അമര്‍ സമദിന് ഇത് പുതിയ ജീവിതം ! താടിയെല്ലില്‍ വളര്‍ന്ന ഫുട്‌ബോളിനു സമാനമായ മുഴ അമൃതയിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 14 മണിക്കൂര്‍ കൊണ്ട്

കൊച്ചി: പത്തു വര്‍ഷമായി അനുഭവിച്ചുവരികയായിരുന്ന ദുരിതജീവിതത്തില്‍ നിന്നുമാണ് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജാര്‍ഖണ്ഡുകാരന്‍ അമര്‍ സമദിനെ കരകയറ്റിയത്. ജാര്‍ഖണ്ഡുകാരനായ 19 കാരന്‍ ഒരു ദശകത്തോളം ചുമന്നു കൊണ്ടു നടന്ന മുഴ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സസിലെ സര്‍ജന്മാര്‍ ചേര്‍ന്ന് മുറിച്ചു മാറ്റിയപ്പോള്‍ പിറന്നത് ചരിത്രം കൂടിയായിരുന്നു.

മുഖമില്ലാത്ത ജീവിതവുമായി താടിയെല്ലില്‍ ഫുട്ബോള്‍ വലിപ്പത്തില്‍ വളര്‍ന്ന മുഴയുമായിട്ടായിരുന്നു അമര്‍ സമദ് അമൃത ആശുപത്രിയില്‍ എത്തിയത്. 14 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ സര്‍ജന്മാര്‍ അമറിന് പുതിയ മുഖം നല്‍കിയപ്പോള്‍ മാറ്റിയെഴുതിയത് ജീവിതം തന്നെയായിരുന്നു.

ഫുട്ബോളിന്റെ വലിപ്പവും 4.8 കിലോഗ്രാം ഭാരവുമുള്ള മെഡിക്കല്‍ ചരിത്രത്തില്‍ ഇത്രയും വലിപ്പമുള്ളൊരു ട്യൂമര്‍ ഇതിനു മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2008 മുതലാണ് അമറിന്റെ മുകളിലെ താടിയെല്ലില്‍ ഇടതു ഭാഗത്തേക്ക് മുഴ വളര്‍ന്നു തുടങ്ങിയത്.

അസ്ഥികളുടെ ഇടതൂര്‍ന്ന ശേഖരത്തിന്റെയും നാരുകളുള്ള കോശങ്ങളുടെയും പ്രാഥമിക ബയോപ്സി പരിശോധനയില്‍ അണ്ഡാശയ അണുബാധയാണെന്നു കണ്ടെത്തി.

മുഴ വളര്‍ന്ന് വിചിത്രരൂപമായെന്നു മാത്രമല്ല ആഹാരം വിഴുങ്ങുന്നതിനും സംസാരിക്കുന്നതിനും പോലും ബുദ്ധിമുട്ടായി സാമൂഹികമായി ഒറ്റപ്പെട്ട സമദ് വീട്ടില്‍ തന്നെയായി. പാരാതൈറോയിഡ് ഗ്രന്ഥിയില്‍ ട്യൂമര്‍ വരുന്ന പാരാതൈറോയിഡ് അഡീനോമയും ഇതിനിടയില്‍ അമറിനെ ബാധിച്ചു.

വളരെ അപൂര്‍വമായി കാണുന്ന രോഗമായ ഹൈപ്പര്‍-പാരാതൈറോയിഡിസം ജോ ട്യൂമറിന്റെ ലക്ഷണങ്ങളായിരുന്നു അമറിന്റെ മെഡിക്കല്‍ കണ്ടീഷനെന്നു അമൃത ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി മേധാവി ഡോ. സുബ്രമണ്യ അയ്യര്‍ പറഞ്ഞു.

സാധാരണ താടിയെല്ലില്‍ ചെറിയ മുഴകളായാണു കാണാറുള്ളതെങ്കിലും അമറിന്റെ കാര്യത്തില്‍ മുഴയുടെ വലിപ്പം മെഡിക്കല്‍ ചരിത്രത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ ആദ്യത്തേതായിരുന്നു.

സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ അമറിന് കഴിക്കാന്‍ മാത്രമല്ല, ശ്വാസം വിടാനും ബുദ്ധിമുട്ടാകുമായിരുന്നു. മുഴ നീക്കം ചെയ്യുന്നതും മുകളിലെ താടിയെല്ലിന്റെ പുനര്‍നിര്‍മാണവും വെല്ലുവിളിയായിരുന്നുവെന്നും അത്രയും വലിപ്പമുള്ളതുകൊണ്ടുതന്നെ ട്യൂമര്‍ നീക്കം ചെയ്യുന്നത് ഏറെ സങ്കീര്‍ണകരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Related posts