പകല്‍ മീന്‍ വില്‍ക്കുന്ന ആളുടെ സ്വഭാവം നേരം ഇരുട്ടുന്നതോടെ മാറും ! രണ്ടു വര്‍ഷമായി മോഷണം നടത്തി വന്ന യുവാവ് ഒടുവില്‍ കുടുങ്ങിയതിങ്ങനെ…

കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ രണ്ടു വര്‍ഷമായി നിരവധി മോഷണം നടത്തിയതിന് പിടിയിലായ അന്നശ്ശേരി കൊല്ലോത്തുംകണ്ടിത്താഴം വീട്ടില്‍ സി.കെ.ഷൈജു(39) കോടതി കോടതി റിമാന്‍ഡ് ചെയ്തു. എലത്തൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി.അനിത കുമാരിയുടെയും എസ്‌ഐ വി.ജയപ്രസാദിന്റെയും നേതൃത്വത്തില്‍ തന്ത്രപൂര്‍വമായ നീക്കത്തിലൂടെയാണ് ഷൈജുവിനെ പിടികൂടിയത്. എലത്തൂര്‍, കാക്കൂര്‍, അത്തോളി, ഫറോക്ക്, ബാലുശ്ശേരി, മെഡിക്കല്‍ കോളജ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളിലെ മോഷണത്തെ കുറിച്ചു ഷൈജുവിനെ ചോദ്യം ചെയ്തപ്പോള്‍ വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

രണ്ടു വര്‍ഷമായി മോഷണം നടത്തുന്നുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്.എരഞ്ഞിക്കല്‍ അമ്പലപ്പടി വളുവില്‍ പ്രഭാകരന്റെ അടച്ചിട്ട വീട്ടില്‍ നിന്ന് 20 പവന്റെ ആഭരണം മോഷ്ടിച്ച സംഭവത്തില്‍ സിസിടിവിയില്‍ ഷൈജുവിന്റെ ചിത്രം പതിഞ്ഞിരുന്നു. ഇതുപ്രകാരം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോള്‍ അന്നശ്ശേരിയിലെ കടയില്‍ മത്സ്യക്കച്ചവടം നടത്തുന്നയാളാണ് പ്രതിയെന്നു മനസ്സിലായി.

തുടര്‍ന്നു പൊലീസ് ടീം അന്നശ്ശേരിയിലെ കടയിലെത്തി ഷൈജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കടയിലെ മേശയിലാണ് മോഷണവസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്ന് നാലേകാല്‍ ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. എരഞ്ഞിക്കലില്‍ അടുത്തിടെ നടന്ന മോഷണത്തില്‍ ഷൈജുവിനു പങ്കുണ്ടെന്ന സംശയത്തിലാണ് പൊലീസ്. നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍ ഷൈജുവിനെ ചോദ്യം ചെയ്തു. 2018 മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി 25 പവന്റെ ആഭരണവും പണവും മോഷ്ടിച്ചതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. മുന്‍വശത്തെ വാതില്‍ പൊളിച്ചാണ് ഇയാള്‍ അകത്തു കടക്കുന്നത്.

Related posts