കോട്ടയം: കടുത്ത ചൂടുകാലത്ത് അപ്രതീക്ഷിത തിരിച്ചടി നേരിട്ട് പൈനാപ്പില് കര്‍ഷകര്‍. മുന്‍വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി പൈനാപ്പിളിനു വിളവ് ലഭിക്കാത്തതും വിൽപ്പന കുറഞ്ഞതുമാണ് കര്‍ഷകരെ പ്രതിന്ധിയിലാക്കിയത്. നിലവില്‍ കിലോഗ്രാമിന് 20 രൂപയാണ് കര്‍ഷകര്‍ക്കു കിട്ടുന്നത്. ഒരു മാസം മുമ്പു കിലോഗ്രാമിനു 40 മുതല്‍ 60 രൂപ വരെ ലഭിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പൈനാപ്പിള്‍ വിറ്റഴിയേണ്ട വേനല്‍ക്കാലത്ത് വില കുത്തനെ ഇടിഞ്ഞുതാഴുകയാണ്.
ഉത്പാദനത്തെ കടുത്ത ചൂട് ബാധിച്ചതാണ് കര്‍ഷകര്‍ക്കു തിരിച്ചടിയായത്. കടുത്ത ചൂട് കാരണം പൈനാപ്പിളിന്റെ വലിപ്പവും തൂക്കവും കുറഞ്ഞിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ഭാഗങ്ങള്‍ പൊള്ളി നശിക്കുന്നത് ചക്കയുടെ ഗുണമേന്മയെയും ബാധിച്ചിട്ടുണ്ട്. ഗ്രേഡ് അനുസരിച്ചാണു വില ലഭിക്കുന്നത്. കടുത്ത ചൂടില്‍ തോട്ടങ്ങളില്‍നിന്ന് എ ഗ്രേഡ് പൈനാപ്പിളുകള്‍ ലഭിക്കാത്ത സാഹചര്യമാണ്. കൈത കരിഞ്ഞ് പോകുന്നതോടെ വിളവ് പാകമാകാതെ വളര്‍ച്ച മുരടിച്ച് വാടിപ്പോകുകയാണ്. 120 ദിവസം പിന്നിട്ടിട്ടും വളര്‍ച്ചയില്ലാത്ത അവസ്ഥയിലാണ് പൈനാപ്പിള്‍.
ഒരു കിലോഗ്രാം ഉത്പാദിപ്പിക്കാന്‍ 35 മുതല്‍ 50 രൂപ വരെ ചെലവ് വരുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ വില കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഈ വില പണിക്കൂലിക്കുപോലും മതിയാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ഇതോടെ പൈനാപ്പിള്‍ കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഒരു ഏക്കര്‍ പൈനാപ്പിള്‍ കൃഷിക്ക് വിളവെടുപ്പ് വരെ ഏകദേശം നാല് ലക്ഷം രൂപ കര്ഷകന് ചെലവാകും.
ചെറുകിട കര്‍ഷകരില്‍ പലരും സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്. കിലോഗ്രാമിനു കുറഞ്ഞത് 50 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകു എന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍.കഴിഞ്ഞ വര്‍ഷവും വേനല്‍ക്കാല സീസണ് മോശമായിരുന്നു. ഏപ്രില്‍ പകുതിയോടെ വില താഴ്ന്നിരുന്നു. ഇത്തവണ വേനല്‍ കടുക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ പൈനാപ്പിള്‍ വില്പന വര്‍ധിപ്പിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു കര്‍ഷകരും കച്ചവടക്കാരും.
ജില്ലയിലെ മലയോര മേഖലകളില്‍ ഉള്‍പ്പെടെ പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. ഈ കൃഷിയുമായി ബന്ധപ്പെട്ടു പതിനായിരക്കണിക്കു പേരാണു പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ കൂടുതലായി വരുന്നത് ജാര്‍ഖണ്ഡ്, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബംഗാള്‍, അസം എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ തിരിച്ചുപോയതും മേഖലയ്ക്ക് തിരിച്ചടിയാണ്. പാചക വാതക ക്ഷാമം മൂലം കടകള്‍ അടച്ചുപൂട്ടിയതും യുദ്ധ സാഹചര്യത്തില്‍ കയറ്റുമതി കുറഞ്ഞതും വിലയിടിവിനു കാരണമായി.
