പ്രതിഷേധം ഫലിച്ചു; ടി.പി കേസ് പ്രതികളെ ശിക്ഷാ ഇളവിന് അർഹതയുള്ള പട്ടികയിൽ നിന്നൊഴിവാക്കി; ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിന്‍റെ പേരും ലിസ്റ്റിൽ നിന്ന്  പുറത്തായി

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം ഭയന്ന് ശിക്ഷാ ഇളവിന് അർഹതയുള്ള തടവുകാരുടെ പട്ടികയിൽ നിന്നും ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളെ സർക്കാർ ഒഴിവാക്കി. പുതുക്കിയ പട്ടികയിൽ ടി.പി കേസിൽ ഉൾപ്പെട്ട ആരും പട്ടികയിലില്ല.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെയും ശിക്ഷാ ഇളവിന് അർഹതയുള്ളവരുടെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പട്ടിക പുനർ നിശ്ചയിച്ചപ്പോൾ നിഷാമിനെയും ഒഴിവാക്കിയിട്ടുണ്ട്.

നിഷാമും ടി.പി കേസ് പ്രതികളും ഉൾപ്പടെ 1,850 പേർ ഉൾപ്പെട്ടതായിരുന്നു ആഭ്യന്തരവകുപ്പ് ആദ്യം തയാറാക്കിയ പട്ടിക. പിന്നീട് കടുത്ത പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ പട്ടിക പുതുക്കാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നു. പുതിയ പട്ടികയിൽ 739 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.

പട്ടിക ഉടൻ തന്നെ രാജ്ഭവനിലേക്ക് അയയ്ക്കും. ഗവർണർ പട്ടിക അംഗീകരിച്ചാൽ തടവുകാരുടെ ശിക്ഷ പൂർത്തിയായതായി കണക്കാക്കി ജയിൽ മോചിതരാകും.

Related posts