്തിൽ, വെറും 24 വയസ് ഉള്ളപ്പോഴാണ് റെനി എന്ന കുഞ്ഞിനെ ദത്തെടുത്ത് അവർ മാതൃകാപരമായ ഒരു തീരുമാനമെടുക്കുന്നത്. പിന്നീട് 2010ൽ അലീഷ എന്ന പെൺകുട്ടിയെക്കൂടി ദത്തെടുത്ത താരം, രണ്ട് മക്കളുടെ അമ്മയായി തന്റെ വ്യക്തിജീവിതവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്നു.
