ന്യൂഡൽഹി: ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ രാജ്യത്തേക്കു വിദേശ മൂലധനനിക്ഷേപം വർധിപ്പിക്കാൻ കേന്ദ്രം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ ഇറാൻ യുദ്ധം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണു നീക്കം. വിദേശ പോർട്ട്ഫോളിയോ (എഫ്പിഐ) നിക്ഷേപകർക്ക് സർക്കാർ സെക്യൂരിറ്റികളിലുള്ള ക്യാപിറ്റൽ ഗെയിൻസ് ടാക്സ് പൂർണമായും ഒഴിവാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായി സൂചനകൾ.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇതുസംബന്ധിച്ച ആദായനികുതി നിയമ ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയതായാണ് റിപ്പോർട്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വരും.നിലവിൽ, പന്ത്രണ്ട് മാസത്തിൽ കൂടുതൽ കൈവശം വയ്ക്കുന്ന ബോണ്ടുകൾക്കും ഓഹരികൾക്കും വിദേശ നിക്ഷേപകർ 12.5 ശതമാനം ദീർഘകാല മൂലധന നേട്ട നികുതി നൽകേണ്ടതുണ്ട്. ഇതിനുപുറമെ, സർക്കാർ ബോണ്ടുകളിൽനിന്നു ലഭിക്കുന്ന പലിശയ്ക്ക് ഇരുപതു ശതമാനം വിത്ഹോൾഡിംഗ് ടാക്സും ഈടാക്കുന്നുണ്ട്.
നേരത്തെ, നിക്ഷേപകർക്കു നൽകിയിരുന്ന അഞ്ചു ശതമാനത്തിന്റെ ഇളവ് 2023-ൽ സർക്കാർ നിർത്തലാക്കിയിരുന്നു.ചൈനീസ് വിപണികളിലെ മാറ്റങ്ങളും ആഗോള അനിശ്ചിതത്വങ്ങളും കാരണം ഈ വർഷം മാത്രം വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് 2.5 ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കുന്നതു തടയാൻ നികുതി കുറയ്ക്കണമെന്നു സാമ്പത്തിക മേഖലയിൽനിന്നു ശക്തമായ ആവശ്യമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണു കേന്ദ്രത്തിന്റെ പുതിയ നീക്കം.
