മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു. മലപ്പുറം ഒതുക്കുങ്ങലിൽ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നു സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്കൂട്ടറിൽ സഞ്ചരിക്കവെ ആയിരുന്നു അപകടം. മദ്യലഹരിയിൽ ആയിരുന്ന കാർ ഡ്രൈവർ സ്കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷറഫുദ്ദീൻ രാത്രി പന്ത്രണ്ടോടെ മരിച്ചു.
സ്വകാര്യ സ്കൂളിൽ താൽകാലിക അധ്യാപകനാണ് ഷറഫുദ്ദീൻ. മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവറെ വേങ്ങര പൊലിസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്ക് എതിരെ നരഹത്യ കുറ്റം ചുമത്തിയിട്ടുണ്ട്.
