തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പുണ്ടായ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ തിരുവന്പാടി ദേവസ്വത്തിനെതിരേയാണ് ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. രാത്രിപൂരത്തിനു തിരുവന്പാടിയുടെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഏകപക്ഷീയ തീരുമാനങ്ങളാണു തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മഠത്തിൽവരവിനു തൊട്ടുമുന്നിലുള്ള ഘടകപൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപിതല യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലെന്നറിയുന്നു. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണു വിശദീകരണം.
