ടെയ്‌ലർക്ക് ഇരട്ട സെഞ്ചുറി

വെല്ലിംഗ്ടണ്‍: റോസ് ടെയ്‌ലറുടെ ഇരട്ട സെഞ്ചുറിയുടെയും ഹെൻട്രി നിക്കോൾസിന്‍റെയും സെഞ്ചുറിയുടെയും കരുത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന് വിജയപ്രതീക്ഷ. ഒരു ദിവസം ശേഷിക്കുന്ന മത്സരത്തിൽ ഏഴ് വിക്കറ്റ് കൈയിലുള്ള ബംഗ്ലാദേശിന് ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ 141 റണ്‍സ് കൂടി നേടണം.

നാലാം ദിനം കളിനിർത്തുന്പോൾ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് 80/3 എന്ന നിലയിലാണ്. മുഹമ്മദ് മിഥുൻ (25), സൗമ്യ സർക്കാർ (12) എന്നിവരാണ് ക്രീസിൽ. 221 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയത്. നേരത്തെ കിവീസിന്‍റെ ഒന്നാം ഇന്നിംഗ്സ് 432/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

റോസ് ടെയ്‌ലർ 200 റണ്‍സിനും നിക്കോൾസ് 107 റണ്‍സിനും പുറത്തായി. ക്യാപ്റ്റൻ കെയ്ൻ വില്യംസണ്‍ 74 റണ്‍സ് നേടി. 212 പന്തുകൾ മാത്രം നേരിട്ടാണ് ടെയ്‌ലർ ഡബിൾ തികച്ചത്. 19 ഫോറും നാല് സിക്സും ടെയ്‌ലർ നേടി. ബംഗ്ലാദേശിന് വേണ്ടി അബു ജെയ്ദ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

Related posts