തച്ചങ്കരി പണി തുടങ്ങി ! പണിയെടുക്കാതെ സംഘടനാ പ്രവര്‍ത്തനത്തിന് ശമ്പളം വാങ്ങിയിരുന്നവര്‍ക്ക് കിട്ടിയത്’കിടിലന്‍ പണി’; അവധിയെടുത്ത് ഗള്‍ഫില്‍ പോയവര്‍ക്കും പണികിട്ടും…

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ശരിയാക്കാന്‍ തച്ചങ്കരി പണി തുടങ്ങി. പണം വാങ്ങി സംഘടനാ പ്രവര്‍ത്തനത്തില്‍ മാത്രം വ്യാപൃതരായിരുന്ന ഇന്‍സ്‌പെക്ടര്‍മാരെ മര്യാദ പഠിപ്പിക്കാനാണ് തച്ചങ്കരിയുടെ തീരുമാനം.പാറശാല മുതല്‍ കാസര്‍ഗോഡ് വരെ മുഴുവന്‍ റൂട്ടുകളിലും ബസുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു പുതിയ എം.ഡി: ടോമിന്‍ ജെ. തച്ചങ്കരിയുടെ ഉത്തരവ്.

ഇതിനൊപ്പം ഗതാഗതത്തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ രാവിലെ 07-11 വരെയും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ രാത്രി എട്ടുവരെയും പോയിന്റ് ഡ്യൂട്ടി ക്രമീകരിച്ച്, കോണ്‍വോയ് ഒഴിവാക്കി പരമാവധി യാത്രക്കാരെ കയറ്റി സര്‍വീസ് കാര്യക്ഷമമാക്കാനും നിര്‍ദേശമുണ്ട്. ഇതുവഴി കെഎസ്ആര്‍ടിസിയുടെ പ്രതിദിനവരുമാനം 10% വര്‍ധിപ്പിച്ച് എട്ടരക്കോടി രൂപയാക്കി ഉയര്‍ത്തുന്ന വിധത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാനാണു ഡിപ്പോ അധികൃതര്‍ക്കു തച്ചങ്കരി നല്‍കിയ നിര്‍ദേശം.

മേഖലാ ഓഫീസര്‍മാര്‍ വിജിലന്‍സ് ഓഫീസറുമായും യൂണിറ്റ് ഓഫീസര്‍മാരുമായും ആലോചിച്ച്, ഇന്‍സ്പെക്ടര്‍മാരെയും ഉള്‍പ്പെടുത്തി ഇന്നത്തെ പരിശോധനാവിവരം എം.ഡിക്കു കൈമാറണം. ചിലയിടങ്ങളില്‍ എം.ഡിയും പരിശോധനയില്‍ പങ്കെടുക്കും. ഡിപ്പോ/ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍മാരും ഓപ്പറേറ്റിങ് സെന്റര്‍ ഐ.സിമാരും സെക്യൂരിറ്റി ഗാര്‍ഡുകളും യൂണിറ്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ യൂണിറ്റുകളോ സമീപത്തെ ബസ് സ്റ്റോപ്പുകളോ കേന്ദ്രീകരിച്ച് കോണ്‍വോയ് ഒഴിവാക്കി, യാത്രക്കാര്‍ക്കു പ്രയോജനപ്രദമായി സര്‍വീസുകള്‍ ക്രമീകരിക്കണം.

സ്റ്റേഷന്‍ മാസ്റ്റര്‍മാര്‍ പുറത്തിറങ്ങി ബസ്ബേകള്‍ കേന്ദ്രീകരിച്ച് വേ ബില്ലില്‍ സമയം രേഖപ്പെടുത്തി നല്‍കുകയും കോണ്‍വോയ് ഒഴിവാക്കുകയും ചെയ്യണം. നടപടികളുടെ ഭാഗമായി ഇന്നുമുതല്‍ 28 വരെ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അവധി അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. തച്ചങ്കരിയുടെ തീരുമാനം നടപ്പായാല്‍, കാലങ്ങളായി പണിയെടുക്കാതെ കോര്‍പറേഷന്‍ ചീഫ് ഓഫീസില്‍ തമ്പടിച്ചിരുന്ന പല ഇന്‍സ്പെക്ടര്‍മാര്‍ക്കു യൂണിഫോം അണിഞ്ഞ് റോഡില്‍ ഇറങ്ങേണ്ടിവരും. കണ്ടക്ടര്‍ തസ്തികയില്‍ നിന്നു സ്ഥാനക്കയറ്റം നേടി ഇന്‍സ്‌പെക്ടര്‍മാരാകുന്ന പലരും കോര്‍പറേഷനു വന്‍ ബാധ്യതയാണ് സൃഷ്ടിക്കുന്ന്. ബോര്‍ഡ് വെഹിക്കിള്‍ സൂപ്പര്‍െവെസര്‍, ഡോക്ക് വെഹിക്കിള്‍ സൂപ്പര്‍െവെസര്‍ എന്നീ അനധികൃത തസ്തികകള്‍ നിര്‍ത്തലാക്കി. ഈ തസ്തികകളിലുണ്ടായിരുന്ന ജീവനക്കാര്‍ മാതൃതസ്തികകളിലേക്കു മടങ്ങണമെന്നാണ് നിര്‍ദ്ദേശം.

കണ്ടക്ടര്‍മാരെ മറ്റു ജോലികള്‍ക്ക് നിയോഗിക്കരുതെന്നും അത്തരം പ്രത്യേക സാഹചര്യങ്ങളില്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയോഗിക്കണമെന്നും തച്ചങ്കരി പറയുന്നു.സ്റ്റേഷന്‍ മാസ്റ്റര്‍മാരുടെ ജോലി ഡ്യൂട്ടി ഇന്‍സ്പെക്ടര്‍ നിര്‍വഹിക്കണം. കേടായ ബസുകള്‍ ഡിപ്പോയിലെത്തിക്കാന്‍ ഡ്രൈവര്‍മാരെ വിടരുത്. പകരം വെഹിക്കിള്‍ സൂപ്പര്‍െവെസറെ അയയ്ക്കണം. റിസര്‍വേഷന്‍, കണ്‍സഷന്‍ കൗണ്ടറുകളില്‍ ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാരെ ഉടന്‍ പിന്‍വലിക്കണം.

കോര്‍പറേഷന്റെ ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാരെയും തിരിച്ചുവിളിക്കാന്‍ ഉത്തരവിട്ടു. വിദേശത്തു പോയവരോടും മെഡിക്കല്‍ അവധിയില്‍ കഴിയുന്നവരോടും സര്‍വീസില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടും. വിദേശത്തു പോയവര്‍ മടങ്ങിവന്നില്ലെങ്കില്‍ പിരിച്ചുവിടും. പ്രതിദിനം ഓരോ ബസും ഒരു ലിറ്റര്‍ ഡീസലെങ്കിലും ലാഭിക്കണം. അറ്റകുറ്റപ്പണിക്കു വര്‍ക്ക് ഷോപ്പ്‌  പ്രവേശിപ്പിക്കപ്പെട്ട ബസുകള്‍ അടിയന്തരമായി നിരത്തിലിറക്കണം. ഒരു ബസ് സര്‍വീസ് നടത്തിയില്ലെങ്കില്‍ 10,000 രൂപയാണു കോര്‍പറേഷനു നഷ്ടം. എന്തായാലും കുറേയേറെ തലകള്‍ ഉരുളുമെന്നുറപ്പാണ്.

 

Related posts