രാമപുരം: കൃഷിയോടുള്ള ആത്മാര്‍ഥമായ താല്പര്യവും അധ്വാനവും കൈമുതലാക്കി വൈവിധ്യമാര്‍ന്ന കൃഷിരീതികളിലൂടെ ശ്രദ്ധേയനാകുകയാണ് രാമപുരം സ്വദേശി ജോസ് കരിപ്പാക്കുടി. വര്‍ഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ജോസിന്റെ കൃഷിയിടത്തില്‍ ഒരു വിളയില്‍ ഒതുങ്ങുന്നില്ല കൃഷിയുടെ വൈവിധ്യം.
പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഫലവര്‍ഗങ്ങളും ഔഷധസസ്യങ്ങളും കൂടാതെ ക്ഷീരകൃഷി, മത്സ്യകൃഷി തുടങ്ങി കാര്‍ഷിക മേഖലയിലെ വിവിധ മേഖലകളെയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോകുന്നു.
കപ്പ, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ, ഇഞ്ചി, കച്ചോലം, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങുവര്ഗങ്ങള്ക്കൊപ്പം പയര്‍, വെണ്ട, പാവൽ, പീച്ചില്‍, വഴുതന, ചീനി, ചീര തുടങ്ങിയ പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്നു. രണ്ട് ഏക്കറോളം സ്ഥലത്ത് വെണ്ടയ്ക്ക മാത്രം കൃഷി ചെയ്യുന്നതാണ് പ്രത്യേകത.
ചെറുനാരങ്ങ, ഒടിച്ചുകുത്തി നാരങ്ങ, അവക്കാഡോ, പഞ്ചാരനെല്ലി, മാംഗോസ്റ്റിന് തുടങ്ങിയ വിവിധ ഫലവര്‍ഗങ്ങളും കവുങ്ങും തെങ്ങും ഉള്‍പ്പെടെ വിവിധ കാര്‍ഷിക വിളകളും ഇവിടെ പരിപാലിക്കുന്നു. കൃഷിയിട ത്തിലെ വിവിധ മേഖലകള്‍ പരസ്പരം പ്രയോജനപ്പടുത്തുന്ന സമഗ്രമായ കൃഷിരീതിയാണ് അദ്ദേഹം പിന്തുടരുന്നത്. കൃഷിയിടത്തില്‍നിന്നുള്ള അധിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും കഴിയുന്ന രീതിയിലാണ് കൃഷി ക്രമീകരിച്ചിരിക്കുന്നത്.
കൃഷി ജോസിന് ഒറ്റയ്ക്കുള്ള അധ്വാനമല്ല; ഒരു കുടുംബത്തിന്റെ കൂട്ടായ പരിശ്രമമാണ്. വീട്ടമ്മയായ ഭാര്യ ജെസി വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ കൃഷിയോടുള്ള ആഭിമുഖ്യത്തിന് ശക്തമായ പിന്തുണ നല്കുന്നു. മക്കളായ ജിനോ, സീന, റ്റീന എന്നിവരും മരുമകള്‍ ടീനയും കൃഷിക്ക് എല്ലാവിധ സഹായവുമായി ഒപ്പമുണ്ട്. വ്യത്യസ്ത മേഖലകളില്‍ ജോലി ചെയ്യുന്ന മക്കളും കുടുംബാംഗങ്ങളും തങ്ങളുടെ തിരക്കുകള്‍ക്കിടയിലും കൃഷിയോടുള്ള ജോസ് ജോര്‍ജിന്റെ സ്നേഹത്തിനും അധ്വാനത്തിനും പിന്തുണ നല്കുന്നു.
തൊഴില്‍ മേഖലകള്‍ മാറിയാലും മണ്ണിനോടുള്ള ബന്ധം കൈവിടാത്ത കുടുംബമാണ് കരിപ്പാക്കുടിയിലേത്. കാലത്തിനനുസരിച്ച് കൃഷിരീതികളില്‍ മാറ്റം വരുത്തിയും വിവിധ വിളകള്‍ പരീക്ഷിച്ചും മുന്നേറുന്ന ജോസ് ഒരു കൃഷി ഒരു വരുമാനം എന്നതില്‍നിന്ന് മാറി നിരവധി കാര്‍ഷിക മേഖലകളെ കൂട്ടിയിണക്കി സ്ഥിരമായ ഉപജീവനമാര്‍ഗം സൃഷ്ടിക്കാമെന്നതിന്റെ ഉദാഹരണമാണ്.
പച്ചക്കറി കൃഷി മുതല്‍ ക്ഷീരകൃഷിയും മത്സ്യകൃഷിയും വരെ നീളുന്ന അദ്ദേഹത്തിന്റെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ കൃഷിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന മാതൃക കൂടിയാണ്.
