ആറന്മുള: ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയ്ക്കു തുടക്കമായി. ഇന്നു രാവിലെ ഏഴിന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്.ക്ഷേത്രത്തിന്റെ സ്ട്രോംഗ് റൂമില്‍ നിന്നു പുറത്തെടുത്ത തങ്കഅങ്കി പുലര്‍ച്ചെ അഞ്ചു മുതല്‍ ഏഴുവരെ ദര്ശനത്തിനായിവച്ചു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തര തിരുനാള്‍ ബാലരാമവര്‍മ നടയ്ക്കുവച്ച തങ്ക അങ്കി മണ്ഡലപൂജയ്ക്കു മുന്നോടിയായാണ് ശബരിമലയിലെത്തിക്കുന്നത്.
26ന് ഉച്ചയോടെ പന്പയിലെത്തുന്ന തങ്കഅങ്കി യാത്ര വൈകുന്നേരം സന്നിധാനത്ത് എത്തും. പതിനെട്ടാം പടിക്കുമുകളില്‍ തങ്കഅങ്കി ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി ക്ഷേത്രസോപാനത്തില്‍ എത്തിക്കുകയും അവിടെനിന്ന് ക്ഷേത്രംതന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി 6.30ന് ദീപാരാധന നടത്തും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ നടത്തും.
ശബരിമല ക്ഷേത്ര മാതൃകയില്‍ തയാറാക്കിയ രഥത്തിലാണ്് തങ്കഅങ്കി കൊണ്ടുപോകുന്നത്്. സായുധ പോലീസിന്റെ അകന്പടിയോടെയാണ് യാത്ര.ആറന്മുളയില് നിന്നു നെടുന്പ്രയാര്, കോഴഞ്ചേരി, കാരംവേലി, ഇലന്തൂര്‍, ഇലവുംതിട്ട വഴിയാണ് യാത്ര.മെഴുവേലി, മുട്ടത്തുകോണം, പ്രക്കാനം വഴി രാത്രി എട്ടിന് ഓമല്ലൂര്‍ ക്ഷേത്രത്തില്‍ ഘോഷയാത്ര എത്തും. ഇന്ന് ഓമല്ലൂരിലാണ് വിശ്രമം.
നാളെ ഓമല്ലൂരില്‍ നിന്നു പുറപ്പെട്ട് കൊടുന്തറ, പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കല്‍, കടമ്മനിട്ട, കല്ലേലിമുക്ക്, മൈലപ്ര, കുന്പഴ, വെട്ടൂര്‍, ഇളകൊള്ളൂര്‍ വഴി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെത്തി വിശ്രമിക്കും.25നു രാവിലെ മുരിങ്ങമംഗലം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ചിറ്റൂര്‍, അട്ടച്ചക്കാല്, വെട്ടൂര്‍ ക്ഷേത്രം, മൈലാടുംപാറ, മലയാലപ്പുഴ, മണ്ണാറക്കുളഞ്ഞി, തോട്ടമണ്‍കാവ്, റാന്നി, ഇടക്കുളം,വടശേരിക്കര, മാടമണ്‍ വഴി പെരുനാട് ക്ഷേത്രത്തില്‍ വിശ്രമിക്കും.
26ന് രാവിലെ ഏഴിന് പെരുനാട് ശാസ്താ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ളാഹ സത്രം, പ്ലാപ്പള്ളി, നിലയ്ക്കല്‍ ക്ഷേത്രം വഴി ഉച്ചയ്ക്ക് ചാലക്കയംത്തും 1.30ന് പന്പയിലുമെത്തും.പമ്പയില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയില്‍ എത്തും. ശരംകുത്തിയിലെ ആചാരപരമായ സ്വീകരണത്തിനുശേഷം സന്നിധാനത്തേക്ക് ആനയിക്കും.പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തും.
