ഇതിനും വേണം ഒരു ഭാഗ്യം ; വീട്ടിലിരുന്ന് തൃശൂര്‍ പൂരം കാണുന്ന ഏക വീട്ടുകാരായ തെക്കേമണ്ണത്തു തറവാട്ടുകാരുടെ വിശേഷങ്ങള്‍ ഇങ്ങനെ…

തൃശൂരുകാരുടെ പൊതുവികാരമാണ് തൃശൂര്‍ പൂരം. ആ പൂരം വീട്ടിലിരുന്ന് കാണുന്നത് അസുലഭ ഭാഗ്യം തന്നെയെന്ന് നിസംശയം പറയാം. സ്വരാജ് ഗ്രൗണ്ടിന്റെ തൊട്ടടുത്തുള്ള, നായ്ക്കനാലില്‍ ഗീത മെഡിക്കല്‍സിനോടു ചേര്‍ന്നുള്ള തെക്കേ മണ്ണത്തു തറവാട്ടുകാര്‍ ഒന്നരനൂറ്റാണ്ടായി പൂരം കാണുന്നത് ഇങ്ങനെയാണ്. വീടിന്റെ വാതില്‍ തുറക്കുന്നതു രാജവീഥിയായ സ്വരാജ് റൗണ്ടിലേക്കാണ്.

പൂരം കൊടിയേറിയാല്‍ ജനലക്ഷങ്ങള്‍ വടക്കുന്നാഥന്റെ പ്രദക്ഷിണ വഴിയിലേക്കൊഴുകുമ്പോള്‍ ഈ കുടുംബം വീടിന്റെ ഉമ്മറത്ത് ചാരുകസേര വലിച്ചിട്ട് ഇരുന്നു പൂരം കാണും. സ്വന്തം വീട്ടുമുറ്റത്തിരുന്നു പൂരം കാണാന്‍ ഭാഗ്യമുള്ള ഒരേയൊരു വീട് എന്ന ഖ്യാതിയും തെക്കെമണ്ണത്തു തറവാടിനു സ്വന്തം.

അഞ്ച് തലമുറകള്‍ ഇവിടെയിരുന്നു പൂരം കണ്ടുകഴിഞ്ഞു. ശക്തന്‍ തമ്പുരാന്റെ കാലത്ത് വടക്കുന്നാഥ ക്ഷേത്രത്തിന്റെ പ്രദക്ഷിണ വഴിയിലേക്ക് വാതില്‍ തുറക്കുന്ന ധാരാളം വീടുകള്‍ സ്വരാജ് റൗണ്ടിലുണ്ടായിരുന്നു. നഗരം വളര്‍ന്നപ്പോള്‍ വീടുകളെല്ലാം കച്ചവട സ്ഥാപനങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളുമായി മാറി.

എന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകാതെ സ്വരാജ് റൗണ്ടില്‍ ഇന്നും നിലനില്‍ക്കുന്നത് ഒരേയൊരു വീടുമാത്രം. പഴമയോടും പാരമ്പര്യത്തോടുമുള്ള താല്‍പര്യവും ഓര്‍മകള്‍ നഷ്ടമാവാതിരിക്കാനുള്ള പരിശ്രമവും കാരണമാണ് ഇവ ഇന്നും ഇങ്ങനെ നിലനിര്‍ത്തുന്നതെന്നു തെക്കേ മണ്ണത്തുവീട്ടുകാര്‍ പറയുന്നു.

വടക്കുനാഥ ക്ഷേത്രത്തിലെ വിവിധ ജോലികള്‍ക്കായി വളാഞ്ചേരിക്കടുത്ത അഴുവാഞ്ചേരി ദേശത്തുനിന്ന് കൊണ്ടുവന്ന പത്ത് കുടുംബങ്ങളില്‍പ്പെട്ടതാണ് മണ്ണത്തു വീട്ടുകാര്‍. ഇവരെത്തിയതാവട്ടെ മൂന്നു നൂറ്റാണ്ടു മുമ്പും.

ഹെഡ്മാസ്റ്ററും തിരുവമ്പാടി ദേവസ്വം സെക്രട്ടറിയുമായിരുന്ന എം.എന്‍. മണാളൂരിന്റെ മക്കളും കുടുംബാംഗങ്ങളുമാണ് ഇപ്പോള്‍ ഇവിടത്തെ താമസക്കാര്‍. ഇപ്പോഴത്തെ താമസക്കാരനായ ഗോപാലകൃഷ്ണന്‍ (രാജന്‍) 25 വര്‍ഷമായി തിരുവമ്പാടി ദേവസ്വം മാനേജിങ് കമ്മിറ്റി അംഗമാണ്. ഭാര്യ ജയശ്രീയും കൂടെയുണ്ട്.

75 വര്‍ഷം മുന്‍പ് തിരുവമ്പാടി ദേവസ്വം പ്രസിഡന്റായിരുന്ന ടി.എം. കൃഷ്ണമേനോന്‍, ടി.എം. ഗോവിന്ദമേനോന്‍, ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എസ്. മേനോന്‍, പ്രഫ. എം. മാധവന്‍കുട്ടി എന്നിവര്‍ ഇതേ തറവാട്ടുകാരാണ്.

പഴയ തലമുറകളിലെ ഒട്ടുമിക്ക ആളുകളുടെയും ഫോട്ടോകള്‍ ഇന്നും ഈ വീടിന്റെ ചുമരില്‍ പൂരം ഓര്‍മകളുമായി ചിരിച്ചു നില്‍ക്കുന്നു. പൂരം കൊടിയേറിയാല്‍ വീട്ടിലെ ആണുങ്ങള്‍ കൂടുതലും പൂരം ഒരുക്കങ്ങളിലായിരിക്കും. അതിനാല്‍ വെടിക്കെട്ട് സമയത്തൊന്നും വീട്ടിലുണ്ടാവില്ല. എന്നാല്‍ സ്ത്രീകളാവട്ടെ വീട്ടില്‍ തന്നെ ഇരിക്കും.

തിരുവമ്പാടിയുടെ പൂരം പുറപ്പാടും മഠത്തില്‍ വരവും പഞ്ചവാദ്യത്തിന്റെ കൊട്ടിക്കലാശവും വെടിക്കെട്ടുമെല്ലാം ഉമ്മറത്തിരുന്ന് ആസ്വദിക്കും. ഇടയ്ക്ക് കിട്ടുന്ന ഇടവേളകളില്‍ വീട്ടിലെ പുരുഷന്മാരും വീട്ടിലേക്ക് ഓടിയെത്തും.

ഓരോ പൂരത്തിന്റെ വെടിക്കെട്ടുകളും ഈ തറവാടിന്റെ മേല്‍ക്കൂരയില്‍ പ്രകമ്പനംകൊള്ളിക്കും. ഓടിന്റെ കഷണങ്ങളും പൊടിപടലങ്ങളും തെറിച്ചുവീണ് അലങ്കോലമായ ആ വീട് നേരെ ആക്കിയെടുക്കാന്‍ പിന്നെ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. 1975 ലെ വെടിക്കെട്ട് ദുരന്തത്തിന്റെ ഓര്‍മകള്‍ തെക്കെമണ്ണത്തു തറവാടിന്റെ ചുമരുകളില്‍ ഇപ്പോഴും അടയാളങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ട്.

ഗര്‍ഭിണികളും രോഗികളുമൊക്കെ വെടിക്കെട്ട് നാളില്‍ എങ്ങനെ ഈ വീട്ടില്‍ കഴിയും എന്ന ആശങ്കയ്ക്കും പണ്ട് ഈ വീട് നിര്‍മിക്കുമ്പോള്‍ തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. പ്രത്യേകം മരവും മറ്റും ഉപയോഗിച്ചാണ് തെക്കെ അകം ഇതിനായി ഒരുക്കിയിട്ടുള്ളത്. ശക്തിയായി കതിന പൊട്ടുന്ന ശബ്ദംപോലും ഈ മുറിക്കകത്ത് പൊട്ടാസിന്റെ ശബ്ദം പോലെയേ കേള്‍ക്കൂവെന്ന് വീട്ടുകാര്‍ പറയുന്നു.

പൂരം വെടിക്കെട്ട് സമയത്ത് വീട്ടിലെ ഗര്‍ഭിണികളും രോഗികളും ഈ മുറിയിലേക്ക് മാറുകയാണ് പതിവ്. പൂരക്കാഴ്ചകള്‍ കാണാന്‍ എത്രനാള്‍ തെക്കെമണ്ണത്ത് എന്ന വീട് ഇനിയുണ്ടാവുമെന്ന് ഉറപ്പില്ല. നഗരം വളരുമ്പോള്‍ അതിന്റെ സമ്മര്‍ദ്ദങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ഈ തറവാടിനും കഴിഞ്ഞെന്നു വരില്ല.

എങ്കിലും പഴമകളുടെ ഓര്‍മകളും പ്രൗഢിയുമായി ഈ തറവാട് ഈ നിമിഷം നിലനില്‍ക്കുന്നു എന്നതു തന്നെ വലിയ നേട്ടം. എന്തായാലും അടുത്ത പൂരത്തിന് വീടിന്റെ അവസ്ഥ എന്താകുമെന്നറിയില്ലെങ്കിലും എങ്ങനെയും പഴമ സംരക്ഷിക്കാന്‍ തന്നെയാണ് തറവാട്ടുകാരുടെ ശ്രമം.

Related posts