മട്ടന്നൂർ: തരിശായി കിടന്ന ഭൂമിയിൽ പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിച്ച് മൂവർ സംഘം. തെരൂർ പാലയോട് ഒന്നര ഏക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷി പരന്നുകിടക്കുന്നത്. മട്ടന്നൂർ -കണ്ണൂർ റോഡിൽ തെരൂർ പാലയോട് റോഡരികിലെ ഒന്നര ഏക്കറോളം സ്ഥലത്താണ് വിവിധ തരം കൃഷിയിറക്കിയത്. കൊടോളിപ്രം സ്വദേശികളായ എം.വി. ദേവൻ, റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സതീശൻ, റിട്ട. ബിഎസ്എഫ് ഉദ്യോഗസ്ഥൻ അമീർ അലി എന്നിവർ ചേർന്നാണ് കൃഷിയിറക്കിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലം പാട്ടത്തിനെടുത്താണ് ഇവർ കൃഷി ചെയ്തത്.
താലോലി, കയ്പ, കക്കിരി, മത്തൻ, ഇളവൻ, കുമ്പളം തുടങ്ങിയവയാണ് കൃഷിയിറക്കിയത്. പ്രതികൂല കാലാവസ്ഥയിലും പച്ചക്കറി കൃഷിയിൽ നൂറുമേനിയാണ് വിളയിച്ചിരിക്കുന്നത്. കാട്ടു പന്നിയുടെ ഉൾപ്പെടെ ശല്യമുള്ളതായി കർഷകർ പറയുന്നു. 30 വർഷമായി ദേവൻ കൃഷി ചെയ്തു വരികയാണ്. പച്ചക്കറിക്ക് പുറമെ വാഴയും നെൽകൃഷിയും ചെയ്തു വരുന്നു.
അമീറലിയും സതീശനും നേരത്തെ ദേവനൊപ്പം കൃഷിയിലുണ്ടായിരുന്നുവെങ്കിലും ഇരുവരും25 വർഷം മുമ്പ് ജോലി കിട്ടി പോകുകയായിരുന്നു. പിന്നീട് സർവീസിൽ നിന്നു വിരമിച്ച ശേഷം കൃഷിയിൽ സജീവമാകുകയായിരുന്നു. കൃഷി ഉപജീവന മാർഗമാണെന്നും ഇത്തവണ നല്ല വിളവാണ് ലഭിച്ചതെന്നും ദേവനും അമീറലിയും പറയുന്നു. വിളവെടുപ്പിനായ പച്ചക്കറി കൃഷിയിടത്തിൽ തന്നെ ആവശ്യക്കാർക്ക് നൽകി വരുന്നുണ്ട്. ജൈവ കൃഷിയായതിനാൽ നിരവധി പേരാണ് പച്ചക്കറി വാങ്ങാനെത്തുന്നത്.
